മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് അശ്ലീലച്ചുവയുള്ള സന്ദേശം; എന്‍.പ്രശാന്ത് ഐ.എ.എസിനെതിരേ കേസെടുത്തു
കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സന്ദേശമയച്ച സംഭവത്തില്‍ പ്രശാന്ത് നായര്‍ ഐ.എ.എസിനെതിരേ എഫ്.ഐ.ആര്‍. മാതൃഭൂമി റിപ്പോര്‍ട്ടറോടാണ് മോശമായി പെരുമാറിയത്. പത്രപ്രവര്‍ത്തക യൂനിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആഴക്കടല്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വാട്‌സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെ.എസ.്‌ഐ.എന്‍.സി (കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍) എം.ഡിയായ എന്‍ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. മാതൃഭൂമി പത്രത്തിന്റെ കൊച്ചി യൂനിറ്റിലെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് എന്‍ പ്രശാന്ത് അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ അയച്ചത്.
പത്രത്തിലൂടെ ഇത് വാര്‍ത്തയാവുകയും, ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവരികയും ചെയ്തപ്പോള്‍, മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്, എന്‍ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോള്‍ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്‌സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തില്‍ നല്‍കിയ വാര്‍ത്തയില്‍ ലേഖിക പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."