സമാന്തര പരിപാടികള്‍ പാടില്ലെന്ന് തരൂരിനോട് കെ.പി.സി.സി അച്ചടക്ക സമിതി; വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താരിഖ് അന്‍വര്‍ ഇന്ന് കോഴിക്കോട്ട്
കോഴിക്കോട്: സമാന്തര പരിപാടികള്‍ പാടില്ലെന്ന് ശശി തരൂരിന് കെ.പി.സി.സി അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം. ഡി.സി.സിയുടെ അനുമതിയോടെ എന്ത് പരിപാടിയിലും പങ്കെടുക്കാം. ഇക്കാര്യം ബന്ധപ്പെട്ട എല്ലാവരേയും അറിയിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നു തന്നെ പോണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത ഘടനക്കു വിധേയമായി തന്നെ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ശശി തരൂര്‍ വിവാദങ്ങളില്‍ കോഴിക്കോട്ട് ഇന്ന് നിര്‍ണായക കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ട്. തരൂര്‍ വിവാദം സംസ്ഥാന കോണ്‍ഗ്രസിലുണ്ടാക്കിയ തര്‍ക്കം പരിഹരിക്കുന്നതിനായി കോഴിക്കോട്ടെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. അതേസമയം തരൂരിന്റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എം.കെ രാഘവന്‍ എം.പിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശനം വിവാദമായതിന് പിന്നാലെയാണ് താരിഖ് അന്‍വര്‍ കോഴിക്കോട്ടെത്തുന്നത്. ഡി.സി.സി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങിനായാണ് വന്നതെങ്കിലും കെ. സുധാകരന്‍, രമേശ് ചെന്നിത്തല, എം.കെ രാഘവന്‍ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തിയേക്കും. തരൂരിന് വേദിയൊരുക്കുന്നതിനെച്ചൊല്ലി കോട്ടയം യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, തരൂരിന്റെ മലബാര്‍ സന്ദര്‍ശനം വിവാദമാക്കേണ്ടതില്ലെന്നാണ് താരിഖ് അന്‍വര്‍ ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍, പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഡി.സി.സികളുടെയോ ബ്ലോക്ക് കമ്മിറ്റികളുടെയോ അനുമതി വാങ്ങിയാകണമെന്നും അദ്ദേഹം പറഞ്ഞു. പരാതി കിട്ടിയാല്‍ എ.ഐ.സി.സി പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."