ജയം അര്‍ജന്റ്; നെഞ്ചിടിപ്പോടെ അര്‍ജന്റീന ഇന്ന് 'ഫൈനലി'നിറങ്ങും
ദോഹ: മുറിവേറ്റ സിംഹങ്ങള്‍ ഇന്ന് ലുസൈല്‍ സ്‌റ്റേഡിയത്തിലെ പുല്‍കോര്‍ട്ടിലിറങ്ങും. ആദ്യ മല്‍സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിക്ക് ഇരകളായി സഊദി അറേബ്യയോട് തോറ്റ അര്‍ജന്റീനയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ജയത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തി ഒരു പോയിന്റ് സമ്പാദിച്ച മെക്‌സിക്കോയാണ് എതിരാളികള്‍ എന്നതിനാല്‍ മല്‍സരം കനക്കും.
ഗ്രൂപ്പ് സി പോയിന്റ് പട്ടികയിലേക്ക് നോക്കാന്‍ പോലും സമ്പന്നമായ ഫുട്‌ബോള്‍ പാരമ്പര്യമുള്ള അര്‍ജന്റീനയ്ക്കും അവരുടെ ആരാധകര്‍ക്കും സാക്ഷാല്‍ ലയണല്‍ മെസ്സിക്കും കഴിയുന്നില്ല. അതിനുള്ള പക വീട്ടാതെ ഇന്ന് നീലക്കുപ്പായക്കാര്‍ കളത്തില്‍ നിന്ന് കയറില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. എല്ലാത്തിനും ഇന്ന് ഒരു തീരുമാനമാവും. ഗ്രൂപ്പ് സിയില്‍ ഏറ്റവും പിന്നിലാണ് അര്‍ജന്റീന. സഊദിക്ക് പിന്നാലെ പോളണ്ടും മെക്‌സിക്കോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം. വിലപ്പെട്ട മൂന്ന് പോയിന്റ് കീശയിലാക്കി ഒന്നാംസ്ഥാനത്തുള്ള സഊദിക്ക് ഇന്ന് പോളണ്ടിനെ കൊമ്പുകുത്തിക്കാനായാല്‍ നോക്കൗട്ട് റൗണ്ട് ടിക്കറ്റ് ഉറപ്പാക്കാം.
കഴിഞ്ഞ ദിവസം ഇതേ സ്റ്റേഡിയത്തിലാണ് ബ്രസീല്‍ മികച്ച വിജയം നേടിയത് എന്നത് അര്‍ജന്റീന താരങ്ങളെ ആവേശം കൊള്ളിച്ചേക്കും. അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വേര്‍പാടിന്റെ വാര്‍ഷികദിനമായിരുന്നു ഇന്നലെ. ഡീഗോയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുകയും അദ്ദേഹത്തിന്റെ ചേതോഹരമായ കളിനൃത്തച്ചുവടുകളും നീക്കങ്ങളും അനുസ്മരിപ്പിക്കുകയും ചെയ്യുന്ന മെസ്സി, ഡീഗോ സ്മരണയുമായി ഇന്ന് തകര്‍ത്താടിയാല്‍ മെക്‌സിക്കോയ്ക്ക് എന്നല്ല, ഒരു എതിരാളികള്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല. മെക്‌സിക്കോയെ ഗോളില്‍ മുക്കി അര്‍ജന്റീന പ്രതാപം തിരിച്ചുപിടിക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോളണ്ടിനെതിരായ അവസാന മല്‍സരം വരെ കാത്തിരിക്കാന്‍ അവര്‍ ഒരുക്കമല്ല. മെക്‌സിക്കന്‍ തിരമാലകളെ തടഞ്ഞുനിര്‍ത്താന്‍ പറ്റിയ പ്രതിരോധ താരങ്ങള്‍ അവര്‍ക്കുണ്ട്. ആക്രമണം തന്നെയാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് എല്ലാവരേക്കാളും നന്നായി കാണിച്ചുകൊടുത്തിട്ടുള്ളവരാണ് ഡീഗോയുടെ നീലക്കുപ്പായക്കാര്‍.
മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവ ബാറിനു കീഴിലെ വന്‍മതിലാണ്. സഊദി അറേബ്യയുടെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത് ഗോള്‍ കീപ്പര്‍ മുഹമ്മദ് ഉവൈസിന്റെ ഉജ്വല സേവുകളായിരുന്നു. മെകിസിക്കോയുടെ 10 താരങ്ങളെ മാത്രമല്ല, ഒച്ചോവയെ കൂടി മറികടക്കുകയെന്നതാണ് മെസ്സി സംഘത്തിനു മുന്നിലെ വെല്ലുവിളി.
കണക്കുകളുടെ ചരിത്രവും അര്‍ജന്റീനയ്ക്ക് അനുകൂലമാണ്. മെക്‌സിക്കോയുമായി ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും വിജയിച്ചു. ഒരു സമനിലയാണ് മെക്‌സിക്കോയുടെ ആശ്വാസം. തുര്‍ച്ചയായ 36 മല്‍സരങ്ങളില്‍ പരാജയം എന്തെന്നറിയാതെ മുന്നേറിയ ശേഷമാണ് അവര്‍ സഊദിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ് സ്വീകരിക്കുന്നത്. സഊദിയേക്കാള്‍ കരുത്തരാണ് മെക്‌സിക്കോ എന്ന് പറഞ്ഞ് വിരട്ടാന്‍ വരുന്നവര്‍ക്ക് അര്‍ജന്റീന ഇന്ന് മറുപടി നല്‍കുമോയെന്നറിയാന്‍ രാത്രി 12.30വരെ കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."