നോക്കുകൂലി: നേതാക്കളുടെ ഉറപ്പ് വിശ്വസിക്കാനാവില്ല
നോക്കുകൂലിയും മിന്നല്‍ പണിമുടക്കും ഉള്‍പ്പെടെ വ്യവസായരംഗത്ത് നിലവിലുള്ള അരാജക പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് തൊഴിലാളി സംഘടനകള്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് ഉറപ്പുനല്‍കിയിരിക്കുകയാണ്. മുമ്പും തൊഴിലാളി സംഘടനാ നേതാക്കള്‍ ഇതുപോലെ പലതവണ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. നടപ്പിലാകില്ലെന്ന് മാത്രം. വ്യവസായവകുപ്പു മന്ത്രി പി. രാജീവ് വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ഇത്തരമൊരു ഉറപ്പ് സംസ്ഥാന നേതാക്കള്‍ വീണ്ടും സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
നോക്കുകൂലി ആവശ്യപ്പെടുക എന്നത് തൊഴില്‍മാന്യതക്ക് ചേരാത്തതാണെന്ന് തൊഴിലാളി സംഘടനകള്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു എന്നത് നല്ല കാര്യം തന്നെ. കോടതി ഇടപെട്ട് നോക്കുകൂലിക്കെതിരെ കേസെടുക്കുമെന്നു പറഞ്ഞിട്ടുപോലും നോക്കുകൂലി വാങ്ങുന്നതില്‍ നിന്നു തൊഴിലാളിസംഘടനകള്‍ പിന്മാറിയില്ല. നോക്കുകൂലിക്കെതിരെ ജനരോഷം ഉയരുമ്പോള്‍ സംഘടനയുടെ അറിവോടെയല്ല അത്തരം സമ്പ്രദായങ്ങള്‍ തുടരുന്നതെന്ന് പറഞ്ഞു തൊഴിലാളിസംഘടനകളുടെ സംസ്ഥാനനേതാക്കള്‍ ഒഴിയാറാണ് പതിവ്.
മേലനങ്ങാതെ തൊഴിലാളികള്‍ കൂലി വാങ്ങുന്നതിന് എല്ലാ തൊഴിലാളിസംഘടനാ നേതാക്കളും അനുകൂലമാണ്. നോക്കുകൂലിയില്‍ നിന്നൊരു പങ്ക് സംഘടനകള്‍ക്കും കിട്ടുന്നതിനാലായിരിക്കാം ഈ മൗനാനുവാദം തുടര്‍ന്നുപോരുന്നത്. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുക എന്നത് തൊഴിലാളികള്‍ക്ക് തന്നെ അപമാനമാണ്. ചെറിയ ഒരു ചാക്കുകെട്ടിന് സാധാരണക്കാരില്‍നിന്നു പോലും അമിത കൂലി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ സ്വയം കയറ്റിറക്കിന് സന്നദ്ധമായത്. ആളുകള്‍ സ്വയം സാധനങ്ങള്‍ ചുമക്കുന്നതും കയറ്റിറക്ക് നടത്തുന്നതും തങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ് തൊഴിലാളികള്‍ സംഘടനാബലത്തില്‍ തടയുകയായിരുന്നു. പിന്നീടാണ് ഒരു സൗമനസ്യം എന്ന മട്ടില്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മറ്റുള്ളവര്‍ക്കും സ്വയം കയറ്റിറക്ക് നടത്താമെന്നും തങ്ങള്‍ക്ക് നോക്കുകൂലി തന്നാല്‍ മതിയെന്നുമുള്ള തീര്‍ത്തും അപരിഷ്‌കൃതവും ക്രൂരവുമായ നിലപാടില്‍ ചുമട്ടുതൊഴിലാളികള്‍ എത്തിയത്. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും നോക്കുകൂലിയെന്ന പ്രാകൃത ഏര്‍പ്പാട് ഇല്ല. എന്നിട്ടും നോക്കുകൂലി ഉപേക്ഷിക്കാന്‍ കഴിഞ്ഞ ദിവസം വരെ തൊഴിലാളി സംഘടനകള്‍ തയാറായിട്ടില്ല. മന്ത്രിക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മേലില്‍ ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങില്ലെന്ന് തീര്‍ച്ച പറയുവാനും പറ്റില്ല.
കഴിഞ്ഞ ദിവസം തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ചരക്കുകള്‍ക്ക് 10 ലക്ഷം രൂപയാണ് നോക്കുകൂലിയായി അവിടെ തടിച്ചുകൂടിയവര്‍ ആവശ്യപ്പെട്ടത്. അതു നാട്ടുകാരാണ് തടഞ്ഞതെന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നുണ്ടെങ്കിലും തൊഴില്‍രംഗത്ത് ഇത്തരമൊരു അനഭിലഷണീയമാതൃക നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്ത ഉത്തരവാദിത്വത്തില്‍ നിന്നു തൊഴിലാളി സംഘടനകള്‍ക്ക് മാറിനില്‍ക്കാനാകുമോ?
ഒരു സ്ഥലത്തെ തൊഴില്‍ ആ പ്രദേശത്തെ തൊഴിലാളികളുടെ അവകാശമാണെന്നും അന്യര്‍ ആ ജോലി ചെയ്യുന്നുവെങ്കില്‍ തങ്ങള്‍ക്ക് നഷ്ടമായ ജോലിയുടെ വേതനം നല്‍കണമെന്നുമാണ് നോക്കുകൂലിയുടെ അടിസ്ഥാനമായി ചുമട്ടുതൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഇതിന് നിയമപരമായി യാതൊരു സാധുതയും ഇല്ല. ചുമട്ടുതൊഴിലാളികളുടെ ന്യായീകരണം ഇത് അവര്‍ക്കുള്ള നഷ്ടപരിഹാരമാണെന്നാണ്. എന്നാല്‍ ഉടമയുടെ നടുവൊടിച്ചുകൊണ്ടുള്ള നഷ്ടപരിഹാരം ഈടാക്കല്‍ കേരളത്തില്‍ മാത്രമേ നടക്കൂ.
ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ തൊഴിലാളി യൂനിയനുകളും നോക്കുകൂലി വാങ്ങുന്നതില്‍ ഒറ്റക്കെട്ടാണ്. നിയമവിരുദ്ധമായ നോക്കുകൂലിസമ്പ്രദായം അവസാനിപ്പിക്കാന്‍ തൊഴില്‍വകുപ്പ് പല നടപടികളും സ്വീകരിച്ചുവെങ്കിലും യൂനിയന്‍ മതിലുകളില്‍ തട്ടി അതെല്ലാം തകര്‍ന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് ഹൈക്കോടതിയില്‍നിന്നു വരെ ഇടപെടലുകളുണ്ടായി. എന്നിട്ടും തൊഴിലാളികളോ അവരുടെ സംഘടനകളോ കുലുങ്ങിയില്ല. 2018 മേയ് ഒന്നിന് പിണറായി സര്‍ക്കാര്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2018 മാര്‍ച്ച് എട്ടിന് തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നോക്കുകൂലിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതും തൊഴിലാളികളും സംഘടനാ നേതാക്കളും ലംഘിച്ചുപോരുകയായിരുന്നു. അതാണല്ലോ കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നു മനസിലാക്കേണ്ടത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ നോക്കുകൂലി നിരോധനം നടപ്പിലായിരുന്നുവെങ്കില്‍ അന്നുപറഞ്ഞ അതേ ന്യായം വീണ്ടും നിരത്തി മന്ത്രി പി. രാജീവിന് സംസാരിക്കേണ്ടി വരുമായിരുന്നോ? ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടായിരുന്നു 2018ല്‍ നോക്കുകൂലി നിരോധിച്ചത്. എന്നിട്ട് തൊഴിലാളികള്‍ നോക്കുകൂലി വാങ്ങുന്നത് അവസാനിപ്പിച്ചോ? മെച്ചപ്പെട്ട തൊഴില്‍സംസ്‌കാരം പ്രാവര്‍ത്തികമായോ? നിയമം നടപ്പിലായിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം മന്ത്രി പി. രാജീവിന് വീണ്ടും തൊഴിലാളി സംഘടനാ നേതാക്കളെ വിളിച്ചുകൂട്ടി നോക്കുകൂലിയും അമിതകൂലിയും മേലില്‍ ഈടാക്കുകയില്ലെന്ന മറ്റൊരു 'ഉറപ്പ്' അവരില്‍ നിന്നു വാങ്ങേണ്ടതുണ്ടായിരുന്നോ? ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ചര്‍ച്ചകളിലെ കാര്യങ്ങള്‍ തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാരിലെ വ്യവസായമന്ത്രി പി. രാജീവും തൊഴിലാളിസംഘടനാ നേതാക്കളുടെ മുമ്പില്‍ കഴിഞ്ഞ ദിവസം നിരത്തിയത്.
വ്യവസായ വളര്‍ച്ച തടയുന്നതിനു കാരണമാകുന്ന നോക്കുകൂലിയും അമിതകൂലിയും മിന്നല്‍ പണിമുടക്കും അനുവദിക്കാനാവില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞപ്പോള്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ അതെല്ലാം തലകുലുക്കി സമ്മതിക്കുകയും ചെയ്തു. ഇതേ തലകുലുക്കല്‍ 2018 മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും തൊഴിലാളി സംഘടനാ നേതാക്കള്‍ നടത്തിയിരുന്നു. എന്നിട്ട് നോക്കുകൂലിയും അമിതകൂലി ഈടാക്കലും മിന്നല്‍ പണിമുടക്കും അവസാനിച്ചോ? മന്ത്രി പി. രാജീവിന്റെ മുമ്പില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം, നോക്കുകൂലി അനുവദിക്കാനാവില്ലെന്ന് കട്ടായം പറഞ്ഞത്, വാപൊളിച്ച് അത്ഭുതപരതന്ത്രരായിട്ടാകും പൊതുസമൂഹം ശ്രവിച്ചിട്ടുണ്ടാവുക.
നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഭേദഗതിയും വരുത്തിയിരുന്നു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒമ്പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളായിരുന്നു അന്ന് ഭേദഗതി ചെയ്തത്. ഈ ഭേദഗതി ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു. അപ്പോള്‍ നിലവില്‍ സംസ്ഥാനത്ത് നോക്കുകൂലിക്കെതിരെ നിയമം ഉണ്ട്. ആരെങ്കിലും നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് അന്ന് നിയമസഭയില്‍ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയതുമാണ്. എന്നിട്ട് ഏതെങ്കിലും തൊഴിലാളിക്കെതിരേ നോക്കുകൂലി വാങ്ങിയതിന് പിണറായി സര്‍ക്കാര്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തോ? നോക്കുകൂലിയും അമിതകൂലിയും സംസ്ഥാനത്ത് കടലെടുത്തു പോയിരുന്നെങ്കില്‍ വീണ്ടും മന്ത്രി പി. രാജീവിന് തൊഴിലാളി സംഘടനാ നേതാക്കളില്‍ നിന്നു നോക്കുകൂലി വാങ്ങില്ല, അമിതകൂലി വാങ്ങില്ല, മിന്നല്‍ പണിമുടക്ക് നടത്തില്ല എന്നിത്യാദി വിഷയങ്ങളില്‍ തനിയാവര്‍ത്തന 'ഉറപ്പ്' വാങ്ങേണ്ടി വരുമായിരുന്നില്ല. ഇടതുമുന്നണി സര്‍ക്കാര്‍ നോക്കുകൂലിക്കെതിരേ നിയമം കൊണ്ടുവന്നിട്ടും കേസെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കുലുങ്ങാത്ത തൊഴിലാളി സംഘടനകള്‍, മന്ത്രി പി. രാജീവിന് നല്‍കിയ ഉറപ്പും പതിവായി നല്‍കിപ്പോരുന്ന 'ഉറപ്പുകള്‍'ക്കപ്പുറമല്ലെന്ന് എങ്ങനെ വിശ്വസിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."