വീട്ടമ്മയെ വെട്ടിവീഴ്ത്തി തീകൊളുത്തിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍
ചെറുതോണി: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണി(62)യെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ വെട്ടിയാങ്കല്‍ സജി എന്ന തോമസിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കമ്പത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലിസിനോട് സമ്മതിച്ചത്.
മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ചിന്നമ്മയെ വാക്കത്തി കൊണ്ട് വെട്ടിയതെന്നും പിന്നീട് അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ചിന്നമ്മയുടെ മൃതദേഹം അടുക്കളയില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകള്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടത്.
ആദ്യനോട്ടത്തില്‍ത്തന്നെ സംഭവം അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളില്‍ പലഭാഗത്തും രക്തക്കറകള്‍ കണ്ടെത്തി. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ഏഴുപവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായതും കൊലപാതകമാണെന്ന സംശയത്തിന് ആക്കംകൂട്ടി. കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അതിഥിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ ലൊക്കേഷനും ഫോണ്‍ വിളികളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചതാണെന്നും പ്രതി സമ്മതിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."