സഹ. ബാങ്കുകളിലെ ക്രമക്കേട് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
ബാസിത് ഹസന്‍
തൊടുപുഴ: കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളിലെ ക്രമക്കേട് തടയാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണ ബാങ്ക് സൊസൈറ്റി ബ്രാഞ്ചുകളിലടക്കം ജീവനക്കാര്‍ ഒരു സെക്ഷനില്‍ രണ്ടുവര്‍ഷത്തിലധികം തുടരാന്‍ അനുവദിക്കില്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി നൂഹ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കംപ്യൂട്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പാസ്‌വേഡ് മാറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സോഫ്റ്റ്‌വെയറുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഭരണസമിതി ഉറപ്പുവരുത്തണം. സുരക്ഷാ ഓഡിറ്റ് അംഗീകൃത ഏജന്‍സി മുഖേന പൂര്‍ത്തിയാക്കണം.
ഇന്റേണല്‍ ഓഡിറ്റര്‍ തസ്തിക നിലവിലുള്ള സഹകരണ സംഘങ്ങളില്‍ ആ ഉദ്യോഗസ്ഥന്‍ ശാഖകളുള്‍പ്പെടെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം പരിശോധിച്ച് ഭരണസമിതിക്ക് എല്ലാ മാസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇന്റേണല്‍ ഓഡിറ്റര്‍ തസ്തിക നിലവിലില്ലാത്ത സംഘങ്ങളില്‍ സെക്രട്ടറി പരിശോധന നടത്തി റിപ്പോര്‍ട്ട് ഭരണസമിതിക്ക് സമര്‍പ്പിക്കണം. എല്ലാ സഹകരണ ബാങ്കുകളിലെയും തസ്തികകളുടെ ചുമതലാനിര്‍വഹണം സംബന്ധിച്ച സബ്‌റൂള്‍ വ്യവസ്ഥകള്‍ ജീവനക്കാര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംഘം ഭരണസമിതി ഉറപ്പുവരുത്തേണ്ടതാണെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."