മസ്ഊദ് തുര്‍ക്കിയിലേക്കു രക്ഷപ്പെട്ടു
കാബൂള്‍: പഞ്ചശിര്‍ പ്രവിശ്യ പൂര്‍ണമായും താലിബാന്റെ കീഴിലായതോടെ താലിബാന് വിരുദ്ധ സേനാ മേധാവി അഹ്മദ് മസ്ഊദ് തുര്‍ക്കിയിലേക്കു രക്ഷപ്പെട്ടു.
വടക്കന്‍ സഖ്യ സേനയുടെ മറ്റൊരു നേതാവായ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് താജിക്കിസ്ഥാനിലേക്കു രക്ഷപ്പെട്ടിരുന്നു. വിമത സേനയിലെ കമാന്‍ഡര്‍മാരുള്‍പ്പെടെ നിരവധി പേരെ താലിബാന് വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇതില്‍ അഹ്മദ് മസ്ഊദിന്റെ വലംകൈ ജനറല്‍ അബ്ദുല്‍ വദൂദ് സാറയും ഉള്‍പ്പെടും. അവരുടെ വക്താവായ ഫഹീം ദഷ്തിയും കൊല്ലപ്പെട്ടിരുന്നു. താലിബാന് സര്‍ക്കാരില്‍ ഇടംനേടുമെന്നു കരുതപ്പെടുന്ന അഫ്ഗാന് നേതാവ് അബ്ദുല്ല അബ്ദുല്ലയുടെ സഹോദരീ പുത്രനാണ് ഫഹീം.
ട്വിറ്ററിലൂടെ താലിബാനെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത മസ്ഊദ് താന്‍ സുരക്ഷിതനാണെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ പഞ്ചശിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ അവിടെ നിന്ന് അദ്ദേഹം ഓണ്‍ലൈനില്‍ പോസ്റ്റുകളിടുന്നതെങ്ങനെയെന്നു ചോദിച്ച താലിബാന് വക്താവ് താരീഖ് ഗസ്നിവാലാണ് മസ്ഊദ് തുര്‍ക്കിയിലാണെന്ന് വ്യക്തമാക്കിയത്. കീഴടങ്ങാന്‍ 15 ദിവസം നല്‍കിയിട്ടും മസ്ഊദിന്റെ സേന അതിനു തയാറാകാതിരുന്നതിനാലാണ് പഞ്ചശിര്‍ സൈനിക നടപടിയിലൂടെ കീഴടക്കിയതെന്നും ഗസ്നിവാല് വിശദീകരിച്ചു.
പഞ്ചശിര്‍ പ്രവിശ്യാ തലസ്ഥാനമായ ബസാറകില് താലിബാന്റെ പതാക പറക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തന്ത്രപരമായി പിന്‍വാങ്ങിയതാണെന്ന് താലിബാന് വിരുദ്ധ സേന അറിയിച്ച സാഹചര്യത്തില്‍ പഞ്ചശിറില്‍ താലിബാന് പട്രോളിങ് ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."