ഇതാണ് നമ്മുടെ കോഴിക്കോട്
ഇതാണ് നമ്മുടെ കോഴിക്കോട്
കെ. ബാബുരാജ്
പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ യൂറോപ്പില്‍നിന്ന് കോഴിക്കോട്ടെത്തിയ വിദേശ സഞ്ചാരികളായ ബാര്‍ബോസയും പൈറാഡ് ഡാ ലവാളും അന്നത്തെ കോഴിക്കോടിനെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: 'കോഴിക്കോട് പോലെ സാര്‍വത്രികമായ സമാധാനം കളിയാടുന്ന ഒരു പ്രദേശവും ഈ ഭൂഖണ്ഡത്തിലില്ല. നാടിന്റെ സൗന്ദര്യവും ഫലപുഷ്ടിയും കൂടാതെ തന്താങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ സ്വതന്ത്രമായി പാലിക്കുന്ന എല്ലാ വര്‍ഗക്കാരുമായുള്ള സമ്പര്‍ക്കം ഇതിനു കാരണമാണ്. ഒരേ വീട്ടില്‍തന്നെ പല മതക്കാരായ ആളുകള്‍ ഇവിടെ ഒന്നിച്ചുതാമസിക്കുന്നു'.
സാമൂതിരിമാര്‍ ഭരിച്ച അന്നത്തെ കോഴിക്കോട് ലോക ചരിത്രത്തില്‍ ഇടം പിടിച്ചത് ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ അധിനിവേശത്തിന്റെ കവാടം എന്ന നിലയ്ക്കായിരുന്നു. 1498ല്‍ വാസ്‌കോഡഗാമ കാപ്പാട് കടപ്പുറത്തു കപ്പല്‍ ഇറങ്ങിയത് ചരിത്രത്തെ മാറ്റിക്കുറിച്ച ഒന്നാണ്. ഇന്ത്യയില്‍ കൊളോണിയല്‍ ഭരണത്തിന് നാന്ദി കുറിക്കാന്‍ അത് കാരണമായി.
അന്നത്തെ കോഴിക്കോട്, രാജ്യം നൂറ്റാണ്ടുകള്‍ കടന്ന് ഇന്നൊരു ജില്ലയായി മാറിയിട്ടും സാമൂഹികവും സാംസ്‌കാരികവുമായ അതിന്റെ പാരമ്പര്യം പോറലേല്‍ക്കാതെ നിലനിന്നുപോരുന്നുണ്ട്. കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യനഗര പദവി ലഭിക്കുന്നതിലൂടെ ആദരിക്കപ്പെടുന്നത് ആ നാടിന്റെ നന്മയാണ്. സമ്പന്നമായ സാംസ്‌കാരിക പൈതൃകമാണ്.
സാഹിത്യവും കലയും സിനിമയും സംഗീതവും നാടകവും ഫുട്‌ബോളും ഭക്ഷണവും ആതിഥ്യമര്യാദയുമെക്കെ ഇഴുകിച്ചേര്‍ന്ന മഹത്തായ പാരമ്പര്യമാണ് കോഴിക്കോടിന്റേത്. ജോലിക്കും ബിസിനസിനും മറ്റുമായി കോഴിക്കോട്ടേക്ക് കുടിയേറുന്ന ഒരാളും തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്തത് ഈ മണ്ണിന്റെ സവിശേഷത കൊണ്ടാണ്. ഇവിടുത്തെ മനുഷ്യരുടെ അതിരുകളില്ലാത്ത സൗഹൃദം കൊണ്ടാണ്.
സത്യത്തിന്റെ തുറമുഖം എന്നാണല്ലോ കോഴിക്കോടിനെ വിശേഷിപ്പിക്കാറ്. ഇതിന്റെ പിന്നിലും ഒരു കഥയുണ്ട്. സാമൂതിരിയുടെ ഭരണകാലത്താണ് കഥ നടക്കുന്നത്. കച്ചവട സാധ്യത തേടിവന്ന ഒരു അറബി മലബാര്‍ തീരത്തെ നാട്ടുരാജാക്കന്മാരെ കണ്ടു ഓരോ ഭരണി വീതം സൂക്ഷിക്കാന്‍ ഏല്‍പിച്ചു നാട്ടിലേക്കു മടങ്ങി. ഭരണിയില്‍ അച്ചാര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. കുറേക്കഴിഞ്ഞു തിരിച്ചുവന്നു രാജാക്കന്മാരെ കണ്ടു ഭരണി മടക്കിവാങ്ങി. തുറന്നുനോക്കിയപ്പോള്‍ എല്ലാത്തിലും അച്ചാര്‍ ഉണ്ട്. എന്നാല്‍ സാമൂതിരിയെ ഏല്‍പിച്ച ഭരണിയില്‍ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അറബി സാമൂതിരിയോട് പറഞ്ഞു. എല്ലാവര്‍ക്കും സ്വര്‍ണമുള്ള ഭരണിയാണ് കൊടുത്തത്. അവരെല്ലാം അച്ചാര്‍ അടങ്ങിയ ഭരണി തിരിച്ചുതന്നു. ഭരണി തുറന്നുനോക്കാതെ തിരിച്ചുതന്നതു അങ്ങ് മാത്രമാണ്. സത്യത്തിന്റെ ഈ തുറമുഖത്തു കച്ചവടം ചെയ്യാന്‍ എനിക്ക് അനുവാദം നല്‍കണം. ഈ കഥ സാങ്കല്‍പികം ആയേക്കാം. എന്നാല്‍ സാമൂതിരിയുടെ സത്യസന്ധതയുടെ മിന്നലാട്ടം ഇന്നും കോഴിക്കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ കാണാം. സാമൂതിരിയുടെ കാലത്തു കോഴിക്കോട്ട് ഒരു വിദേശക്കപ്പല്‍ അടുത്താല്‍ അതിലെ കച്ചവടക്കാര്‍ക്ക് തെല്ലും സുരക്ഷാ ഭീതി ഉണ്ടായിരുന്നില്ല. അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനും ന്യായമായ ലാഭം ഉണ്ടാക്കി തിരിച്ചുപോകാനും അവര്‍ക്കു കഴിഞ്ഞിരുന്നു. ആര്‍ക്കും അവരെ കൊള്ളയടിക്കാനോ ഉപദ്രവിക്കാനോ കഴിഞ്ഞിരുന്നില്ല. അവരുടെ ലാഭത്തില്‍നിന്ന് ഒരു വിഹിതം നിയമപ്രകാരം സാമൂതിരിക്കും ലഭിച്ചിരുന്നു.
മഹത്തായ സാഹിത്യ പാരമ്പര്യത്തിന്റെ അവകാശിയാണ് കോഴിക്കോട്. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റെക്കാട്ട്, ഉറൂബ്, തിക്കോടിയന്‍, ആര്‍. രാമചന്ദ്രന്‍ തുടങ്ങി കാലയവനികയില്‍ മറഞ്ഞ നിരവധി പേര്‍. കോഴിക്കോടിന്റെ അനുഗ്രഹമായ എം.ടി വാസുദേവന്‍ നായര്‍ എന്ന മഹാപ്രതിഭ നമ്മുടെ അഭിമാനമായി ഈ നഗരത്തിലുണ്ട്. പി. വത്സല, കെ.പി രാമനുണ്ണി, വി.ആര്‍ സുധീഷ്, സുഭാഷ് ചന്ദ്രന്‍, പി.കെ പാറക്കടവ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ.പി സുധീര തുടങ്ങി എഴുത്തുകാരുടെ നീണ്ടനിര. കാലയവനികയില്‍ മറഞ്ഞ സഞ്!ജയന്‍, കുഞ്ഞുണ്ണി മാഷ്, അക്ബര്‍ കക്കട്ടില്‍, ടി.വി കൊച്ചുബാവ തുടങ്ങിയവര്‍. നാടകാചാര്യന്‍ ആയിരുന്ന കെ.ടി മുഹമ്മദ്, പി.എം താജ്, വാസു പ്രദീപ്, എ.കെ പുതിയങ്ങാടി തുടങ്ങിയവര്‍. ഇബ്രാഹിം വെങ്ങര, ജയപ്രകാശ് കുളൂര്‍ തുടങ്ങി നാടകത്തില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തിയവര്‍ നമ്മോടൊപ്പമുണ്ട്. എം.എസ് ബാബുരാജിനെ പോലെ സംഗീതം എന്ന മഹാസാഗരത്തില്‍ നീന്തിത്തുടിച്ചയാള്‍. കോഴിക്കോട് അബ്ദുല്‍ ഖാദര്‍ എന്ന സംഗീതപ്രതിഭ. മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കാലയവനികയില്‍ മറഞ്ഞ കെ.പി ഉമ്മര്‍, ബാലന്‍ കെ. നായര്‍, കുഞ്ഞാണ്ടി, മാമുക്കോയ, ശാന്താദേവി, അഗസ്റ്റിന്‍… മലയാള സിനിമയില്‍ മാത്രമല്ല, പൊതുസമൂഹത്തിലും ധീരമായ അഭിപ്രായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു, സുധീഷ്, ദേശീയ ബഹുമതി നേടിയ നടി സുരഭി ലക്ഷ്മി. ഇങ്ങനെ പോകുന്നു ഈ പട്ടിക. കോഴിക്കോടിന്റെ സാഹിത്യ സംഗീത നാടക സിനിമാ പാരമ്പര്യത്തിന്റെ ഊര്‍ജവും കരുത്തും ഇവരെല്ലാം ചേര്‍ന്നു സമ്മാനിച്ചതാണ്.
മഹത്തായ മത സൗഹാര്‍ദത്തിന്റെ പ്രതീകം കൂടിയാണ് കോഴിക്കോട്. ഒരു മാറാടിനും അത് തകര്‍ക്കാന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല. വര്‍ഗീയശക്തികള്‍ നാടിന്റെ സമാധാനം കെടുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ കോഴിക്കോട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അറബിക്കടലിന്റെ തീരത്തെ ഈ നാട് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."