ബി.എസ്.സി നഴ്‌സിങ് ക്ലാസുകള്‍ ആരംഭിച്ചു
ബി.എസ്.സി നഴ്‌സിങ് ക്ലാസുകള്‍ ആരംഭിച്ചു
തിരുവനന്തപുരം• സംസ്ഥാനത്ത് ബി.എസ്.സി നഴ്‌സിങ് ക്ലാസുകള്‍ ആരംഭിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിങ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്‌സിംഗ് കോളജുകള്‍ക്കായി 79 തസ്തികകളും സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍കോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിങ് കോളജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി കാംപസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ്, താനൂര്‍ എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിങ് കോളജുകളും ആരംഭിച്ചു.
ഈ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ വര്‍ധിപ്പിച്ചതോടെ ആകെ സീറ്റുകള്‍ 1090 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഇതുകൂടാതെ സിമെറ്റ് 660, സീപാസ് 260, കെയ്പ് 50 എന്നിങ്ങനെ സീറ്റുകള്‍ ഉയര്‍ത്താനായി. ഇതോടെ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത മേഖലകളിലേക്ക് മെറിറ്റ് സീറ്റ് 5627 ആയി ഉയര്‍ത്താന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."