വിലക്കു ലംഘിച്ച് ബോട്ടുകളുടെ മീന്‍പിടുത്തം കടലോര ജാഗ്രതാസമിതികള്‍ നിര്‍ജീവം
മഞ്ചേശ്വരം: വിലക്കുകള്‍ ലംഘിച്ച് അന്യസംസ്ഥാനങ്ങളിലെയും തദ്ദേശീയരുടെയും ബോട്ടുകള്‍ കടലില്‍ മീന്‍പിടുത്തം നടത്തുന്നത് കടലില്‍ സംഘര്‍ഷമുണ്ടാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളും തമ്മിലാണ് സംഘര്‍ഷം പതിവായിരിക്കുന്നത്.
വിലക്കു ലംഘിച്ച് കടല്‍ തീരത്തോട് ചേര്‍ന്നു ബോട്ടുകള്‍ മീന്‍പിടിക്കുന്നതാണ് സംഘര്‍ഷമുണ്ടാക്കുന്നത്. വിലക്കു ലംഘിച്ച് മത്സ്യബന്ധന ബോട്ടുകള്‍ മീന്‍പിടിക്കുന്നത് തടയാന്‍ തീരദേശ പൊലിസ് ശ്രമിക്കുന്നില്ലെന്ന പരാതിയും മത്സ്യതൊഴിലാളികള്‍ ഉന്നയിക്കുന്നു.
തീരത്തു നിന്നും 250 മീറ്റര്‍ പരിധിയില്‍ ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ പ്രജനനകാലം കഴിഞ്ഞതോടെ ഈ മേഖലയില്‍ ചെറുമീനുകളടക്കം ഉണ്ട്. ഈ മത്സ്യങ്ങളെ വന്‍ തോതില്‍ കോരിയെടുക്കുന്ന രീതിയിലാണ് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത്.
ഇതു തടയുന്നതിന് തോണികളില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ശ്രമിക്കുന്നതോടെയാണ് കടലില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. ചെറുമീനുകളെയടക്കം കോരിയെടുക്കുന്നതിനുള്ള നിരോധിത വലകള്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നതായും മത്സ്യതൊഴിലാളികള്‍ പറയുന്നു.
കാസര്‍കോടു മുതല്‍ വലിയപറമ്പ് വരെയുള്ള കടല്‍തീരത്താണ് വന്‍കിട മത്സ്യബന്ധന ബോട്ടുകള്‍ വിലക്കുലംഘിച്ച് മത്സ്യബന്ധനം നടത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നത്.
ഇത്തരം പ്രശ്‌നങ്ങള്‍ യഥാസമയം പൊലിസിനെ അറിയിക്കാന്‍ ഓരോ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലും കടലോര ജാഗ്രതാ സമിതികള്‍ ഉണ്ടെങ്കിലും അവയെല്ലാം നോക്കുകുത്തിയായിരിക്കുന്നു. ജാഗ്രതാസമിതികള്‍ പല പൊലിസ് സ്റ്റേഷനുകളിലും കടലോര സമിതികള്‍ ചേരുന്നത് കടലാസില്‍ മാത്രമാണ്. കടലോര സമിതി അംഗങ്ങള്‍ക്കുള്ള മൊബൈല്‍ റീചാര്‍ജ്ജിനുള്ള പണവും യാത്രാപ്പടിയും നല്‍കുന്ന സമയത്ത് സമിതികള്‍ ചേര്‍ന്നതായി രേഖയുണ്ടാക്കുകയാണ് പല പൊലിസ് സ്റ്റേഷനുകളിലും നടക്കുന്നത്.
കടലോര ജാഗ്രതാ സമിതികള്‍ക്കായി ജില്ലയില്‍ പ്രതിമാസം ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് കടലിലെ സംഘര്‍ഷം പോലും അറിയാതെ തീരദേശ പൊലിസ് പ്രവര്‍ത്തിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കും കടലോരത്തിനും ഗുണകരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കടലോര സമിതികള്‍ പുനസംഘടിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."