ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ ഇ.ഡിക്കു മുന്നില്‍ ഇന്ന് ഹാജരാകില്ല
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ ഇ.ഡിക്കു മുന്നില്‍ ഇന്ന് ഹാജരാകില്ല
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിനായുള്ള ഇ.ഡി നോട്ടിസ് നിയമ വിരുദ്ധമാണെന്നും നോട്ടിസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടും കെജ്‌രിവാള്‍ ഇ.ഡിക്ക് കത്ത് നല്‍കിയിരുന്നു.
ഇ.ഡി നോട്ടിസ് നിയമവിരുദ്ധമാണ്. രാഷ്ട്രീയ പ്രേരിതമാണ്. അത് ബി.ജെ.പിയുടെ നിര്‍ദ്ദേശപ്രകാരം അയച്ചതാണ് കെജ്‌രിവാള്‍ കത്തില്‍ പറയുന്നു. നാല് സംസ്ഥാനങ്ങളില്‍ താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നില്ലെന്ന് ഉറപ്പാക്കാനാണ് നോട്ടിസ് നല്‍കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ബി.ജെ.പി നീക്കമെന്ന് ആംആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു.
അതിനിടെ ഡല്‍ഹി മന്ത്രി രാജ് കുമാര്‍ ആനന്ദിന്റെ ഡല്‍ഹി സിവില്‍ ലൈനിലെ വസതിയില്‍ ഇഡി പരിശോധന നടത്തുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം നിഷേധിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് കെജ്‌രിവാളിനെ ഇ.ഡി വിളിപ്പിച്ചത്. സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക സ്ഥിരീകരണം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇ.ഡി നടപടികളുമായി മുന്നോട്ട് പോകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിനകം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ മനീഷ് സിസോദിയ,സ്വകാര്യ മദ്യ കമ്പനികള്‍ക്ക് അനുകൂലമായ നയം രൂപീകരിച്ചു എന്ന് ആണ് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നത് എന്നാണ് ഇപ്പോള്‍ ഏജന്‍സികള്‍ ആരോപിക്കുന്നത്.
തലസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ വിളിച്ച സാഹചര്യത്തിലാണിത്. കെജ്‌രിവാളിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാന്‍ ഇ.ഡി ഒരുങ്ങുന്നതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആപിനെ തകര്‍ക്കാന്‍ ഇ.ഡിയെ ചട്ടുകമാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."