കാസിരംഗയിലെ കണ്ടാമൃഗങ്ങൾ
യാത്ര
ശിഹാബ് ഒഴുകൂർ
വിനോദം, സംസ്കാരം, ചരിത്രം, സാഹസികത... ഇന്ത്യൻ ഭൂപടത്തിൽ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സ്ഥാനം ഇവകൊണ്ട് അടയാളപ്പെടുത്തപ്പെടുന്നു. ഉള്ളിന്റെയുള്ളിൽ സുഖനിദ്രയിലാണ്ടു കിടക്കുന്ന സ്വപ്നമായിരുന്നു സപ്തസഹോദരി സംസ്ഥാനങ്ങളെന്നു വിളിക്കപ്പെടുന്ന, കുപ്പി കഴുത്തുപോലെ തോന്നിക്കുന്ന, സിലിഗുരി സ്ട്രെച്ച് എന്ന ഭൂഭാഗംവഴി മാത്രം പ്രവേശിക്കാൻ സാധിക്കുന്ന നോർത്ത് ഈസ്റ്റിലേക്കുള്ള യാത്ര. അപ്രതീക്ഷിതമായാണ് ഡ്യൂട്ടിയുടെ ഭാഗമായി അസമിലേക്ക് യാത്രപോകാൻ അവസരം വന്നുചേരുന്നത്. അസമിൽനിന്ന് വഴിതെറ്റി കേരളത്തിലെത്തിയ മൂന്നുപേരെ അവരുടെ നാടായ ജോർഹട്ട് എന്ന സ്ഥലത്തേക്ക് എത്തിക്കുകയെന്ന ദൗത്യം, കൂടെ നാലു സഹപ്രവർത്തകരും. എല്ലാവരും യാത്രകളെ സ്നേഹിക്കുന്നവർ.
രണ്ടു ദിവസത്തെ ട്രെയിൻ യാത്രയ്ക്കു ശേഷം ലക്ഷ്യസ്ഥലമായ ജോർഹട്ടിൽ കാലുകുത്തി. നേരത്തെതന്നെ പരിചയമുള്ള അസമീസ് മലയാളി കവി ബിപുൽ റേഗനെ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏക നദീജന്യദ്വീപായ മജൂലിയാണ് അദ്ദേഹത്തിന്റെ നാടെങ്കിലും ജോർഹട്ടിലായിരുന്നു ജോലിചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം എളുപ്പമാവുകയും ചെയ്തു. ഞങ്ങൾ ആഗ്രഹിച്ച, ഞങ്ങൾക്കു വേണ്ട എല്ലാ സഹായ സൗകര്യങ്ങളും അദ്ദേഹം അവിടെ ഒരുക്കിയിരുന്നു. അന്നുതന്നെ വഴിതെറ്റി കേരളത്തിലെത്തിയ മൂന്നുപേരെയും ശിശുക്ഷേമ സമിതിക്കു മുമ്പിൽ ഹാജരാക്കി. ഡ്യൂട്ടിയുടെ ഭാഗമായുള്ള എല്ലാ പ്രൊസീജിയറും ഒറ്റദിവസം കൊണ്ടുതന്നെ പൂർത്തീകരിച്ചു. തിരിച്ചുപോകാനുള്ള ട്രെയിൻ മൂന്നുദിവസം കഴിഞ്ഞേയുള്ളൂ. അതും ഗുവാഹത്തിയിൽനിന്ന്.
ഒറ്റക്കൊമ്പന്മാർ
മടക്കയാത്രയ്ക്കുള്ള സമയം കൃത്യം അറിയാത്തതിനാൽ ജോർഹട്ടിൽനിന്ന് ഗുവാഹത്തിയിലേക്ക് ട്രെയിൻ റിസർവ് ചെയ്തിരുന്നില്ല. തിരിച്ച് ഗുവാഹത്തിയിലേക്കുള്ള ട്രെയിൻ സമയവും മറ്റും അന്വേഷിക്കുന്നതിനിടയ്ക്കാണ് നാലു മണിക്കൂർ യാത്ര ചെയ്താൽ കാസിരംഗ ദേശീയോദ്യാനത്തിലെത്താം എന്ന് അറിയുന്നത്. എന്നാൽപിന്നെ, കാസിരംഗ പോയാലോ, ഒരേയുത്തരം! അതെ. അവിടെ നിന്നാണ് കാസിരംഗയിലേക്കുള്ള യാത്രയുടെ പ്ലാനിങ് തുടങ്ങുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗം ധാരാളമുള്ള സ്ഥലമെന്ന നിലയിൽ കാസിരംഗ പ്രസിദ്ധമാണ്. 1908ലാണ് ഇവയുടെ സംരക്ഷണത്തിനായി കാസിരംഗ പാർക്ക് രൂപീകരിക്കുന്നത്. 1974ൽ കാസിരംഗയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ലോകത്തുള്ള ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണുള്ളത്. ചതുപ്പുനിലവും പുൽമേടും നിറഞ്ഞ നിത്യഹരിത വനമേഖലയാണിത്. അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദി കരകവിഞ്ഞാൽ ഇവിടെയാകെ പ്രളയത്തിൽ മുങ്ങും. കഴിഞ്ഞ വർഷവും പ്രളയം ഉണ്ടാവുകയും നിരവധി ജീവജാലങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. കൊവിഡ് വ്യാപനസമയത്ത് ഏഴുമാസം ഉദ്യാനം അടച്ചിട്ടിരുന്നു.
അന്നവിടെ താമസിച്ചു. പിറ്റേദിവസം കാസിരംഗയിലേക്ക് പോകാമെന്ന് തീരുമാനിച്ചു. കുറച്ചുസമയം ജോർഹട്ട് നഗരത്തിന്റെ കാഴ്ചകൾ കണ്ടു, രാത്രിയോടെ ഹോട്ടലിലേക്ക് മടങ്ങി. അന്നത്തെ അത്താഴം ബിപുൽ റേഗന്റെ വകയായിരുന്നു. പിറ്റേന്ന് അതിരാവിലെ തന്നെ കാസിരംഗയിലേക്ക് പുറപ്പെട്ടു, ബസ് മാർഗം. പത്തു മണിയോടെ കാസിരംഗ നാഷനൽ പാർക്കിനു സമീപമെത്തി. പുറത്തധികം തിരക്കില്ലെങ്കിലും ഒരുപാട് ഓപൺ ജീപ്പുകൾ സഞ്ചാരികളെ കാത്തു കിടക്കുന്നുണ്ട്. ടിക്കറ്റെടുക്കാനും മറ്റുമെല്ലാം അതിലെ ഡ്രൈവർമാർ തന്നെ സഹായവുമായി വന്നു. പാലം കടന്നുവേണം പാർക്കിനകത്തേക്കു കയറാൻ. തുറന്ന വാഹനത്തിൽ ദേശീയോദ്യാനത്തിനകത്തു കൂടെയുള്ള യാത്ര അതിമനോഹരമായിരുന്നു. സ്കൂൾ പഠനകാലത്ത് ഒരുപാടു തവണ കേട്ട ആ സ്വപ്നം കൺകുളിർക്കെ കണ്ടുകൊണ്ട് കാസിരംഗയുടെ വിശാലമായ പാതയിലൂടെ യാത്ര തുടർന്നു.
ദേശീയ വന്യജീവിസങ്കേതം എന്നു പറയുമ്പോൾ നിറയെ മരങ്ങളും ഇടതൂർന്ന കാടുകളുമെല്ലാമായിരുന്നു മനസിൽ. എന്നാൽ പരന്നുകിടക്കുന്ന ചതുപ്പുനിലമാണ് കൂടുതലും ഇവിടെയുള്ളത്. ചില സ്ഥലങ്ങളിൽ മരക്കൂട്ടങ്ങളും. യാത്ര മുന്നോട്ട് പോകുംതോറും കാഴ്ചകളുടെയും അനുഭവങ്ങളുടെയും കലവറയായിരുന്നു മുന്നിൽ തുറക്കപ്പെട്ടത്. മരപ്പലകകൊണ്ടുള്ള പാലങ്ങൾ മൺപാതകൾക്കു പ്രത്യേക ആകർഷണമായിരുന്നു. മാനുകളും ആനകളും കാട്ടുപോത്തുകളുമെല്ലാം യഥേഷ്ടം ഉദ്യാനത്തിനകത്ത് സഞ്ചരിക്കുന്നു. ഡ്രൈവർ ചൂണ്ടിക്കാണിച്ച ഇടത്തേക്ക് നോക്കിയപ്പോൾ നിരവധി ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ ചളിയിൽ പുതച്ചിരിക്കുന്ന മനോഹര ദൃശ്യം. ഉദ്യാനത്തിൽ സഞ്ചാരികളെ കാത്ത് ആനസവാരിയുമുണ്ട്. ആനപ്പുറത്തേറി വന്യജീവികളുടെ സമീപത്തുകൂടിയുള്ള 40 മിനുട്ടോളമുള്ള ആ യാത്ര അനുഭവിക്കേണ്ടതുതന്നെ.
ദിമാപൂരിലെ വിഭവങ്ങൾ
എങ്ങോട്ട് പോകണമെന്ന പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതിരിക്കുമ്പോഴാണ് നാഗാലാന്റിലെ ദിമാപൂർ ശ്രദ്ധയിലേക്ക് കടന്നുവരുന്നത്, നാലു മണിക്കൂർ യാത്ര. ഇന്ത്യയുടെ മറ്റു ഭാഗത്തുനിന്നുള്ളവർക്ക് ഐ.എൽ.പി (Inner Line Permit ) ഇല്ലാതെ പ്രവേശിക്കാവുന്ന നാഗാലാന്റിലെ ഏക പട്ടണം. പക്ഷേ, കൊടും കാട്ടിനകത്തുകൂടിവേണം യാത്ര. പോരാത്തതിന് ബസ് സർവിസും ഇല്ല. ടാക്സി വിളിച്ചു നേരെ ദിമാപൂരിലേക്ക് പോകാനുറച്ചു. വാടക 2,500 രൂപ. പോകുംവഴി നാഷനൽ ഓർക്കിഡ് മ്യൂസിയത്തിൽ കയറി. ഏകദേശം എഴുന്നൂറിലധികം ഓർക്കിഡുകളുടെ ശേഖരമുണ്ടവിടെ. ഗൈഡുകളുടെ സഹായത്താൽ അവയുടെ പ്രത്യേകതകളിൽ ചിലതൊക്കെ മനസിലാക്കി. തുടർന്ന് തൊട്ടടുത്ത അസമീസ് തനതു സംസ്കാരത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയത്തിലും സന്ദർശനം നടത്തി.
ഇനി അസം സംസ്ഥാനം വിടാനുള്ള സമയമായി. ഇരു സംസ്ഥാനങ്ങളെയും (അസം - നാഗാലാന്റ്) വേർതിരിക്കുന്ന വനത്തിലൂടെ യാത്ര തുടർന്നു. ഓരോ സ്ഥലങ്ങളും പിന്നിടുമ്പോൾ അവിടുത്തെ പ്രത്യേകതകൾ ഡ്രൈവർ പങ്കുവച്ചു. കൂട്ടത്തിൽ ഒരത്ഭുതവും കാണിച്ചുതന്നു. ‘ഖരം പാനി’ എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം. അവിടെയൊരു കുളമുണ്ട്. അതിൽ എപ്പോഴും വെള്ളം തിളച്ചുകൊണ്ടിരിക്കുന്നു. യാത്രക്കാരെല്ലാം അവിടെ ഇറങ്ങുന്നുണ്ട്. ചിലർ പ്രാർഥനാപൂർവം കൈകൂപ്പി നാണയത്തുട്ടുകൾ കുളത്തിലേക്കിടുന്നതായും കാണാം. കുറച്ചുനേരം അവിടെ ചെലവഴിച്ച് ദിമാപൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു.
മൊബൈലിൽ നാഗാലാന്റിലേക്ക് സ്വാഗതംചെയ്ത് റോമിങ് മെസേജ് വരുമ്പോഴേക്കും എല്ലായിടത്തും രാത്രിയുടെ ഇരുട്ട് പടർന്നു കഴിഞ്ഞിരുന്നു. വനപാതയിലൂടെയുള്ള യാത്ര അവസാനിക്കുന്നിടത്ത് നഗരത്തിന്റെ സ്വഭാവങ്ങൾ കാണിച്ചുള്ള റോഡുകൾ കണ്ടുതുടങ്ങി... അപ്പോൾ മാത്രമാണ് അന്നത്തെ താമസത്തെക്കുറിച്ചുള്ള ചിന്ത മനസിലേക്ക് കയറിവന്ന് അലോസരപ്പെടുത്തിയത്. എന്തു ചെയ്യണമെന്നോ, എവിടെ താമസിക്കണമെന്നോ യാതൊരു നിശ്ചയവുമില്ല. ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയുണ്ടാകുമെന്ന ആശ്വാസത്തിൽ ഗൂഗിളിൽ 'മലയാളി ഹോട്ടൽ ഇൻ നാഗാലാന്റ്' തിരഞ്ഞു. പ്രതീക്ഷിച്ചപോലെ കൃത്യം മലയാളി ഹോട്ടലിലേക്ക് ഗൂഗിൾ വഴികാട്ടി. മൂന്നോ നാലോ റൂമുകളും ഒരു ഭക്ഷണശാലയുമുള്ള ചെറിയ ഹോട്ടൽ. കൊല്ലം ജില്ലക്കാരനായ അച്ചായൻ 27 വർഷമായി അവിടെയാണ്, കൂടെ കുടുംബവുമുണ്ട്. ഭക്ഷണമെല്ലാം കഴിച്ച് പുറത്തിറങ്ങി കറങ്ങാമെന്ന് കരുതിയതായിരുന്നു. പക്ഷേ, രാത്രികറക്കം അത്ര സുരക്ഷിതമല്ലെന്ന് അച്ചായന്റെ മുന്നറിയിപ്പ്. ആ പദ്ധതി ഉപേക്ഷിച്ചു, രാവിലെ കാഴ്ചകൾ കാണാമെന്ന നിയ്യത്തോടെ.
അതിരാവിലെ ദിമാപൂർ നഗരത്തിലേക്കിറങ്ങി. പറയത്തക്ക പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊന്നും അവിടെയില്ല. മാർക്കറ്റും അനുബന്ധ സ്ഥലങ്ങളും നടന്നുകാണുക, നാഗാലാന്റിന്റെ സംസ്കാരം മനസിലാക്കുക, കുറച്ച് നോർത്ത് ഈസ്റ്റ് വിഭവങ്ങൾ വാങ്ങുക എന്നിവയായിരുന്നു ലക്ഷ്യം. മാർക്കറ്റിലേക്ക് കയറിയതോടെ നാഗൻമാരുടെ പ്രധാന ഭക്ഷ്യവിഭവങ്ങളായ പുഴുക്കളെയും തവളകളെയും പ്രാണികളെയുമെല്ലാം ജീവനോടെ പാക്ക് ചെയ്തിരിക്കുന്നു. ഒരിഞ്ച് വലിപ്പമുള്ള പുഴുക്കൾ പ്ലാസ്റ്റിക് പാത്രത്തിൽ തിളച്ചു മറിയുന്നു!.. പാമ്പുകളെ ഉണക്കി വൃത്തിയാക്കി പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത് തൂക്കിയിട്ടിരിക്കുന്നു. അവിടെ നിന്നിറങ്ങി നേരെ ഇറച്ചി മാർക്കറ്റിലേക്ക് പോയി. പട്ടിയിറച്ചിയാണ് പ്രധാന ആകർഷണം. കിലോ 600 രൂപയാണ് വില. എല്ലാം അത്ഭുതത്തോടെ നോക്കിക്കണ്ടു. മാർക്കറ്റിലൂടെയുള്ള യാത്ര സംഭവ ബഹുലമായിരുന്നു. ഉച്ചയോടെ റൂമിൽ തിരിച്ചെത്തി. നാലു മണിയോടെ ഇരുട്ടുപരക്കും എന്നതിനാൽ തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രാത്രിയോടെ നാഗാലാന്റിനോട് ഗുഡ്ബൈ പറഞ്ഞു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."