കരുതിയിരുന്നോളൂ അത്ര സുരക്ഷിതമൊന്നുമല്ല വാട്‌സ് ആപ്; നിങ്ങളുടെ ചാറ്റുകള്‍ മറ്റു ചിലരും കാണുന്നുണ്ട്
നേരവും കാലവും നോക്കാതെ എന്താണ് കുറിക്കുന്നതെന്നു പോലും ചിന്തിക്കാതെ വാട്‌സ് ആപ്പില്‍ ചറാപറാ സന്ദേശങ്ങള്‍ കൈമാറുന്നവരുടെ ശ്രദ്ധക്ക്. നിങ്ങള്‍ പറയുന്നതും കുറിക്കുന്നതും നിങ്ങളുദ്ദേശിക്കുന്നവര്‍ മാത്രമല്ല കാണുന്നത്. നിങ്ങള്‍ക്കറിയാത്ത ചിലര്‍ കൂടി വായിക്കുന്നുണ്ട് നിങ്ങളുടെ സന്ദേശങ്ങള്‍.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. 'പ്രോപബ്ലിക്ക' യുടേതാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്ക് വായിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
'ഓസ്റ്റിന്‍, ടെക്‌സാസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫിസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്കിനായി ജോലി ചെയ്യുന്നു'പ്രോപബ്ലിക്ക പറയുന്നു.
ആപ്ലിക്കേഷന്‍ 'എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍' ആണെന്നും ആളുകളുടെ സ്വകാര്യതക്ക് യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
തൊഴിലാളികള്‍ ചെയ്യുന്നതിതാണ്
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ്‌കേസുകള്‍, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ഈ ജോലിക്കാര്‍ അല്‍ഗോരിതവും ഉള്ളടക്കവും ഉപയോഗപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ ആപ്പിലെ 'റിപ്പോര്‍ട്ട്' ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വാട്ട്‌സ്ആപ്പ് ജീവനക്കാര്‍ക്ക് സ്വകാര്യ ഉള്ളടക്കം ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തലുണ്ട്. ഇത് സേവന നിബന്ധനകളുടെ ലംഘനമാണ്.
സന്ദേശങ്ങള്‍ക്ക് പുറമെ, ഒരു ഉപയോക്താവിന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍, ഗ്രൂപ്പുകള്‍ എന്നിവയുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങള്‍, ഫോണ്‍ നമ്പര്‍, സ്റ്റാറ്റസ് സന്ദേശം, ഫോണ്‍ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയടക്കമുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങള്‍ ഈ കരാര്‍ തൊഴിലാളികള്‍ക്ക് കാണാനാകും.
ഓരോ കരാര്‍ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ് കൈകാര്യം ചെയ്യുന്നത്. ഒരു കേസിന് ഒരു മിനിറ്റില്‍ താഴെ സമയമാണ് ലഭിക്കുക. ഒന്നുകില്‍ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തില്‍ വെക്കാം അതുമല്ലെങ്കില്‍ അക്കൗണ്ട് നിരോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."