വിഴിഞ്ഞം സംഘര്‍ഷം: കരുതിക്കൂട്ടിയുള്ള അക്രമമെന്ന് എഫ്.ഐ.ആര്‍, മൂവായിരം പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലിസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ലഹളയുണ്ടാക്കല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും കുട്ടികളുമടക്കം സമരത്തില്‍ പങ്കാളികളായി. സമരക്കാര്‍ ഫോര്‍ട്ട് എസിപി അടക്കം പൊലിസുകാരെ ബന്ദികളാക്കി. പ്രതിഷേധക്കാര്‍ പൊലിസുകാരെ ആക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കില്‍ പൊലിസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.വിഴിഞ്ഞം എസ്എച്ച്ഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അക്രമത്തില്‍ 36 പൊലിസുകാര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സയിലാണ്.സമരക്കാര്‍ താബൂക്ക് കല്ല് കാലിലിട്ടതിനെത്തുടര്‍ന്ന് വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌ഐക്ക് രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തും.
തുറമുഖ വിരുദ്ധ സമരക്കാരായ എട്ടുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്. എന്നാല്‍ ഇവര്‍ ചികിത്സ തേടാനെത്തിയിട്ടില്ലെന്നാണ് പൊലിസിന് ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."