സ്വത്വരാഷ്ട്രീയം നിർവചിച്ച ഇന്ത്യൻ രാഷ്ട്രീയഭൂപടം
നസീമ പർവീൻ
സമകാലിക ഇന്ത്യൻ ഭരണകൂടത്തിനു ഇവിടുത്തെ മുസ്‌ലിം സ്വത്വത്തോടും അവരുടെ ഇടങ്ങളോടുമുള്ള നിലപാട് പല വിഷയങ്ങളിലൂടെ പൊതുജന മധ്യത്തിൽ വ്യക്തമായതാണ്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ 'അനധികൃത' കെട്ടിടങ്ങൾ ഉയർത്തി എന്നാരോപിച്ചുകൊണ്ട്, ഇവിടങ്ങളിലെ ഭരണകൂടങ്ങൾ നടത്തിയ ഇടിച്ചുനിരത്തലുകൾ പുതിയ രാഷ്ട്രീയ പ്രതിഭാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽനിന്നു വ്യത്യസ്തമായാണ് മുസ്‌ലിം ഇടങ്ങളെ പ്രശ്‌നവത്കരിച്ചുകൊണ്ടിരിക്കുന്നതും അവരുടെ സ്വത്വത്തെ നിർവചിക്കുന്നതും. മിനി പാകിസ്താനെന്നും ഭീകരവാദികളുടെ ഒളിത്താവളങ്ങൾ എന്നുമൊക്കെയാണ് ഈ ഇടങ്ങൾക്ക് പേരിട്ടിരിക്കുന്നത്. മുസ്‌ലിം സ്വത്വത്തെയും ഇടത്തെയും അയൽരാജ്യത്തിന്റെ വിളിപ്പേരുകളിലും ആ രാജ്യത്തെ സൂചിപ്പിക്കുന്ന പ്രയോഗങ്ങളിലും ആരോപിക്കുന്നതോടെ ഇന്ത്യ എന്നു പറയുന്ന രാജ്യത്തിന്റെ ഇടം അല്ലെങ്കിൽ സ്വത്വം പൂർണമായും ഹിന്ദുത്വവത്കരിക്കപ്പെടുകയാണ്.
2014ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറുമ്പോൾ ഇതിൽനിന്ന് വ്യത്യസ്തമായതൊന്നുമായിരുന്നില്ല പല രാഷ്ട്രീയ നിരീക്ഷകരും മുമ്പിൽ കണ്ടിരുന്നത്. ദേശത്തിന്റെ അതിരുകളെ ഇക്കൂട്ടർ മതത്തിന്റെ വേലികൾ കൊണ്ട് വളച്ചുകെട്ടുമെന്നും പല രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മതം പരിണമിക്കുന്ന കാഴ്ചയാണ് പിന്നീട് നാമിവിടെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് മുസ്‌ലിം സ്വത്വ പ്രതിഫലനങ്ങളുടെ ഭാഗമായ ഏത് പ്രവൃത്തിയും ഹിന്ദുത്വത്തെ വെല്ലുവിളിക്കുന്നതായി ചില രാഷ്ട്രീയക്കാർക്കു തോന്നുന്നത്. മുസ്‌ലിംകളുടെ ബാങ്കും നിസ്‌കാരവും ഭക്ഷണവും രാഷ്ട്രീയവും എന്തിന് ആഘോഷങ്ങൾ പോലും ഹിന്ദുത്വരെ ചൊടിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ മതം എന്നത് ഔദ്യോഗിക കോളമായി വന്നതിനു കുറഞ്ഞകാലത്തെ ചരിത്രമേയുള്ളൂ. രാഷ്ട്ര-സാമൂഹ്യ നീതിക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള മതേതരമായ നയമായിരുന്നു വിഭജനാന്തര ഇന്ത്യക്കുണ്ടായിരുന്നത്. വളരെ പതുക്കെയെങ്കിലും 1980കളോടെ പരിണമിച്ചുവന്ന മതസ്വത്വ രാഷ്ട്രീയത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയം ചുവടുമാറി. ഇതോടെ, ഭൂരിപക്ഷ ദേശീയ ഹിന്ദുത്വവാദം എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് എടുത്തുമാറ്റാൻ പറ്റാത്ത നയമായി മാറി.
വിഭജനത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽനിന്ന് പാഠം പഠിച്ചാണ് മതം എന്നതിനെ മാറ്റിനിർത്തി വളരെ മതേതര പൗരത്വ നിയമം ഇന്ത്യ സ്വീകരിക്കുന്നത്. 1955ലെ ഇന്ത്യൻ പൗരത്വ നിയമം സമൂഹത്തിന്റെ വിവിധ തലങ്ങളെ ഫലപ്രദമായി നവീകരിക്കുന്നതു തന്നെയായിരുന്നു. എന്നാൽ 1985 മുതലിങ്ങോട്ട് ഈ നിയമത്തിൽ നടത്തിയ ഭേദഗതികളെല്ലാം മതസ്വത്വത്തെ തിരുകിക്കയറ്റുന്നതിനു വേണ്ടിയുള്ളതിനായിരുന്നു. 2004ലെ ഭേദഗതി ഇന്ത്യൻ പൗരത്വ നിയമത്തെ വളരേയധികം സങ്കുചിതമാക്കുന്നതാണ് നാം കണ്ടത്. അതുവരെ ഇവിടെ ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരായിരുന്നുവെങ്കിൽ ഈ ഭേദഗതിയോടെ വലിയ മാറ്റം വന്നു. ഇന്ത്യയിൽ ജനിച്ച കുട്ടിയുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനായിരിക്കുകയും മറ്റെയാൾ അനധികൃത കുടിയേറ്റക്കാരുമാവരുത്. ഇത്തരത്തിലുള്ളവരെ ദേശമില്ലാത്ത ജനതയായി മുദ്രകുത്തുകയാണ് ഈ ഭേദഗതി ചെയ്തത്. എന്നാൽ പാകിസ്താനിൽ നിന്നുള്ള ന്യൂനപക്ഷ ഹിന്ദുക്കളെ ഇത്തരത്തിൽ രാജ്യമില്ലാത്ത ജനങ്ങളായി തിരിച്ചിട്ടില്ല. ബംഗ്ലാദേശിൽ നിന്നുള്ള വലിയ വിഭാഗം ജനങ്ങൾ, പ്രത്യേകിച്ചും മുസ്‌ലിംകൾ ഈ നിയമത്തോടെ രാജ്യമില്ലാത്തവരായി മാറി. ഇങ്ങനെ രാജ്യമില്ലാത്തവരാക്കി മാറ്റിയ ജനങ്ങള ക്രിമിനൽവത്കരിച്ചും നാടുകടത്തിയും തുറുങ്കിലടക്കുകയും ചെയ്തു. കൂടാതെ ഈ ജനങ്ങളുടെ നീക്കങ്ങൾ മനസിലാക്കുന്നതിനായി ഇവരുടെ എല്ലാ വിവരങ്ങളും എൻ.പി.ആർ, എൻ.ആർ.സി എന്നീ വ്യവസ്ഥകളിലൂടെ ശേഖരിക്കാനും ഗവൺമെന്റിന് അധികാരം ലഭിച്ചു. 2019ലെ ഭേദഗതികൂടി വന്നതോടെ മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം നൽകുന്നതിലേക്ക് ഈ നിയമം പരിണമിച്ചു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രം പൗരത്വം എന്നതിലേക്ക് ഈ നിയമം എത്തിനിൽക്കുന്നു.
നെഹ്‌റുവിയൻ രാഷ്ട്രത്തിൽ മതം എന്ന വിഭാഗത്തെ മാറ്റിനിർത്തിക്കൊണ്ട് വളരെ സന്തുലിത നിർവചനമായിരുന്നു ഭൂരിപക്ഷം, ന്യൂനപക്ഷം എന്നുള്ളതിനു സ്വീകരിച്ചിരുന്നത്. മതത്തിനു പ്രാമുഖ്യം നൽകിക്കൊണ്ടുള്ള തരംതിരിവുകളാണ് ഭീതിദ വിഭജനം സൃഷ്ടിച്ചതെന്ന തിരിച്ചറിവിലാണ് മതത്തിന്റെ മേൽവിലാസത്തിലല്ലാതെ ന്യൂനപക്ഷം എന്നു മാത്രം ഭരണഘടനയിലുടനീളം പ്രയോഗിച്ചിരിക്കുന്നത്. ഭരണഘടനയിലെ അനുച്ഛേദം ഇരുപത്തിയൊമ്പത്, മുപ്പത് എന്നിവയിൽ ന്യൂനപക്ഷം ആര് എന്നു കൃത്യമായി പ്രതിപാദിക്കുന്നില്ല. പകരം രണ്ടുതരം ന്യൂനപക്ഷ ഉപവിഭാഗങ്ങളായി ഉൾപ്പെടുത്തിയിരിക്കുകയാണ്. മതന്യൂനപക്ഷവും ഭാഷാന്യൂനപക്ഷവും എന്നിങ്ങനെയാണവ. ഇതു ഭരണഘടനയിലെ മൗലികാവകാശങ്ങളെ ഏറെ വിശാലമാക്കുകയാണ് ചെയ്യുന്നത്. ഏത് മതത്തിനും ഭാഷാവിഭാഗത്തിനും അവരുടെ സംസ്ഥാന പുനഃസഘടനക്ക് അനുസരിച്ച് ന്യൂനക്ഷമാവാം എന്ന വിശാല കാഴ്ച്ചപ്പാടിനെയാണ് ഇന്ത്യൻ ഭരണഘടന സൂചിപ്പിക്കുന്നത്.
1992ൽ ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിയമപ്രകാരം ഏത് സമുദായത്തിനും ന്യൂനപക്ഷമായി പരിഗണിക്കേണ്ടുന്നതിനുള്ള പ്രാഥമികയോഗ്യത മതമാണ് എന്നു നിജപ്പെടുത്തി. ഈ നിയമപ്രകാരം, അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങളെയും തിരിച്ചറിഞ്ഞു. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി എന്നീ മതങ്ങളാണിവ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിലെ ന്യൂനക്ഷ വികസനത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു ഇത്തരം നിയമം. ഇതോടെ രാജ്യത്തെ ഒരേയൊരു ഭൂരിപക്ഷ വിഭാഗമായി ഹിന്ദുമതം മാറി. 2004ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമവും കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ നിർവചനത്തെ തന്നെയാണ് പിന്തുടരുന്നത്. ഇവരും ഭാഷാ ന്യൂനപക്ഷങ്ങളെ പരിധിയിൽനിന്ന് ഒഴിവാക്കി.
2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടും ഈ വ്യാഖ്യാനങ്ങളെ പിന്തുടരുന്നതു തന്നെയായിരുന്നു. മുസ്‌ലിംകളും രാജ്യത്തെ മറ്റു മതവിഭാഗങ്ങളും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളിലെ താരതമ്യമായിരുന്നു സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനം. ഈ റിപ്പോർട്ടും ഇവിടെ പ്രബലമായിക്കൊണ്ടിരുന്ന മതത്തിലൂന്നിയ രാഷ്ട്രീയ വ്യവഹാരങ്ങളെ അദൃശ്യമായെങ്കിലും ശക്തിപ്പെടുത്തി. മുസ്‌ലിംകൾക്കു സമാനമായ ന്യൂനപക്ഷങ്ങളുടെ പുരോഗതി എങ്ങനെ സാധ്യമാക്കാം എന്നുള്ളതിൽ വളരേ യുക്തിഭദ്രമായും രീതിശാസ്ത്രപരമായും ഗവേഷണങ്ങൾ നടത്താനായിരുന്നു ഈ കമ്മിറ്റി നിയോഗിക്കപ്പെട്ടത്. എന്നാൽ സാമൂഹികശാസ്ത്ര ഗവേഷണങ്ങളിൽ മതസ്വത്വം അടിസ്ഥാനമാക്കുകയും അതിനെ രൂഢമാക്കുകയും ചെയ്‌ത റിപ്പോർട്ടായിരുന്നു അത്. എന്നാൽ ഇതേത്തുടർന്നുണ്ടായ രാഷ്ട്രീയ അനന്തരഫലം വളരെ വ്യത്യസ്തമായിരുന്നു. മുസ്‌ലിംകളെ ന്യൂനപക്ഷമായി കണക്കാൻ സാധിക്കില്ലെന്ന 2014ലെ ന്യൂനപക്ഷകാര്യ മന്ത്രി നജ്മ ഹെബ്തുല്ലയുടെ പ്രസ്താവന അതിലൊന്നു മാത്രമായിരുന്നു. തുടർന്നിങ്ങോട്ട് സാമൂഹ്യമാധ്യമങ്ങളിലും മറ്റുമായി മുസ്‌ലിംകൾക്കെതിരേ വൻതോതിൽ പ്രചാരണങ്ങൾ നടന്നു. മുസ്‌ലിംകൾ വളരേ വളർന്നുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായി ഇവിടെ ചിത്രീകരിക്കപ്പെട്ടു. ഏറെ വൈകാതെ അവർ ഇവിടുത്തെ ഹിന്ദുക്കളെ കവച്ചുവെച്ച് ഭൂരിപക്ഷമായി മാറുമെന്ന തരത്തിലുള്ള ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളും ഇന്ത്യയിൽ വ്യാപകമായി. കൂടാതെ, ദേശീയ ന്യൂനപക്ഷ കമ്മിഷൻ്റെയും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ്റെയും നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള നിയമനടപടികളും ഇന്ത്യയിൽ നടന്നു. കമ്മിഷൻ നിയമപ്രകാരം തിരിച്ചറിഞ്ഞ ന്യൂനപക്ഷങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ നിയമനടപടികൾ. ലക്ഷദ്വീപ്, മിസോറം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ, ജമ്മു കശ്മിർ, മണിപ്പൂർ, പഞ്ചാബ്, എന്നിവിടങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും അവരെയും ന്യൂനപക്ഷ വിഭാഗത്തിലുൾപ്പെടുത്തണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
രാജ്യത്തെ ജനങ്ങളുടെ പൗരത്വം നിർണയിക്കാനുള്ള പ്രാഥമിക യോഗ്യതയായി മതത്തെ അംഗീകരിക്കുന്നതോടെ ഇന്ത്യ എന്ന രാജ്യത്തിന്റെ ദേശാടിസ്ഥാനത്തിലും ദേശീയാടിസ്ഥാനത്തിലുമുള്ള അസ്തിത്വത്തിന് കോട്ടം തട്ടുകയാണെന്നാണ് ഇത്തരം സംഭവ വികാസങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ ആദർശത്തെ തന്നെ വികലമാക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് ഇത്തരം നയങ്ങളും പരിപാടികളും. പുരാതന യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഒരു രാജ്യം, ഒരു മതം, ഒരു സംസ്‌ക്കാരം എന്ന ദേശരാഷ്ട്ര സങ്കൽപ്പത്തിലേക്കാണോ ആധുനിക ഇന്ത്യയുടെ വളർച്ച എന്നു പരിശോധിക്കേണ്ടതുണ്ട്. ഇത്തരം മതവരമ്പുകൾ തീർത്തുകൊണ്ടുള്ള ഇന്ത്യയുടെ വളർച്ചക്കു പിന്നിൽ ജനസംഘത്തിന്റെ പുതുരൂപമായ ബി.ജെ.പിക്ക് വലിയ പങ്കുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം അധികാരത്തിൽ വരുന്നു എന്നതിന്റെ അർഥം പൂർണമായും അതിന്റെ ആശയം സമൂഹം സ്വീകരിക്കുന്നുണ്ട് എന്നല്ല. എങ്ങനെ പ്രത്യേകം ഉപമകളും പദപ്രയോഗങ്ങളുംകൊണ്ട് ഒരു വിഭാഗത്തെയും അവരിടപെടുന്ന ഇടങ്ങളെയും മുദ്രകുത്താനും ശത്രുവത്കരിക്കാനും കഴിഞ്ഞോ അതേ രാഷ്ട്രീയ തന്ത്രങ്ങൾ തന്നെ തങ്ങളുടെ ഭൂരിപക്ഷ രാഷ്ട്രീയത്തെ വളർത്താനും ഇവർ ഉപയോഗിക്കുന്നുണ്ട്. ഹിന്ദു വോട്ട് ബാങ്ക്, ഹിന്ദുത്വ ഭരണഘടന, ഹിന്ദുപ്രദേശം എന്നീ പരസ്യ പദാവലികൾ ഇതിന്റെ ഉദാഹരണങ്ങളാണ്.
(ക്രിയാ സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ ഫെലോയും അസോസിയേറ്റ് റിസർച്ച് ഫെലോയുമാണ് ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."