പെൻഷൻ മുടക്കുന്നത് ക്രൂരത
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ തുടരുന്ന ധൂർത്തിൻ്റെയും വ്യവഹാരങ്ങൾക്കായി നിലമറന്നുള്ള ചെലവഴിക്കലിൻ്റെയും ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ടവരായിരിക്കുകയാണ് വയോജനങ്ങൾ. സംസ്ഥാനത്തെ അരക്കോടിയോളം വരുന്ന ക്ഷേമ പെൻഷൻകാർക്കും സാമൂഹിക സുരക്ഷാ പെൻഷൻകാർക്കുള്ള പെൻഷൻ വിതരണം രണ്ട് മാസമായി നിലച്ചിരിക്കുകയാണ്. ഇത് ഖേദകരവും അടിയന്തര പരിഹാരം ആവശ്യമുള്ളതുമാണ്. ഓരോ മാസവും കൈയിൽ കിട്ടുന്ന പെൻഷൻ കാശുകൊണ്ട് ജീവിതം തള്ളിനീക്കുന്ന ലക്ഷക്കണക്കിന് നിസഹായരോടും നിരാലംബരോടുമുള്ള ക്രൂരതകൂടിയാണ് അധികൃതരുടെ ഈ നിലപാട്. മറ്റു വരുമാനങ്ങളോ തുണയോ ഇല്ലാതെ ഈ തുച്ഛ മാസ വരുമാനംകൊണ്ട് ജീവിക്കുന്നവരാണ് ക്ഷേമ പെൻഷനുകൾ വാങ്ങുന്നതിൽ ഏറെപ്പേരും. മരുന്നിനും നിത്യജീവിത ചെലവിനും വലിയ ആശ്വാസമാണ് നാമമാത്രമാണെങ്കിലും ഈ തുക. അത് സമയാസമയത്ത് കിട്ടിയില്ലെങ്കിൽ ഇവരുടെ ജീവിതതാളം തെറ്റുക തന്നെ ചെയ്യും.
പെൻഷൻ മുടങ്ങിയാലും പ്രതിഷേധത്തിനോ സമരത്തിനോ ഇറങ്ങാതെ മുണ്ടുമുറുക്കിയുടുത്ത് അരപ്പട്ടിണിയുമായി കഴിയുന്ന ഇവരുടെ ദയനീയത സർക്കാർ കാണാതിരിക്കരുത്. പെൻഷൻ ഔദാര്യമാണെന്ന ചിന്ത ചിലപ്പോഴൊക്കെ ഉയരാറുണ്ട്. എന്നാൽ 50 ലക്ഷത്തോളം പേർക്കായി വീതിച്ചുനൽകുന്ന ഈ 775 കോടിയോളം വരുന്ന തുക കേരളത്തിലെ സാമ്പത്തികരംഗത്ത് ഓരോ മാസവും എത്തുന്നുവെന്നത് ചെറിയ കാര്യമല്ല. സമ്പാദിച്ചുവയ്ക്കാനല്ല ഓരോ പെൻഷൻകാരും ഈ പണം ഉപയോഗിക്കുന്നത്. പ്രാഥമിക ജീവൽ ആവശ്യങ്ങൾക്ക് പണത്തിന്റെ എറിയ പങ്കും അതത് മാസംതന്നെ വിനിയോഗിക്കപ്പെടുന്നതിനാൽ സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലാണ് ഈ പണം വിനിമയം ചെയ്യപ്പെടുന്നത്. ഏറെയും വയോജനങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെയാണ് പണത്തിന്റെ ക്രയവിക്രയം നടക്കപ്പെടുന്നതും. അതിനാൽ സമൂഹത്തിന്റെ സാമ്പത്തിക ഉന്നതിക്കും കാരണമാകുന്ന പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് കൊടുക്കാനുള്ളതുതന്നെ വൈകുന്നത്.
മന്ത്രിമാർക്കും പൊലിസ് സേനയ്ക്കും ജഡ്ജിമാർക്കും പുതിയ കാറുകൾ വാങ്ങാനും സർക്കാർ പ്രതിസ്ഥാനത്തായ കേസുകളുടെ നടത്തിപ്പിനായി കോടികൾ ചെലവഴിക്കുമ്പോൾ നാമമാത്ര പെൻഷൻ തുക കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്ന 50 ലക്ഷം പേരുടെ രണ്ടുമാസത്തെ പെൻഷനാണ് മുടങ്ങിയിരിക്കുന്നത്. ഓരോ മാസവും 25ന് ആരംഭിച്ച് തൊട്ടടുത്ത മാസം ആറിന് വിതരണം പൂർത്തിയാകുന്ന രീതിയിൽ സാമൂഹിക പെൻഷനുകൾ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം ചെയ്തത്. ഇതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവ് ഇറക്കിയെങ്കിലും പെൻഷൻ വിതരണത്തിലെ പരാതിക്ക് ശാശ്വത പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല.
രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനായി 1550 കോടിയോളം രൂപ വേണം. ധനവകുപ്പ് ഈ തുക പെൻഷൻ വിതരണം ചെയ്യുന്ന കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ഫണ്ട് എന്ന കമ്പനിക്ക് ഇതുവരെ കൈമാറിയിട്ടില്ല. പണം പഞ്ചായത്ത് ഡയരക്ടറേറ്റിന് കമ്പനി കൈമാറിയാലാണ് വിതരണം നടക്കുക. 26 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും 24 ലക്ഷത്തോളം പേർക്ക് സഹകരണ ബാങ്ക് മുഖേന വീട്ടിലെത്തിച്ചുമാണ് പെൻഷൻ നൽകുന്നത്. പെൻഷൻ വീട്ടിലെത്തിച്ചു കൊടുക്കുന്ന ബാങ്ക് ഏജന്റുമാർക്കുള്ള ഇൻസെന്റീവ് ഒരു വർഷമായി നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. പെൻഷൻ വിതരണത്തിനുള്ള നടപടികൾ ധനവകുപ്പ് വളരെ വേഗം ആരംഭിച്ചാലേ വിതരണം ഏറെ വൈകാതെ പൂർത്തിയാക്കാൻ കഴിയൂ.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവൽപ്രശ്‌നങ്ങളെ അവഗണിക്കുന്ന കേരള സർക്കാരിന്റെ നടപടികൾ തിരുത്തപ്പെടേണ്ടതാണ്. വികസന പദ്ധതികളിൽ മേനിപറയുന്ന പിണറായി സർക്കാർ പതുക്കെ കേന്ദ്ര മോഡൽ കടംകൊണ്ട് ജനക്ഷേമ പദ്ധതികളിൽ നിന്ന് ഉൾവലിയുകയാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. പെൻഷൻ വിതരണം തടസപ്പെടുന്നത് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം കൂടിയാണെന്നും ഓർക്കണം. ക്ഷേമപെൻഷന്റെ വർധനയും മുടങ്ങാതെ ലഭ്യമാകുമെന്ന ഉറപ്പുമാണ് നല്ല ശതമാനം വോട്ടർമാർ ഇടതുമുന്നണിക്ക് അനുകൂലമായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിധിയെഴുതാൻ കാരണമായത്. എന്നാൽ ഇവരെയെല്ലാം കബളിപ്പിച്ചിരിക്കുകയാണ് സർക്കാർ.
ഒരുഭാഗത്ത് സംസ്ഥാന സർക്കാർ ഇത്തരം നിലപാട് സ്വീകരിക്കുമ്പോൾ കേന്ദ്രം തുടരുന്നതും ജനക്ഷേമ വിരുദ്ധതയാണ്. ഇതിന്റെയെല്ലാം ദുരിതം പേറുന്നതാകട്ടെ സാധാരണക്കാരും. പിന്നോക്ക വിഭാഗങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് കേന്ദ്രം നിർത്തലാക്കിയത് അടുത്തിടെയാണ്. പ്രതിവർഷം ഒരു വിദ്യാർഥിക്ക് 1500 രൂപ വീതം നൽകുന്ന പ്രീ മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി കേന്ദ്രസർക്കാർ ഒമ്പത്,10 ക്ലാസ് വിദ്യാർഥികൾക്ക് മാത്രമാക്കി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒ.ബി.സി, ഇ.ബി.സി, ഡി.എൻ.ടി വിദ്യാർഥികൾക്കായിരുന്നു സ്‌കോളർഷിപ്പ്. കേന്ദ്ര സഹായം ഇല്ലെങ്കിലും സ്‌കോളർഷിപ്പ് തുടരുമെന്നും ഇതിനായി 18.75 കോടി കേരളം മാറ്റിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പദ്ധതി സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇതുവരെ നീങ്ങിയിട്ടില്ല.
ഇത്തരം വിഷയങ്ങളിൽ കേന്ദ്ര, കേരള സർക്കാരുകളിൽ നിന്ന് ക്രിയാത്മക ഇടപെടലാണ് സമൂഹം പ്രതീക്ഷിക്കുന്നതെങ്കിലും അതുണ്ടാകുന്നില്ലെന്നാണ് പെൻഷൻ വിതരണത്തിലെ അമാന്തവും സ്‌കോളർഷിപ്പ് തുക വെട്ടിക്കുറച്ചതും വ്യക്തമാക്കുന്നത് . ഇത് ജനാധിപത്യ വ്യവസ്ഥിതിയിൽ ഒട്ടും ഭൂഷണമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."