പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ
ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരേ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധവും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. അഭയാര്‍ഥികളുടെ മതം, രാജ്യം എന്നിവ മാത്രമാണ് സി.എ.എ പരിഗണിച്ചത്. ഇത് രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അഭയാര്‍ഥികളെ മനുഷ്യരായല്ല സി.എ.എ കാണുന്നത്. അവരെ മതവിശ്വാസികളായാണ് കാണുന്നതെന്നും നിയമം പാസാക്കിയപ്പോള്‍ ശ്രീലങ്കന്‍ തമിഴരെ പരിഗണിക്കാത്തതിനെതിരേ പ്രക്ഷോഭം നടത്തുമെന്നും സ്റ്റാലിന്‍ പിന്നീട് പ്രതികരിച്ചു.
രാജ്യത്തെ സാമുദായിക സൗഹാര്‍ദവും ഐക്യവും മതേതര മൂല്യവും ഭരണഘടന ഉറപ്പുനല്‍കുന്നതിനാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് തമിഴ്‌നാട് നിയമസഭ ആവശ്യപ്പെട്ടു. എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി അംഗങ്ങള്‍ വാക്കൗട്ട് നടത്തി. സി.എ.എ മുസ്‌ലിം വിരുദ്ധമല്ലെന്നായിരുന്നു ബി.ജെ.പി നിയമസഭാ നേതാവ് നൈനാര്‍ നാഗേന്ദ്രന്റെ പ്രതികരണം. നിയമസഭയില്‍ സംസാരിക്കാന്‍ അവസരം നിഷേധിച്ചുവെന്നാരോപിച്ചാണ് എടപ്പാടി കെ. പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ സഭവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."