വിദ്യാർഥികളെ കൊല്ലുന്ന ജാതിവിവേചനങ്ങൾ
ഡൽഹി ഐ.ഐ.ടിയിൽ ജാതിവിവേചനത്തിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരിക്കുന്നു. നാലാംവർഷ ബി.ടെക് വിദ്യാർഥി പനവ് ജയിനിനെ ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ വീട്ടിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മകൻ മാനസിക സമ്മർദത്തിലായിരുന്നുവെന്നും ചികിത്സിച്ചിരുന്നതായുമാണ് വിദ്യാർഥിയുടെ പിതാവ് പൊലിസിനോട് പറഞ്ഞത്. ഡൽഹി ഐ.ഐ.ടിയിൽ ഈ വർഷം നടക്കുന്ന മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. സെപ്റ്റംബറിൽ 21കാരനായ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചിരുന്നു. മാനസിക സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്നായിരുന്നു അന്നും കണ്ടെത്തിയത്. ജൂലൈയിൽ 20കാരനായ വിദ്യാർഥിയെയും സമാനരീതിയിൽ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി.
കാംപസിനുള്ളിലെ ജാതിവിവേചനം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. രാജ്യത്തെ കാംപസുകളിൽ ജാതിവിവേചനവും അതിൻമേലുണ്ടാകുന്ന ആത്മഹത്യകളും പുതിയ സംഭവമല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 103 വിദ്യാർഥികൾ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ മാസങ്ങൾക്ക് മുമ്പെ വ്യക്തമാക്കിയതാണ്. എന്നാൽ, വിവേചനം തടയുന്നതിന് നടപടികളൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് തുടരുകയും ചെയ്തു.
ഹൈദരാബാദ് സർവകലാശാലയിലെ ദലിത് പിഎച്ച്.ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016ൽ ആത്മഹത്യ ചെയ്തതും മുംബൈയിലെ ടൊപ്പിവാല നാഷണൽ മെഡിക്കൽ കോളജ് ആൻഡ് ബി.വൈ.എൽ ചാരിറ്റബിൾ ആശുപത്രിയിലെ മെഡിക്കൽ പി.ജി വിദ്യാർഥി പായൽ 2019ൽ ആത്മഹത്യ ചെയ്തതുമാണ് കാംപസുകളിലെ ജാതിവിവേചനത്തിന്റെ കഥകൾ സമൂഹത്തിന് മുന്നിലെത്തിച്ച വലിയ സംഭവങ്ങൾ.
രണ്ട് ആത്മഹത്യയ്ക്ക് പിന്നിലും ജാതി പീഡനമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം ഇതിനുമുമ്പ് നാഷണൽ ലോ സ്‌കൂൾ, മെഡിക്കൽ കോളജ്, ഐ.ഐ.ടി എന്നിവിടങ്ങളിലായി മൂന്ന് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ബോംബെ ഐ.ഐ.ടിയിലെ ബി.ടെക് വിദ്യാർഥി ദർശൻ സോളങ്കിയാണ് ഇതിലൊരാൾ.
ഹൈദരാബാദിൽ നിന്നുള്ള പട്ടികവർഗ വിദ്യാർഥിനി ഡോ. പ്രീതി കടുത്ത റാഗിങ്ങിന് വിധേയയാണ് ആത്മഹത്യ ചെയ്തത്. പഞ്ചാബിലെ അമൃത്സറിലെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മുറിയിൽ പട്ടികജാതിക്കാരനായ എം.ബി.ബി.എസ് വിദ്യാർഥി പമ്പോഷ് ആത്മഹത്യ ചെയ്തതായിരുന്നു മൂന്നാമത്തേത്. കഴിഞ്ഞ വർഷം ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഒരു ഫാക്കൽറ്റി അംഗം ദലിത്, ഒ.ബി.സി വിദ്യാർഥികൾക്ക് പിഎച്ച്.ഡി പ്രവേശന പരീക്ഷയിൽ കുറഞ്ഞ മാർക്ക് നൽകി അവരെ പരാജയപ്പെടുത്തിയത് പാർലമെന്റ് വരെയെത്തിയ സംഭവമാണ്.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ഇത് തിരുത്തി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാൻ സർവകലാശാല നിർബന്ധിതരായി.
വിവേചനങ്ങൾ എങ്ങനെ നടക്കുന്നുവെന്നറിയാൻ രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നിലെ ഉദാഹരണം മാത്രമാണിത്. ജാതി വിവേചനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ 2012ൽ യു.ജി.സി ചില ചട്ടങ്ങൾ രൂപീകരിച്ചിരുന്നു. അക്കാദമിക് സ്ഥാപനങ്ങളിൽ തുല്യ അവസര സെല്ലും വിവേചനവിരുദ്ധ ഓഫിസറും സ്ഥാപിക്കുന്നതിന് വഴിയൊരുക്കി. ജാതി, മതം, മതം, ഭാഷ, വംശം, ലിംഗഭേദം, വൈകല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള വിവേചനം, ഉപദ്രവം, പ്രതികൂലമായ പെരുമാറ്റം, ഇരയാക്കൽ എന്നിവ നിരോധിച്ചു. എന്നാൽ ഇതിലെ ചട്ടങ്ങൾ ദുർബലമാണ്. ചട്ടങ്ങൾക്ക് നിർബന്ധ സ്വഭാവമില്ലെന്ന് മാത്രമല്ല, റാഗിങ് തടയുന്ന നിയമത്തിന്റെ അത്രപോലും ശക്തിയുമുണ്ടായിരുന്നില്ല.
കാംപസിനകത്തെ ജാതിവിവേചനം തടയുന്നതിന് 2021-22, 2022-2023 അധ്യയന വർഷങ്ങളിൽ സീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ രാജ്യത്തെ അഞ്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ യു.ജി.സി നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിൽ തുടർനടപടികളുണ്ടാകാതിരിക്കുകയോ ഉണ്ടായ നടപടികൾ ഫലം കാണാതെ പോകുകയോ ചെയ്തു. കാംപസുകളിലെ ജാതിവിവേചനം ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കാൻ യു.ജി.സിക്ക് കഴിഞ്ഞ ജൂലൈയിൽ സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. ഇതിൽ യു.ജി.സി എന്തുമറുപടി നൽകിയെന്ന് വ്യക്തമല്ല. ജാതിവിവേചനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശക്തമാണെന്നായിരുന്നു ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ജാതിവിവേചനം മൂലം പലർക്കും ജീവൻ നഷ്ടപ്പെട്ടു. അത് തടയാൻ എന്തെല്ലാം ചെയ്തുവെന്നത് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും താൽപര്യമാണ്. ഭാവിയിൽ ഇത് സംഭവിക്കാതിരിക്കാൻ അൽപമെങ്കിലും ശ്രദ്ധിക്കണമെന്നും സുപ്രിംകോടതി യു.ജി.സിയോട് പറഞ്ഞു. വിദ്യാഭ്യാസം അടിസ്ഥാനപരമായി മനുഷ്യമനസ്സുകളിൽ മാറ്റമൊന്നുണ്ടാക്കുന്നില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള വാർത്തകൾ നമ്മോട് പറയുന്നത്.
ഉന്നതവിദ്യാഭ്യാസം നേടിയ അധ്യാപകരുടെ പീഡനമാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജാതി വിവേചനം ജനനംമൂലം തലമുറകളിൽനിന്ന് തലമുറകളിലേക്ക് സഞ്ചരിക്കുന്നതാണ്. ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്യുന്നവർ സാധാരണക്കാരല്ല. വിവേചനവും പ്രതിസന്ധികളും മറികടന്ന് ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരാണവർ. സമൂഹത്തിൽ നിന്നും മറ്റ് സർക്കാർ സംവിധാനങ്ങളിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ മാത്രമാണ് ആത്മഹത്യപോലുള്ള തീവ്രമായ പ്രവൃത്തികളിലേക്ക് അവർ കടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ച് ഡോ. ബി.ആർ അംബേദ്കറുടെ ഒരു പ്രസ്താവന കൂടി നമുക്കോർക്കാം.
ജാതി ജീവിതത്തിന്റെ എല്ലാ മേഖലകളെയും തടസ്സപ്പെടുത്തുന്നുവെന്ന് അംബേദ്കർ പറയുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇത് സർവവ്യാപിയാണ്. ഇത് വിദ്യാർഥികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയും അവർക്ക് പഠിക്കാനുള്ള തുല്യ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ജാതി വിവേചനത്തിനെതിരായ പരിഹാര നടപടികൾ തികച്ചും അപര്യാപ്തവും അശക്തവുമാണ്. അക്കാദമിക് സ്ഥാപനങ്ങളിൽ സമൂലമായ സാമൂഹിക പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും അംബേദ്കർ പറഞ്ഞുവയ്ക്കുന്നു. ആരും വിവേചനം നേരിടാത്ത, ആർക്കും ആത്മഹത്യ ചെയ്യേണ്ടിവരാത്ത കാംപസുകളാണ് രാജ്യത്ത് വേണ്ടത്. അതിനായി ജാതി വിവേചനത്തിനെതിരേ ശക്തമായ നടപടി സർക്കാരുകൾ സ്വീകരിക്കണം.
Content Highlights:Caste discrimination killing students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."