കൃഷിനിലങ്ങളില്‍ നിന്ന് സ്‌നേഹം കൊയ്യാനാകുമോ?
എ.പി കുഞ്ഞാമു
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മുസഫര്‍നഗറില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്തില്‍ തടിച്ചുകൂടിയ ലക്ഷക്കണക്കിന് കര്‍ഷകര്‍ ആവേശപൂര്‍വം നടത്തിയ പ്രഖ്യാപനം എന്തുവന്നാലും ശരി യോഗി ആദിത്യനാഥിനെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിച്ചേക്കാവുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്. രാജ്യത്തുടനീളം കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുകയും യാതൊരു വിട്ടുവീഴ്ചക്കും തയാറാകാതെ മോദി സര്‍ക്കാര്‍ സമരത്തെ നേരിടുകയും ചെയ്യുന്നുണ്ടെങ്കിലും പ്രത്യക്ഷമായ ഒരു രാഷ്ട്രീയ നിലപാട് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നില്ല. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ അണിനിരന്ന കര്‍ഷകര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് ഉറപ്പിച്ചു പറയുമ്പോള്‍ അതിന്റെ അര്‍ഥം കര്‍ഷക സമരം അതിന്റെ രാഷ്ട്രീയമായ പ്രസക്തിയും അനിവാര്യതയും ഉള്‍ക്കൊണ്ടു എന്നാണ്. അതുകൊണ്ടുതന്നെ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയ ദിശാബോധത്തിന് തുടക്കമിട്ടിരിക്കുന്നു എന്ന് പറയാം. ഈ ദിശാബോധത്തെ കൃത്യമായി പൂരിപ്പിക്കുക എന്നതാണ് സംഘ്പരിവാറിന്റെ സ്പര്‍ദ്ധാനിര്‍ഭര രാഷ്ടീയത്തിനെതിരായി ചിന്തിക്കുന്നവരുടെ അടിയന്തര ചുമതല. സംയുക്ത കിസാന്‍ പഞ്ചായത്ത് അതിനു തുടക്കമിട്ടു കഴിഞ്ഞു. ഈ പ്രഖ്യാപനം തുറന്നിട്ട സഞ്ചാരപഥത്തിലൂടെയായിരിക്കും ഇനി യു.പിയിലെ കര്‍ഷക സമൂഹത്തിന്റെ രാഷ്ട്രീയ യാത്രകള്‍
എന്നാല്‍ മുസഫര്‍നഗറിലെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്ത് ചരിത്രത്തില്‍ സ്ഥാനം നേടുന്നത് മറ്റൊന്നു കൊണ്ടാണ്. പഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന കര്‍ഷകലക്ഷങ്ങളുടെ മുമ്പാകെവച്ച് രാകേഷ് ടിക്കായത്ത് ഹര ഹര മഹാദേവ എന്നതിനോടൊപ്പം അല്ലാഹു അക്ബര്‍ എന്ന തക്ബീറും വിളിച്ചുകൊടുത്തു. ജനലക്ഷങ്ങള്‍ ആമോദത്തോടെ രണ്ടും ഏറ്റുവിളിച്ചു. അപ്പോള്‍ ടിക്കായത്ത് പറഞ്ഞ ഒരു കാര്യമുണ്ട്; ചെറുപ്പത്തില്‍ തന്റെ അച്ഛനും കര്‍ഷകരുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായ മഹേന്ദ്ര സിങ് ടിക്കായത്ത് രണ്ടു മന്ത്രങ്ങളും വിളിച്ചു കൊടുക്കാറുണ്ടായിരുന്നു. ജനം അത് ഏറ്റുവിളിക്കാറുമുണ്ടായിരുന്നു'. പിന്നീട് എവിടെവച്ചാണ് മുസഫര്‍നഗറിലെ ജനങ്ങള്‍ക്കെന്നല്ല ഇന്ത്യക്ക് മൊത്തത്തില്‍ ഈ മന്ത്രധ്വനികള്‍ നഷ്ടപ്പെട്ടത്? ഏതായാലും മഹാപഞ്ചായത്ത് അത് തിരിച്ചുപിടിക്കലിലൂടെ രാജ്യം മതേതരത്വത്തിന്റെ അന്തസ്സ് തിരിച്ചുപിടിക്കുന്നു എന്ന പ്രത്യാശയിലേക്കാണ് രാകേഷിന്റെ വിളികളുടെയും വാക്കുകളുടെയും സൂചന.
അടുപ്പവും അകല്‍ച്ചയും
മുസഫര്‍നഗര്‍ യു.പിയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരമാണ്. മുഗള സൈന്യാധിപനായിരുന്ന മുസഫര്‍ അലി ഖാന്‍ സ്ഥാപിച്ച നഗരം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ഏറെക്കുറെ തുല്യമായ ബലാബലം പാലിക്കുന്ന പ്രദേശം. ചെറിയ മുന്‍തൂക്കമേ ഹിന്ദുക്കള്‍ക്കുള്ളൂ. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ അടക്കം പ്രമുഖരായ നിരവധി മുസ്‌ലിംകള്‍ മുസഫര്‍നഗര്‍ സ്വദേശികളായുണ്ട്. ജാട്ട് വര്‍ഗക്കാരാണ് മുസ്‌ലിംകളും ഹിന്ദുക്കളുമായ കര്‍ഷകരില്‍ മഹാഭൂരിപക്ഷവും. അതുകൊണ്ടുതന്നെ ജാട്ടുകളുടെ നേതാവായ ചരണ്‍ സിങ്ങിനെ പിന്തുണച്ചവര്‍. പില്‍ക്കാലത്ത് അജിത്ത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദളിലായിരുന്നു ജാട്ടുകള്‍ ഏറെക്കുറെ. അതിനാല്‍ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്ന് മുസഫര്‍ നഗറില്‍ വേരിറക്കാന്‍ കാര്യമായി സാധിച്ചിരുന്നില്ല. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഈ പ്രതികൂലാവസ്ഥയെ മറികടക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. 2013 ലെ മുസഫര്‍നഗര്‍ കലാപമാണ് അതിനു വഴിവച്ചത്. 62 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. മുസ്‌ലിംകള്‍ക്ക് വലിയ നാശ നഷ്ടങ്ങളുണ്ടായി. ഹിന്ദുക്കള്‍ക്കുമുണ്ടായി പ്രയാസങ്ങള്‍. അമ്പതിനായിരത്തില്‍ പരം ആളുകള്‍ പലായനം ചെയ്യേണ്ടി വന്നു. അതിലേറെ ദുഃഖകരം ജാട്ടുകള്‍ക്കിടയിലുണ്ടായ അകല്‍ച്ചയാണ്. മഹേന്ദ്ര സിങ് ടിക്കായത്തിന്റെ വലംകൈയായിരുന്നു ഗുലാം മുഹമ്മദ് ഭോല. കലാപം സൃഷ്ടിച്ച വൈകാരികമായ ആഘാതം ടിക്കായത്തിനെയും ഭോലയെയും പരസ്പരം അകറ്റി. ഭാരതീയ കിസാന്‍ യൂണിയന്‍ വിട്ട് ഭോല ഭാരതീയ കിസാന്‍ മസ്ദൂര്‍ മഞ്ചുണ്ടാക്കി. ഈ അകല്‍ച്ച ഇരു മതങ്ങളിലും പെട്ട കൃഷിക്കാര്‍ക്കിടയില്‍ വലിയ ശത്രുതയിലാണെത്തിച്ചത്. എട്ടു കൊല്ലക്കാലത്തെ പരസ്പരവൈരത്തിന്റെ ഉണങ്ങാത്ത മുറിവുകളില്‍ പുരട്ടിയ ശമനലേപനമായിരുന്നു ടികായത്തിന്റെ ഹര ഹര മഹാദേവ, അല്ലാഹു അക്ബര്‍ വിളികള്‍. ഭിന്നിപ്പുകള്‍ മറന്ന് ഒന്നാവാന്‍ കര്‍ഷക സമരം നിമിത്തമാവുകയായിരുന്നു.
സമുദായങ്ങള്‍ തമ്മില്‍ ഐക്യപ്പെടുന്നതിനുള്ള ഏറ്റവും ഉചിതമായ വഴി ഇരുകൂട്ടരും ഒരേ ലക്ഷ്യത്തിന്നു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. പൊതുവായ ലക്ഷ്യങ്ങളും താല്‍പര്യങ്ങളും മതാതീതമായി അവരെ യോജിപ്പിക്കുന്നു. കൃഷിക്കാര്‍ക്കിടയിലാണ് ഈ ഐക്യം ഏറ്റവും ഫലപ്രദമായി വളര്‍ന്നു വരുന്നത്. വെള്ളവും വളവും പരസ്പരം പങ്കിട്ടു കൊണ്ടാണ് കൃഷി മുന്നോട്ടു പോകുന്നത്. കൃഷിക്കാര്‍ക്ക് പൊതുശത്രുക്കളാണുള്ളത്. കീടങ്ങളും കാലാവസ്ഥയുമൊക്കെ ജാതി, മതാതീതമായി നടത്തുന്ന പോരാട്ടമാണ് കൃഷി. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ സമുദായ മൈത്രി എന്ന സന്ദേശം പ്രസരിപ്പിക്കുവാന്‍ ഒന്നിച്ചുചേര്‍ന്നു നടത്തുന്ന കൂട്ടുകൃഷി എന്ന രൂപകത്തെ ഉപയോഗപ്പെടുത്തിയത് വെറുതെയല്ല. രാകേഷ് ടികായത്ത് ഹര ഹര മഹാദേവയെന്നും അല്ലാഹു അക്ബര്‍ എന്നുമുള്ള ഇരു മത വിഭാഗങ്ങളുടെയും മതകീയമന്ത്രങ്ങളെ പരസ്പരം സംയോജിപ്പിക്കുകയാണ് ചെയ്തത്. മത ചിഹ്നങ്ങളുപയോഗിച്ചാണ് സംഘ്പരിവാര്‍ അതേവരെ ഒരുമിച്ചുനിന്ന കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തുവിതച്ചത്. ഈ വിത്ത് മുളച്ചു. എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ കൃഷിപ്പാടങ്ങളില്‍ വിതച്ചത് സ്പര്‍ദ്ധയുടെ വിഷവിത്തുകളായിരുന്നുവെന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍ മുസഫര്‍ നഗറിലെ കര്‍ഷകര്‍ തങ്ങളുടെ കുറ്റമേറ്റു പറയുന്നു. സംസ്ഥാന, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തു എന്ന തെറ്റ് തിരുത്താന്‍ അവര്‍ തയാര്‍. ആ മനോനിലയിലേക്ക് അവരെ എത്തിക്കാന്‍ കര്‍ഷക സംഘടന ഉപയോഗിച്ചത് മതചിഹ്നങ്ങള്‍ തന്നെയാണ്. മോദിയും യോഗിയും അവയെ നിഷേധാത്മകമായി ഉപയോഗിച്ചപ്പോള്‍ കര്‍ഷകര്‍ അതിനെ സര്‍ഗാത്മകമായി വ്യാഖ്യാനിച്ചു. ക്ഷേത്രമന്ത്രങ്ങളെയും ബാങ്കൊലികളെയും എപ്രകാരം സര്‍ഗാത്മകമാക്കാമെന്ന് കാണിച്ചു കൊടുക്കുകയാണ് ടിക്കായത്ത് ചെയ്തത്. അതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ തിരിച്ചറിഞ്ഞ് ഐക്യാഹ്വാനത്തെ ബി.എസ്.പി നേതാവ് മായാവതി സ്വാഗതം ചെയ്തത് വെറുതെയല്ല.
സാധ്യതകള്‍ എത്രത്തോളം
ഈ ഐക്യ സാധ്യതകളെ യു.പിയിലെ മതേതര രാഷ്ട്രീയം എത്രത്തോളം ഉപയോഗപ്പെടുത്തും എന്നതാണ് പ്രശ്‌നം. യോഗിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിക്കുകയല്ലാതെ ആ പ്രഖ്യാപനത്തിന്റെ പ്രായോഗികത കര്‍ഷകര്‍ ആലോചിച്ചിട്ടില്ല. ഒരു രാഷ്ട്രീയ കക്ഷിയോടും അവര്‍ കൂട്ടുചേര്‍ന്നിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതു പോരാ, കൃത്യമായ റൂട്ട് മാപ്പു തന്നെ വേണം. യു.പിയെ സംബന്ധിച്ചേടത്തോളം സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ലോകദള്‍, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ നാലു കക്ഷികള്‍ക്കും അവരുടേതായ വോട്ടു ബാങ്കുകളുണ്ട്. ഈ മതേതര കക്ഷികളുടെ ഭിന്നിപ്പ് ബി.ജെ.പിയെ അധികാരത്തിലെത്താനേ സഹായിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ബി.എസ്.പിയേയും എസ്.പിയേയും പോലെയുള്ള കക്ഷികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ജാതീയ സമവാക്യങ്ങളുടെ കളി അന്തിമമായി ഹിന്ദത്വരാഷ്ട്രീയത്തിനേ ഗുണം ചെയ്യുകയുള്ളൂ. വലിയ പാര്‍ട്ടികള്‍ പരസ്പരം യോജിച്ചു ബി.ജെ.പിക്ക് എതിരായി ഐക്യനിര സൃഷ്ടിക്കാന്‍ തല്‍പരരല്ല. പകരം ചില പ്രത്യേക സമുദായക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള ചെറുകക്ഷികളെ കൂടെ കൂട്ടി വോട്ടുറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. സമാജ് വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും കാര്യമെടുക്കുക. പരസ്പരം യോജിച്ചു ബി.ജെ.പിക്കെതിരായി ഒരു മതേതര ബദലുണ്ടാക്കുന്നതിലല്ല ഇരുകൂട്ടര്‍ക്കും താല്‍പ്പര്യം. കേശവ് ദേവ് മൗര്യയുടെ മഹന്‍ദള്‍, സഞ്ജയ് ചൗഹാന്റെ ജനവാദി സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ ചെറു പാര്‍ട്ടികളുമായി ചേര്‍ന്നു മത്സരിക്കാനാണ് അവര്‍ വട്ടം കൂട്ടുന്നത്. ഇത്തരം ചെറു പാര്‍ട്ടികള്‍ക്ക് ചില മേഖലകളിലും ചില സമുദായക്കാര്‍ക്കിടയിലും സ്വാധീനമുണ്ട്. അതുപയോഗിച്ച് പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് തന്ത്രം. കോണ്‍ഗ്രസ് അക്കാര്യം തുറന്നു പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയും ആ വഴിക്കാണ് നീങ്ങുന്നത്. ഈ നീക്കങ്ങളുടെ അര്‍ഥം വളരെ ലളിതമാണ്. അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷ അവര്‍ക്കില്ല. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന പദവിക്കു വേണ്ടിയാണ് മത്സരം. കോണ്‍ഗ്രസ്സിന്റേതായാലും എസ്.പിയുടേതായാലും. ബി.എസ്.പിയുടെ നിലപാട് പ്രവചനാതീതവുമാണ്. തനിക്ക് നേട്ടമുണ്ടാവുമെന്ന് തോന്നിയാല്‍ ദലിത് രാഷ്ട്രീയത്തെ ഹിന്ദുത്വത്തോട് കൂട്ടിക്കെട്ടാനും അവര്‍ മടിക്കുകയില്ല
ഈ സാഹചര്യത്തില്‍ കൃഷിപ്പാടങ്ങളില്‍ നിന്നുയര്‍ന്ന ഹര ഹര മഹാദേവക്കും തക്ബീറിനും പ്രസക്തി വര്‍ധിക്കുകയാണ്. യോഗിയെ പുറത്തെറിയുക എന്ന ദൗത്യം പൂര്‍ത്തീകരിക്കുന്നതിന്ന് സാഹചര്യമൊരുക്കാനുള്ള ഉത്തരവാദിത്വം കര്‍ഷക സംഘടനകള്‍ ഏറ്റെടുത്തേ മതിയാവുകയുള്ളൂ. രാഷ്ട്രീയകക്ഷികളുടെ നോട്ടം താല്‍ക്കാലിക നേട്ടങ്ങളിലായിരിക്കും. എന്നാല്‍ സംയുക്ത കിസാന്‍ മോര്‍ച്ച മുന്നോട്ടുവച്ചത് ഇന്ത്യയുടെ മതേതര സ്വത്വത്തിന്റെ നിലനില്‍പില്‍ അധിഷ്ഠിതമായ ഒരാശയമാണ്. വിഘടിച്ചു നില്‍ക്കുന്ന സംഘ്പരിവാര്‍ വിരുദ്ധ ശക്തികളെ സുനിര്‍ണിതമായ ലക്ഷ്യങ്ങളിലേക്കും പ്രായോഗികതയുടെ വഴികളിലേക്കും കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയണം. രാകേഷ് ടിക്കായത്തിന്റെ ഹര ഹര മഹാദേവ അതിന്നുള്ള ആഹ്വാനമാവണം. അല്ലാഹു അക്ബറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."