സാക്ഷരതാമിഷനില്‍ പണത്തിനും പഠിതാക്കള്‍ക്കും രേഖയില്ല
തിരുവനന്തപുരം: സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ തുല്യതാ കോഴ്‌സ് നടത്തുന്ന സാക്ഷരതാമിഷനില്‍ പഠിതാക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. 2016 ജൂലൈ മാസത്തില്‍ പി.എസ് ശ്രീകല സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ആയ ശേഷം സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലായി വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത പഠിതാക്കളുടെ വിവരം ആണ്‍, പെണ്‍, എസ്.സി, എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, ഇതര സംസ്ഥാനം എന്നിങ്ങനെ ജില്ല തിരിച്ചും വര്‍ഷം തിരിച്ചും നല്‍കാമോയെന്നുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ആണ് വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലന്ന മറുപടി ലഭിച്ചത്.
പി.എസ് ശ്രീകല ഡയറക്ടര്‍ ആയ ശേഷം സാക്ഷരതയിലും വിവിധ തുല്യതാ കോഴ്‌സുകളിലും പരീക്ഷ എഴുതിയവരുടെ എണ്ണവും സംസ്ഥാന ഓഫിസില്‍ ഇല്ലെന്ന് മറുപടി രേഖ വ്യക്തമാക്കുന്നു. പദ്ധതികളുടെ മറവില്‍ വിവിധ വകുപ്പുകളില്‍ നിന്നു സാക്ഷരതാമിഷന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം ഡയറക്ടറുടെ നേതൃത്വത്തില്‍ തട്ടിയെടുത്തെന്ന ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. ഇതിനിടെയാണ് ഗുണഭോക്താക്കളുടെ വിവരങ്ങളില്ലെന്ന ഞെട്ടിക്കുന്ന സത്യവും സാക്ഷരതാമിഷന്‍ വെളിപ്പെടുത്തുന്നത്.
സാക്ഷരതാമിഷന്റെ തനത് വരുമാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള തുകയുടെ കണക്കും വിവരാവകാശ നിയമ പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
സാമൂഹിക നീതി, പട്ടിക ജാതി - പട്ടിക വര്‍ഗ ക്ഷേമം, നിയമം, ഫിഷറീസ്, പുരാവസ്തു തുടങ്ങിയ വകുപ്പുകളില്‍ നിന്നു 2016ന് ശേഷം വിവിധ പദ്ധതികള്‍ക്കായി 40 കോടിയോളം രൂപയാണ് സാക്ഷരതാമിഷന് ലഭിച്ചത്. ഈ തുകയുടെ വിനിയോഗവും ഗുണഭോക്താക്കളുടെ ലിസ്റ്റും സംബന്ധിച്ച വിവരം സൂക്ഷിച്ചില്ലെന്ന അധികൃതരുടെ മറുപടി വന്‍ സാമ്പത്തിക ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."