ആഡംബര വിവാഹം: കാംപയിനുമായി മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
ആഡംബര വിവാഹത്തിന് ഉപയോഗിക്കുന്ന പണം വിദ്യാഭ്യാസം, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങിയവയ്ക്ക് ഉപയോഗിക്കണം
ലഖ്‌നൗ: മുസ്‌ലിംകള്‍ക്കിടയില്‍ ആഡംബര വിവാഹങ്ങള്‍ക്കെതിരേ കാംപയിനുമായി മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്.
നിക്കാഹുകള്‍ ലളിതമായി നടത്താനും ആഡംബര വിവാഹത്തിന് ഉപയോഗിക്കുന്ന പണം വിദ്യാഭ്യാസം, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങിയവയ്ക്ക് ഉപയോഗിക്കണമെന്നും ദേശീയ വക്താവ് മൗലാനാ സജ്ജാദ് നുമാനി പറഞ്ഞു.
പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ റആബി ഹസനി നദ്‌വിയും ആഡംബര വിവാഹം ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു. സെക്രട്ടറി മൗലാന ഉംറൈന്‍ മഹ്ഫൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ആഡംബര വിവാഹത്തിനെതിരേ നിലപാടെടുത്തത്. ആഡംബര വിവാഹം മതപണ്ഡിതരും സ്ത്രീകളും ബഹിഷ്‌കരിക്കണമെന്ന് മൗലാനാ ഖാലിദ് സെയ്ഫുല്ല റഹ്മാനി പറഞ്ഞു.
ബോര്‍ഡിന് കീഴിലുള്ള ഇമാറത്ത് ശരീഅ വിങ്ങിന്റെ നേതൃത്വത്തില്‍ കാംപയിനും നടത്തും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ധൂര്‍ത്ത് വിവാഹങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങുകളായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കാംപയിന്‍ നടത്തുന്നത്.
ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന രീതിയില്‍ നടത്തുന്ന ആഡംബര വിവാഹം സമുദായത്തിന് ഗുണകരമല്ലെന്നും ഈ രീതി മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗവുമായ സിറാജ് ഇബ്രാഹിം സേട്ട് പറഞ്ഞു.
ധൂര്‍ത്ത് കല്ല്യാണങ്ങള്‍ ഒഴിവാക്കി, ആ തുക മറ്റു നിര്‍ധനരുടെ വിവാഹത്തിന് മാറ്റിവയ്ക്കുന്നതിന് വിശ്വാസികള്‍ പ്രോത്സാഹിപ്പിക്കണം.
ഇതിന് ഒരോ ജില്ലകളും മഹല്ലുകളും കേന്ദ്രീകരിച്ച് കാംപയിനുകള്‍ നടത്താന്‍ എല്ലാ മുസ്‌ലിം സംഘടനകളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."