പ്രതിപക്ഷ നേതാവിനെ ഭരണപക്ഷാംഗം മര്‍ദിച്ചതായി ആരോപണം
കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷ നേതാവിനെ ഭരണപക്ഷാംഗം മര്‍ദിച്ചതായി ആരോപണം. ആറാം വാര്‍ഡ് മെമ്പര്‍ യു.ഡി.എഫിലെ എ.കെ ജമാലിനെയാണ് പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷിഹാസ് മുറിത്തറ മര്‍ദിച്ചതായി പരാതിയുള്ളത്. ഇന്നലെ രാവിലെ പഞ്ചായത്തില്‍ നടന്ന സമ്പൂര്‍ണ ശൗചാലയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചക്കിടെയാണ് സംഭവം.
പത്ത്, പതിനാല് വാര്‍ഡുകളിലെ ഒന്‍പത് കുടുംബങ്ങള്‍ക്ക് മാത്രം ശൗചാലയം നിര്‍മിച്ച് പദ്ധതി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയത് എ.കെ ജമാല്‍ ചോദ്യം ചെയ്യുകയും തന്റെ വാര്‍ഡില്‍ അഞ്ചോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ശൗചാലയം ഇല്ലെന്നും എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തണമെന്നും എ.കെ ജമാല്‍ യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ഷിഹാസ് മുറിത്തറ എ.കെ ജമാലിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ഷിഹാസിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരിപ്പ് സമരവും നടത്തുകയും ചെയ്തു. എന്നാല്‍ യു.ഡി.എഫ് അംഗങ്ങളുമായി സംസാരിച്ച് പരിഹാരം കാണാന്‍ പ്രസിഡന്റ് തയാറായില്ലെന്ന് പഞ്ചായത്തംഗം ഉമറുല്‍ ഫാറൂഖ് ആരോപിച്ചു. മര്‍ദനമേറ്റ എ.കെ ജമാലിനെ കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം എ.കെ ജമാലിനെ മര്‍ദിച്ചിട്ടില്ലെന്നും മെമ്പറുടെ ആവശ്യം ഈ യോഗത്തില്‍ വെച്ച് തന്നെ തീരുമാനിക്കാമെന്ന് പറഞ്ഞെങ്കിലും ഇത് നിരസിച്ച് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു. പഞ്ചായത്ത് പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ച് കുത്തിയിരിപ്പ് സമരം നടത്തിയ യു.ഡി.എഫ് അംഗങ്ങളെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് മതിലകം പൊലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പഞ്ചായത്തംഗങ്ങളായ ഉമറുല്‍ ഫാറൂഖ്, പി.എ അബ്ദുള്‍ ജലീല്‍, അമ്പിളി പ്രിന്‍സ്, ഷെറീന ഹംസ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."