മലയാളി വ്യവസായിയുടെ ഐഡി ഫുഡിനെതിരേ സംഘ്പരിവാര്‍
ബംഗളൂരു: മലയാളി സംരംഭകന്‍ പി.സി.മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഐഡി ഫ്രഷ് ഫുഡിനെതിരേ വിദ്വേഷപ്രചാരണവുമായി സംഘ്പരിവാര്‍. അപകീര്‍ത്തികരമായ പ്രചാരണത്തിനെതിരേ ബംഗളൂരു സൈബര്‍സെല്ലില്‍ പരാതി നല്‍കിയതായി കമ്പനി അറിയിച്ചു.
പശുക്കൊഴുപ്പ് ഭക്ഷണ ചേരുവയായി ഉപയോഗിക്കുന്നതിനാല്‍ ഹിന്ദുക്കള്‍ ഐഡി ഉത്പനങ്ങള്‍ വാങ്ങരുതെന്നാണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം. പ്രൗഡ് ഹിന്ദു ഇന്ത്യന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ ശ്രീനിവാസ എസ്.ജിയാണ് കാംപയിനിന് തുടക്കമിട്ടത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ് ഫുഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി റെഡി ടു കുക്ക് ഇഡ്‌ലി, ദോശമാവുകളാണ് വില്‍ക്കുന്നത്.
അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കമ്പനി നേടിയിട്ടുണ്ട്. പശുവിന്റെ എല്ലും കാളക്കുട്ടിയുടെ കുടലില്‍ നിന്നുണ്ടാക്കുന്ന പ്രോട്ടീനും മാവില്‍ ചേര്‍ക്കുന്നു എന്നാണ് ശ്രീനിവാസയുടെ ട്വീറ്റ്. ഹലാല്‍ സര്‍ട്ടിഫൈഡ് ആണ്, മുസ്‌ലിം ജീവനക്കാര്‍ മാത്രമുള്ള സ്ഥാപനമാണ് തുടങ്ങിയ വിദ്വേഷ പ്രചാരണമാണ് ഇവര്‍ നടത്തിയത്. എന്നാല്‍ തങ്ങള്‍ക്കെതിരേ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങളാണെന്ന് കമ്പനി അറിയിച്ചു.
മാവില്‍ അരി, പരിപ്പ്, ഉലുവ, വെള്ളം എന്നിവയാണ് ഉപയോഗിക്കുന്നത്. മൃഗസത്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും പൂര്‍ണമായും വെജിറ്റേറിയനാണെന്നും കമ്പനി വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലാണ് ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും രാസമുക്തവും ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റ് സംവിധാനത്തിന് അനുസൃതവുമാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
2005ലാണ് പി.സി.മുസ്തഫ കമ്പനി സ്ഥാപിച്ചത്. ഇഡ്‌ലി, ദോശ മാവിനു പുറമേ ശീതീകരിച്ച പൊറോട്ട, ഫില്‍റ്റര്‍ കോഫി മിശ്രിതം എന്നിവയും ഐഡി വിപണിയില്‍ ഇറക്കുന്നുണ്ട്. യു.എസിലും യു.എ.ഇയിലും ഇന്ത്യയിലെ 45 നഗരങ്ങളിലും ഐഡി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."