ഭെല്‍ ഇ.എം.എല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കാസര്‍കോട്ടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (ബി.എച്ച്.ഇ.എല്‍ - ഇ.എം.എല്‍) സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. നഷ്ടം നേരിട്ട് പ്രതിസന്ധിയിലാവുകയും പൊതുമേഖലയില്‍ നിന്ന് കൈയൊഴിയുമെന്ന് ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസര്‍കോട് 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യൂനിറ്റ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് (ഭെല്‍) 2010ലാണ് കൈമാറിയത്.
51 ശതമാനം ഓഹരികള്‍ ഭെല്‍ കൈവശം വച്ചു. 49 ശതമാനം ഓഹരികള്‍ കേരള സര്‍ക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയില്‍ ഭെല്‍ - ഇ.എം.എല്‍ എന്ന പേരിലായിരുന്നു പുതിയ കമ്പനി രൂപീകരിച്ചിരുന്നത്. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനാവാതെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നഷ്ടം സംഭവിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ ഭീഷണിയുണ്ടായി. ഈ അവസ്ഥയിലാണ് വീണ്ടും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപനത്തെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുന്‍കാലങ്ങളില്‍ കമ്പനി വരുത്തിവച്ച 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയാണ് സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. തൊഴിലാളികളുടെ രണ്ടു വര്‍ഷത്തെ ശമ്പള കുടിശികയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്രസാമഗ്രികള്‍ക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്ടറി പുനരുജ്ജീവിപ്പിച്ച് ട്രാക്ഷന്‍ മോട്ടേഴ്‌സ്, കണ്‍ട്രോളറുകള്‍, ആള്‍ട്ടര്‍നേറ്റര്‍, റെയില്‍വേയ്ക്ക് ആവശ്യമായ ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍, മോട്ടേഴ്‌സ് ഡിഫന്‍സിന് ആവശ്യമായ സ്‌പെഷല്‍ പര്‍പ്പസ് ആള്‍ട്ടര്‍നേറ്റര്‍, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളര്‍ തുടങ്ങിയവ ഉല്‍പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമായി ഇത് നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ.കെ ഇളങ്കോവന്‍, എ.പി.എം. മുഹമ്മദ് ഹനീഷ്, മുന്‍ എം.പി പി.കരുണാകരന്‍, ഭെല്‍ ഡയരക്ടര്‍ രേണുക ഗേര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."