വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപദേശകന്‍; സര്‍ക്കാരിന് ചെലവ് ലക്ഷങ്ങള്‍
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയമിച്ച മുഖ്യ ഉപദേശകനുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍. ഗ്ലോബല്‍ വൈറോളജി നെറ്റ്‌വര്‍ക്ക് സ്ഥാപകനും അയര്‍ലന്‍ഡുകാരനുമായ ഡോ. വില്യംഹാളിനെയാണ് മുഖ്യഉപദേശകനായി 2019 ല്‍ സര്‍ക്കാര്‍ നിയമിച്ചത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക, സ്റ്റാഫിനെ നിയമിക്കുന്ന മാനദണ്ഡം നിര്‍ണയിക്കുക, അഞ്ചു വര്‍ഷത്തേക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശാസ്ത്രീയ അജണ്ട തയാറാക്കുക തുടങ്ങി 11 ചുമതലകളായിരുന്നു നല്‍കിയിരുന്നത്.
ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നിയമിച്ച് രണ്ടു വര്‍ഷമായിട്ടും എന്തു നടന്നെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രവര്‍ത്തനം വിലയിരുത്താന്‍ വില്യംഹാള്‍ രണ്ടു തവണ കേരളത്തിലെത്തി. ഇതിന് സര്‍ക്കാരിന് ലക്ഷങ്ങള്‍ ചെലവായെന്നാണ് കണക്ക്. അയര്‍ലന്‍ഡില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ ചെലവ്, ഹോണറേറിയം, കേരളത്തിലെ താമസം, യാത്ര അങ്ങനെ ലക്ഷങ്ങള്‍ ചെലവഴിച്ചതായും കണക്കുകള്‍ പറയുന്നു.
വര്‍ഷത്തില്‍ രണ്ടു തവണ കേരളം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്ന നിബന്ധന പ്രകാരമാണ് ഹാള്‍ വന്നത്. രണ്ടുതവണയും കേരളം കണ്ടുമടങ്ങിയെന്നല്ലാതെ കാര്യമായി ഒന്നും നടന്നില്ലെന്നാണ് വിലയിരുത്തല്‍. വില്യംഹാളിനെ ഇനി മുഖ്യഉപദേശക സ്ഥാനത്തു നിന്ന് നീക്കിയോ എന്ന കാര്യം സര്‍ക്കാര്‍ വിശദീകരിച്ചിട്ടുമില്ല. അതിനിടെ, അയര്‍ലന്‍ഡില്‍ വില്യംഹാളിന്റെ ഗ്ലോബല്‍ വൈറോളജി നെറ്റ്‌വര്‍ക്കില്‍ ശാസ്ത്രജ്ഞരെ പരിശീലനത്തിന് അയക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതിനായും ലക്ഷങ്ങള്‍ ചെലവഴിക്കുമെന്നു വ്യക്തം.
2019 ഫെബ്രുവരിയിലാണ് തോന്നയ്ക്കലില്‍ വ്യവസായ വികസന കോര്‍പറേഷനു കീഴിലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഐ.ഐ.വി) ഉദ്ഘാടനം ചെയ്തത്. രോഗനിര്‍ണയ വിഭാഗം സജ്ജമായെന്നും ഇതിനു വേണ്ട ഉപകരണം വന്നെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തനം പൂര്‍ണമാകാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."