ശശികലയുടെ 100കോടി രൂപയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു
ചെന്നൈ: മുന്‍ എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ 100കോടി രൂപയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. വി.കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 11 വസ്തുവകകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട്ടിലെ പയന്നൂര്‍ ഗ്രാമത്തില്‍ 49 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കളാണിത്. 1991 മുതല്‍ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വാങ്ങിച്ചതാണെന്ന് കരുതുന്നു. വാങ്ങിയപ്പോള്‍ ഏകദേശം 20 ലക്ഷം രൂപ വിലയുണ്ടായിരുന്ന വസ്തുവിന്റെ ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്.
ജയലളിതയുടെയും അവരുടെ അടുത്ത സഹായിയായ ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരശിയുടെയും സുധാകരന്റെയും അനധികൃത സ്വത്ത് പട്ടികയില്‍ ഉള്‍പ്പെടുന്നതാണിത്.
കഴിഞ്ഞ സെപ്തംബറില്‍ ശശികലയുടെ ബംഗ്ലാവ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. പോയസ് ഗാര്‍ഡനോട് ചേര്‍ന്ന് 2200 സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിലാണ് ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് വരുമ്പോള്‍ ശശികലക്ക് താമസിക്കാനായിരുന്നു ബംഗ്ലാവ് പണിതത്. ഇതടക്കം ഇതുവരെ ശശികലയുടെ 60 സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിട്ടുള്ളത്.
അഴിമതിക്കേസില്‍ നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 67കാരിയായ ശശികല ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."