കര്‍ണാലില്‍ ഇന്റര്‍നെറ്റ് സേവനം വീണ്ടും റദ്ദാക്കി; സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍
ഹരിയാന: കര്‍ഷക സമരം നടക്കുന്ന കര്‍ണാലില്‍ ഇന്റര്‍നെറ്റ് സേവനം വീണ്ടും റദ്ദാക്കി. എസ്.എം.എസ് സേവനങ്ങളും റദ്ദു ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വിശദീകരണം.
കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ചുള്ള കര്‍ഷക സംഘടനകളുടെ ഉപരോധം മൂന്നാം ദിവസത്തിലെത്തി. കര്‍ഷകരെ മര്‍ദ്ദിക്കാന്‍ ഉത്തരവിട്ട ആരോപണ വിധേയനായ എസ്.ഡി.എം ആയുഷ് സിന്‍ഹയ്‌ക്കെതിരെ നടപടി എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഇന്നലെ ഹരിയാന സര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വിഷയത്തില്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഹരിയാനയിലെ മുഴുവന്‍ കലക്ട്രേറ്റുകളും ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. ഇക്കാര്യം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും.
കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കര്‍ഷകര്‍ ശക്തമാക്കുകയാണ്. മുസഫര്‍ നഗറിന് പിന്നാലെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലും മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയിരിക്കുകയാണ് കര്‍ഷക സംഘടനകള്‍.
മഹാപഞ്ചായത്തിന്റെ തിയ്യതി അടുത്ത മാസം ചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനിക്കും. രാജസ്ഥാനിലേക്കും ഛത്തീസ്ഗഡിലേക്കും സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."