നിപയില്‍ വീണ്ടും ആശ്വാസം : 22 ഫലങ്ങള്‍ കൂടി നെഗറ്റീവ്
കോഴിക്കോട്: നിപാ ബാധിച്ചു മരിച്ച പാഴൂര്‍ സ്വദേശിയായ 13കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 22 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 68 പേര്‍ക്ക് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. മെഡിക്കല്‍ കോളജില്‍ 64 പേര്‍ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
274 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 149 ആരോഗ്യ പ്രവര്‍ത്തകരാണ്. മറ്റ് ജില്ലകളിലുള്ളവര്‍ 47. ഏഴുപേര്‍ക്ക് രോഗലക്ഷണമുണ്ട്്. ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല.
ചാത്തമംഗലം പഞ്ചായത്തില്‍ കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടെയ്ന്‍മെന്റ് സോണില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും ഹൗസ് ടു ഹൗസ് സര്‍വേ പൂര്‍ത്തിയാക്കി. അസ്വാഭാവിക പനിയോ മരണങ്ങളോ ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടില്ല.
പനി പോലുള്ള ലക്ഷണങ്ങളുള്ള 89 പേരെയാണ് സര്‍വേയില്‍ കണ്ടെത്തിയത്. അവര്‍ക്ക് കുട്ടിയുമായി സമ്പര്‍ക്കമില്ല. കൊവിഡും നിപായും പരിശോധിക്കുന്നതിനായുള്ള സാംപിളുകള്‍ ഇവരില്‍ നിന്നു ശേഖരിക്കുന്നു. ഇതിനായി രണ്ട് സംഘങ്ങളെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ കേന്ദ്രസംഘവും സന്ദര്‍ശിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."