വരുമാനമില്ലാത്ത സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: വരുമാനമില്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. ഇത്തരം സര്‍വീസുകള്‍ ഒഴിവാക്കിയാല്‍ മാത്രമേ ഇനി പിടിച്ചുനില്‍ക്കാനാവൂ. ഉച്ചക്ക് പോലും യാത്രക്കാരില്ലാതെയാണ് പല സര്‍വിസുകളും നടത്തുന്നത്. യൂനിറ്റുകളിലെ ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകള്‍ അതാത് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതില്‍ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുകയും ചെയ്യുന്ന യൂനിറ്റ് ഓഫിസര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സി.എം.ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കി . കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് സി.എം.ഡി പറഞ്ഞു. വരുമാനമില്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കും. ഇതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കും. ശമ്പളം നല്‍കാനുള്‍പ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ഓരോ മാസവും അഭ്യര്‍ഥിക്കുന്നത്. 4800 ബസുകള്‍ സര്‍വിസ് നടത്തിയിരുന്നയിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് ഓടുന്നത്. പല വിഭാഗങ്ങളിലും ജീവനക്കാര്‍ അധികമാണ്. അധികമുള്ള സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, മധ്യപ്രദേശിലെ മാതൃകയില്‍ 50 ശതമാനം ശമ്പളം കൊടുത്ത് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല അവധി നല്‍കുന്നതുള്‍പ്പെടെയുളള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കും. സര്‍ക്കാര്‍ തീരുമാനിക്കുന്ന പക്ഷം അതനുസരിച്ച് മുന്നോട്ടുപോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്നും സി.എം.ഡി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."