വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിക്കും; പൊലിസിനോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി വിശദാംശങ്ങള്‍ തേടി. സംഭവത്തിന് പിന്നില്‍ പ്രത്യേക താത്പര്യമുള്ള ഏതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന സംശയത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ക്യാംമ്പ് ചെയ്യുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതകേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു. വിഴിഞ്ഞം പൊലീസിനോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതിനിടെ, വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ച് ഹിന്ദു ഐക്യവേദി ഇന്ന് വൈകീട്ട് നടത്തുമെന്നറിയിച്ച മാര്‍ച്ചിനെതിരെ പൊലിസിന് നോട്ടിസ് നല്‍കി.
മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ സംഘടനയായിരിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ഹിന്ദു ഐക്യവേദി മാര്‍ച്ച്. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനില്‍ നിന്ന് മാര്‍ച്ച് തുടങ്ങും.പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലിസിന്റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്താനാണ് വിഎച്ച്പി ശ്രമം. സമരത്തെ അനുകൂലിച്ചും എതിര്‍ത്തും സംഘടനകള്‍ മാര്‍ച്ച് നടത്തുന്നത് സംഘര്‍ഷം വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്കയുള്ളതിനാല്‍ സ്ഥലത്ത് കൂടുതല്‍ പൊലിസുകാരെ വിന്യസിക്കും.
അതിനിടെ, വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിതയായ ഡി.ഐ.ജി ആര്‍. നിശാന്തിനി ഇന്ന് സ്ഥലത്തെത്തും. പൊലിസ് സ്റ്റേഷന്‍ വരെ ആക്രമിച്ച ഗുരുതരസാഹചര്യം മുന്‍നിര്‍ത്തി ക്രമസമാധാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രദേശത്ത് മദ്യ നിരോധനവും പൊലിസിനുള്ള ജാഗ്രതാ നിര്‍ദേശവും തുടരുകയാണ്. പൊലിസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ തല്‍ക്കാലം ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."