ന്യൂനപക്ഷ മോര്‍ച്ച നാമനിര്‍ദേശ വിവാദം: ദേശീയ നേതൃത്വം അന്വേഷിക്കും
കോഴിക്കോട്: ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹസമിതിയിലേക്ക് രണ്ടുപേരെ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണവുമായി ദേശീയ നേതൃത്വം. ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി സയ്യദ് ഇബ്‌റാഹീം അന്വേഷണത്തിനും തെളിവെടുപ്പിനുമായി കഴിഞ്ഞദിവസം സംസ്ഥാനത്തെത്തി.
സി.പി.എമ്മില്‍നിന്നെത്തിയ നിധിന്‍ ജോസഫിനെയും എന്‍.സി.പിയില്‍നിന്നെത്തിയ സുമിത് ജോര്‍ജിനെയുമാണ് ഈയിടെ ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പ്രമുഖരെ അവഗണിച്ച് മറ്റു പാര്‍ട്ടികളില്‍നിന്നെത്തിയവരെ നാമനിര്‍ദേശം ചെയ്തതില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാനത്തെ കാര്യങ്ങള്‍ നോക്കുന്ന ഒരു ദേശീയ നേതാവ് ചര്‍ച്ചപോലും നടത്താതെയാണ് ഇവരെ നേരിട്ട് ദേശീയ നേതൃത്വത്തിലെത്തിച്ചതെന്നും ബി.ജെ.പി ദേശീയ നേതൃത്വത്തിന് പ്രവര്‍ത്തകര്‍ പരാതി അയച്ചിരുന്നു.
ദേശീയ നേതാവിന്റെ പേര് വീണ്ടും വിവാദങ്ങളില്‍പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തെ ഗൗരവമായി കണ്ട് ദേശീയ സെക്രട്ടറി അടിയന്തിരമായി അന്വേഷണത്തിനെത്തിയതെന്നാണ് സൂചന. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഭാരവാഹിയോഗം ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്തിരുന്നെങ്കിലും എ.പി അബ്ദുല്ലക്കുട്ടിയും ജോര്‍ജ് കുര്യനും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വിട്ടുനിന്നത് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിധിന്‍ ജോസഫിനെയും സുമിത് ജോര്‍ജിനെയും കൊച്ചിയില്‍ നേരിട്ടുകണ്ട ദേശീയ സെക്രട്ടറി എങ്ങനെ നാമനിര്‍ദേശം ചെയ്യപ്പെട്ടു എന്നതുള്‍പ്പെടെ അവരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും പ്രൊഫൈല്‍ എഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്. സീരിയല്‍, റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ഇവര്‍ പാര്‍ട്ടി അംഗത്വം നേടിയത് ആരുവഴിയാണെന്നുപോലും അന്വേഷിച്ചതായും അറിയുന്നു. സംസ്ഥാനത്തുനിന്ന് നല്‍കിയ പേരുകള്‍ അംഗീകരിക്കുകയായിരുന്നെന്നും വിവാദം അറിയില്ലെന്നും ദേശീയ നേതൃത്വം സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രമുഖരെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."