ആംബുലൻസുകളെയും വെറുതെ വിടാതെ ഇസ്റാഈൽ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ, നിരവധിപേർക്ക് പരുക്ക്
ആംബുലൻസുകളെയും വെറുതെ വിടാതെ ഇസ്റാഈൽ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ, നിരവധിപേർക്ക് പരുക്ക്
ഫലസ്തീനിലെ സാധാരണക്കാരായ മനുഷ്യർക്ക് നേരെയുള്ള വേട്ട തുടർന്ന് ഇസ്റാഈൽ. ഗസ്സയിൽ ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയിലാണ് സംഭവം. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകീട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ രോഗികളെ അൽ-ഷിഫ ഹോസ്പിറ്റലിൽ നിന്ന് റഫ അതിർത്തിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഈജിപ്ത് വഴി പുറത്തേക്ക് കൊണ്ട് പോകാനുള്ള ആംബുലൻസുകളുടെ സംഘത്തെ ഇസ്റാഈൽ ആക്രമണത്തിൽ ലക്ഷ്യം വെച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.
അൽ-ഷിഫയ്ക്ക് സമീപം ആക്രമണത്തിൽ തങ്ങളുടെ ആംബുലൻസുകളിലൊന്ന് ലക്ഷ്യമിട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. തങ്ങളുടെ ജീവനക്കാർ സുരക്ഷിതരാണെന്നും അവർ അറിയിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് ആംബുലൻസുകളിൽ ഒരെണ്ണം റെഡ് ക്രസന്റിന്റേതാണ്. ബാക്കി നാലും ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റേതാണ്.
അതേസമയം, വെള്ളിയാഴ്ച വൈകി ഗസ്സ സിറ്റിയിൽ നടന്ന മറ്റൊരു സംഭവത്തിൽ, സ്കൂളിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ ആരോഗ്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ചിരുന്നു സ്കൂളാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."