കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ കാവി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി സിലബസില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ വ്യാപക പ്രതിഷേധം. എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ തീംസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ സിലബസാണ് വിവാദമായത്. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനെ കൂട്ടുപിടിച്ച് സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കാനുള്ള നീക്കം ദേശീയതലത്തില്‍ നടത്തുമ്പോഴാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസിലും സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇടംകിട്ടുന്നത്.
സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വി.ഡി സവര്‍ക്കറുടെ 'ഹിന്ദുത്വ: ഹു ഈസ് എ ഹിന്ദു', എം.എസ് ഗോള്‍വാല്‍ക്കറുടെ 'വീ ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്', 'ബഞ്ച് ഓഫ് തോട്ട്‌സ്' എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും പുസ്തകങ്ങളുള്ള സിലബസിലാണ് വര്‍ഗീയ പരാമര്‍ശങ്ങളുള്ള സവര്‍ക്കറിന്റേയും ഗോള്‍വാള്‍ക്കറിന്റേയും പുസ്തകങ്ങള്‍ തിരുകികയറ്റിയിരിക്കുന്നത്.
ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ മാത്രമാണ് ഈ കോഴ്‌സ് ഉള്ളത്. പുതിയതായി അനുവദിച്ച കോഴ്‌സാണിത്. ബ്രണ്ണനിലെ അധ്യാപകര്‍ തന്നെ സിലബസ് തയാറാക്കി നല്‍കുകയും അത് വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയും ചെയ്തുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."