HOME
DETAILS

കശ്മിർ ഫയൽസും ഗുജറാത്ത് തെരഞ്ഞെടുപ്പും തമ്മിലെന്ത്?

  
backup
December 01 2022 | 03:12 AM

78465235963-2

ദാമോദർ പ്രസാദ്


വിവേക് അഗ്നിഹോത്രിയുടെ 'കശ്മിർ ഫയൽസ്' അന്താരാഷ്ട്ര മത്സരത്തിൽ ഉൾപ്പെടുത്താൻ യോഗ്യമല്ലാത്ത വെറും പ്രചാരണലക്ഷ്യംവച്ചുള്ള വൾഗർ സിനിമയാണെന്ന് ഐ.എഫ്.എഫ്.ഐ സുവർണ ചകോരം അവാർഡ് നിർണയ സമിതിയുടെ അധ്യക്ഷൻ നാടാവ് ലാപിഡ് പറഞ്ഞത് ഏറെ വിവാദമായിരിക്കുകയാണ്. ഇതിനെത്തുടർന്ന് ലാപിടിന്റെ അഭിപ്രായത്തെ ഇന്ത്യയിലെ ഇസ്‌റാഇൗൽ പ്രതിനിധി തള്ളിപ്പറഞ്ഞു. ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രത്തെക്കുറിച്ചു ഇസ്റാഇൗൽ ഭരണകൂടത്തിന്റെ അഭിപ്രായം പങ്കിടുന്ന വ്യക്തിയല്ല നാടാവ് ലാപിഡ്. ഇസ്റാഇൗൽ പൗരനായിരിക്കെ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സംവിധായകനാണ് അദ്ദേഹം.


ഇന്ത്യയിൽ വിദ്വേഷമെന്നത് സ്വാഭാവികക്രിയയായി മാറിയിരിക്കുന്നുവെന്ന് മാത്രമല്ല ഇതിനു പ്രത്യേക മാധ്യമ സ്വീകാര്യതയും നേടിയിരിക്കുന്നു. വിദ്വേഷഭാഷണം ഏറ്റവും കൊഴുക്കുന്നത് പൊതുതെരഞ്ഞെടുപ്പു പ്രചാരണ വേദികളിലാണ്. ഇതിനെതിരേ പരാതികളുയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കാൻ വിസമ്മതിക്കുകയാണ്. വിദ്വേഷ പ്രചാരണം അഭികാമ്യമാവുന്നതോടൊപ്പം തെരഞ്ഞെടുപ്പുകളിൽ വോട്ടുകൾ ശേഖരിക്കാനുള്ള 'അംഗീകൃത' ഉപായവുമാകുന്നു. ഇത് ഫാസിസത്തിനു ലഭിക്കുന്ന സൂക്ഷ്മതല സാമൂഹികാംഗീകാരമായി പരിണമിക്കുന്നു. ഭരണകൂടത്തിന്റെ പിടിച്ചെടുക്കലിലൂടെ മാത്രമല്ല ഫാസിസം വികസ്വരമാകുന്നത്. പട്ടാള ഭരണം പോലുള്ള സമഗ്രാധിപത്യങ്ങളിൽ നിന്നും ഏകശാസനക്രമത്തിൽ നിന്നും ഫാസിസം വ്യതിരിക്തമാകുന്നത് വംശീയ വിദ്വേഷത്തിനു സാമൂഹിക ശ്രേണികളിലേക്ക് ഇടകലരാനാകുന്നു എന്നതിനാലാണ്. വലതുപക്ഷ ആശയങ്ങളെ സാമൂഹിക ഘടനയിലേക്ക് ഉൾച്ചേർത്തുകൊണ്ടാണ് വംശീയത ഫലപ്രദമായി വികസിക്കുന്നത്.
ഗുജറാത്ത് പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതര പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ നേടുന്ന ഓരോ സീറ്റും വലിയ നേട്ടങ്ങളാണ്. കാരണം വിദ്വേഷ ഭാഷണത്തിലൂടെ സൃഷ്ടിച്ച ബദൽ വലതുപക്ഷ യാഥാർഥ്യത്തെ മറികടക്കുക എന്നത് വളരെ ശ്രമകരമാണ്. പ്രത്യേകിച്ചും ഗുജറാത്ത് പോലെ ദീർഘകാലമായി ബി.ജെ.പി അധികാരത്തിലിരിക്കുകയും സംഘ്പരിവാർ സാമൂഹിക വിഭജനപ്രക്രിയയിൽ നിർണായക സ്വാധീനവുമാകുന്ന ഒരു പ്രദേശത്ത്. രാഷ്ട്രീയ ഹിംസാത്മകത പല രീതിയിൽ പ്രകടമാകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കേരളത്തിൽ പതിവായി രാഷ്ട്രീയക്കൊലപാതകങ്ങൾ നടക്കാറുണ്ട്. എങ്കിലും കൊലപാതകം നടത്തിയ ഒരു ക്വട്ടേഷൻ സംഘത്തെ ജയിൽ മോചിതരായതിനുശേഷം ഏന്തെങ്കിലും രാഷ്ട്രീയപാർട്ടി മാലയിട്ടു സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പുകളിൽ അവർക്ക് തിരിച്ചടിയാകാനേ വഴിയുള്ളൂ. ഗുജറാത്ത് മാതൃകയിൽ സ്ഥിതി വ്യത്യസ്തമാണ്.


തെരഞ്ഞെടുപ്പുകളുടെ സർഗാത്മക അനിശ്ചിതത്വമാണ് (creative uncertainty) ജനാധിപത്യത്തെ ആന്തരികമായി ബലപ്പെടുത്തുന്നത്. പൂർവനിശ്ചിതവിധം ആവർത്തന സ്വഭാവത്തോടെ ജൈവികപ്രശ്‌നങ്ങളെയും രാഷ്ട്രീയത്തെയും വിസ്മരിച്ചുകൊണ്ടു സമ്മതിദാനം രേഖപ്പെടുത്തുമ്പോൾ ജനാധിപത്യംതന്നെ വൾഗറായി മാറുകയാണ്. ജനാധിപത്യത്തിന്റെ അശ്ലീലത ആരംഭിക്കുന്നത് ഈവിധം വിദ്വേഷഗ്രസിതമായ രാഷ്ട്രീയം പൗരരുടെ വിവേകത്തിനും വിവേചനയുക്തിക്കും മേൽ പിടിമുറുക്കുന്നതോടെയാണ്. ജനാധിപത്യം ജീവസ്സുറ്റ ഔപചാരിക പ്രക്രിയയായി മാറുന്നു. ഇരുപത്തേയേഴു വർഷത്തെ ഭരണത്തെ തുടർന്ന് ഭരണവിരുദ്ധ വിവേകം ശക്തിപ്പെടേണ്ടതാണ്. മോർബി പാലം തകർന്നു നൂറിൽ അധികം പേർ കൊല്ലപ്പെട്ടതും പാലത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട അഴിമതിയും തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കേണ്ടതാണ്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഈ വിഷയം ഗൗരവമായി ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ടെങ്കിലും ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം. ഭരണത്തിലിരിക്കുന്ന സർക്കാരിനെ വലിച്ചുതാഴെയിടാൻ പാകത്തിലുള്ള ദുരന്തമാണ് മോർബിയൽ സംഭവിച്ചത്.


ഭരണവിരുദ്ധ വിവേകത്തെ മറികടക്കാനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ ഏറ്റവും വിദ്വേഷജനകമായ തെരഞ്ഞെടുപ്പ് പ്രചാരണവുമായി അമിത് ഷാ രംഗത്തുവന്നത്. 2002ൽ ഗുജറാത്തിൽ 'കലാപമിളക്കിവിടുന്നവരെ' പാഠം പഠിപ്പിക്കാനായെന്നും അതിനുശേഷമാണ് സംസ്ഥാനത്തിൽ ബി.ജെ.പി സമാധാനം ഉറപ്പാക്കിയതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രികൂടിയായ അമിത് ഷാ പ്രസ്താവന നടത്തി. ഇത് സാമുദായിക സംഘർഷം സൃഷ്ടിക്കാൻ പര്യാപ്തമാണ്. മുസ്‌ലിം വിരുദ്ധ അക്രമങ്ങളിൽ പങ്കാളിയായവരെ പരസ്യമായി ന്യായീകരിക്കുന്നതുമാണ്. വിദ്വേഷ പ്രസ്താവനകൾ ഗുജറാത്ത് വംശീയ അതിക്രമത്തെക്കുറിച്ചുള്ള ഒരു ബദൽ യാഥാർഥ്യമാണ് നിർമിക്കുന്നത്. ദ്വേഷഭാഷണത്തിലൂടെയാണ് ഇത് സ്ഥാപിച്ചെടുക്കുന്നത്. വോട്ടുകൾ സമാഹരിക്കാനും നിലവിലെ ഭരണവിരുദ്ധതയെ ലഘൂകരിക്കാനും മാത്രമല്ല തെരഞ്ഞെടുപ്പിൽ ഉയർന്നുവരേണ്ട പൊതുവിഷയങ്ങളെ റദ്ദുചെയ്യാനും ഇതുപകരിക്കുന്നു. വിഭജിത സാമൂഹികസ്ഥിതിയിൽ പൊതുവിഷയങ്ങൾ അപ്രധാനമാകുന്നു. ഇതാണ് ജനാധിപത്യത്തെ വൾഗറാക്കുന്നത്. ആൾട്ട് വലതുപക്ഷത്തിന്റെ രാഷ്ട്രീയം വിഭജന പ്രബോധനത്തിലൂടെ ജനാധിപത്യത്തെ ആന്തരികമായി നിർജീവമാക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ ഇടപെടേണ്ട വിഷയവുമാണിത്. പക്ഷേ കമ്മിഷൻ്റെ ഭാഗത്തുനിന്ന് വിശദീകരണമാരായൽ പോലുമുണ്ടായിട്ടില്ല. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ചു നിരീക്ഷിച്ചത് സർക്കാരിനു വിധേയമായി പ്രവർത്തിക്കുന്നവരാകരുതെന്നും ഭരണഘടന വിഭാവനം ചെയ്തവിധത്തിൽ സ്വതന്ത്ര ഏജൻസിയെന്ന നിലയിൽ പ്രവർത്തിക്കണമെന്നുമാണ്.


ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രചാരണത്തെ ഹിന്ദുത്വ രാഷ്ട്രീയം ഗ്രസിച്ചതിൽ കെജ്‌രിവാളും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ സംവാദ വിഷയമാകേണ്ട വർധിച്ചുവരുന്ന തൊഴിലില്ലായ്മയും കാർഷിക തകർച്ചയും സ്ത്രീകളുടെയും ദലിത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും അരക്ഷിതാവസ്ഥയും തൊഴിലുറപ്പു പദ്ധതി നടപ്പാക്കാതിരുന്നതും പ്രധാന ചർച്ച വിഷയമായി ഉയർന്നുവന്നില്ല. ജീവത്തായ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകാതിരിക്കുന്നതിൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ആം ആദ്മി പാർട്ടിയും കാര്യക്ഷമായി പ്രവർത്തിച്ചു. രാഷ്ട്രീയ പ്രചാരണത്തെ ഹിന്ദുത്വ അജൻഡകളിലേക്ക് കേന്ദ്രീകരിപ്പിക്കുന്ന ദൗത്യമാണ് ആം ആദ്മി നിർവഹിച്ചത്. ബി.ജെ.പിയെ തളയ്ക്കാൻ അവരുടെ രാഷ്ട്രീയ അജൻഡയെ പിടിച്ചെടുക്കുകയെന്ന ഉപായമായിരിക്കും ആം ആദ്മി ലക്ഷ്യമാക്കിയത്. ബി.ജെ.പി അതിൽ നിസ്സാരമല്ലാത്തവിധം പതറുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഫലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കൂടുതൽ ദ്വേഷഭരിതമാക്കാനേ ഇത് ഉപകരിച്ചുള്ളൂ. ആത്യന്തികമായി മുസ്‌ലിം ജനവിഭാഗമാണ് ഇതിന്റെയും ദുരിതം പേറേണ്ടവർ. കാരണം, ആം ആദ്മിയുടെ പ്രചാരണത്തെ മറികടക്കാൻ ബി.ജെ.പി കൂടുതൽ തീവ്ര വിഭജന രാഷ്ട്രീയമാണ് പ്രചാരണത്തിലേക്ക് കൊണ്ടുവന്നത്.


ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാൽക്കാരം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പതിനൊന്നു പേരെയും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാരിന്റെ തീരുമാന പ്രകാരം ജയിൽ മോചിതരാക്കി. ഇവർക്ക് ധീര പോരാളികളെ പോലെയാണ് സ്വീകരണം നൽകിയത്. ഇതിൽപരം ജനാധിപത്യം എന്ത് അശ്ലീലമാകാനാണ്? സാമാന്യ നീതിബോധത്തെ പോലും വെല്ലുവിളിക്കുന്ന കൃത്യമായതിനാലാകണം വലതുപക്ഷത്തിനുവേണ്ടി വായാടുന്ന അർണബ് ഗോസ്വാമിക്ക് പോലും പ്രതിഷേധിക്കേണ്ടിവന്നത്. പതിനൊന്നു കുറ്റവാളികളുടെ ജയിൽ മോചനം ജിഗ്‌നേഷ്‌ മേവാനിയും കോൺഗ്രസ്സ് പാർട്ടിയും തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ബിൽക്കിസ് ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാൻ തീരുമാനിച്ച കമ്മിറ്റിയിലെ അംഗവും കുറ്റവാളികളെ ബ്രാഹ്മണരും അതുകൊണ്ടുതന്നെ സംസ്‌കാരമുള്ളവരുമാണെന്നു വിശേഷിപ്പിച്ച ഗോധ്ര എം.എൽ.എയ്ക്ക് തന്നെ വീണ്ടും ബി.ജെ.പി സീറ്റ് നൽകി ബഹുമാനിച്ചിരിക്കുന്നു.
സമകാലീന ബദൽ വലതുപക്ഷത്തിന്റെ രാഷ്ട്രീയമാണ് 'കശ്മിർ ഫയൽസി'ലാണെങ്കിലും ഗുജറാത്ത് തെരഞ്ഞെടുപ്പിലാണെങ്കിലും ഫലപ്രദ ഹിന്ദുത്വ രാഷ്ട്രീയ സംഘടനകൾക്ക് ആവിഷ്‌കരിക്കാനാകുന്നത്. ഒരേസമയം, 'കശ്മിർ ഫയൽസി'ലെ പോലെ ഇരയാക്കപ്പെടുന്നു എന്ന ബദൽ യാഥാർഥ്യം നിർമിക്കുകയും മറുഭാഗത്ത് ഇതിനുള്ള പ്രതിവിധിയെന്നോണം ഏറ്റവും അക്രമോത്സുക വംശീയത പ്രകടമാക്കുകയും ചെയ്യുക. ആത്യന്തികമായി വംശീയരാഷ്ട്രനിർമിതിക്കുള്ള സാധൂകരണമാകുന്നു. സമീപകാല ബദൽ വലതുപക്ഷം ജനഹിതത്തിന്റെ ഔപചാരിക ഘടനകളെ തള്ളിക്കളയുന്നില്ലെന്ന് മാത്രമല്ല അതിനെ അവർക്കാവശ്യമാംവിധം ഉപയോഗിക്കുകയും ചെയ്യുന്നു. ജനഹിതത്തെ സ്വാധീനിക്കാൻ ദേശീയതയെ വംശീയവൽക്കരിക്കുകയും വംശീയവൽക്കരിക്കപ്പെട്ട ദേശീയത അതിനെ ഛിദ്രമാക്കുന്ന അപരസ്വത്വങ്ങളുമായി (തുക്ടെ തുക്ടെ) സംഘർഷത്തിലാണെന്നുള്ള ബദൽ യാഥാർഥ്യം നിർമിക്കുകയും ചെയ്യുന്നു. വംശീയ ദേശീയതയുടെ സ്വത്വ സംരക്ഷരായാണ് ആൾട്ട് റൈറ്റ് നിലക്കൊള്ളുന്നത്. ജനജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ യഥാർഥ ഭൗതിക പ്രശ്‌നങ്ങളെ തമസ്‌ക്കരിക്കപ്പെടുകയാണ്.


വലിയ വിഭാഗം സാധാരണക്കാരും തൊഴിലാളികളും കർഷകരും ഇടത്തരക്കാരും തൊഴിൽരഹിതരായ ചെറുപ്പക്കാരും അനുഭവിക്കുന്നപ്രശ്‌നങ്ങളെ മുൻനിർത്തി വംശീയ ആഖ്യാനത്തെ ചെറുക്കാനും നിശേഷം ഇല്ലാതാക്കാനും സാധിക്കേണ്ടതാണ്. എന്നാൽ, വലതുപക്ഷ പ്രസ്ഥാനങ്ങൾ വിജയിക്കുന്നത് അവരുടെ ദ്വേഷരാഷ്ട്രീയം ജനതയുടെ മനോഭാവത്തെ പോലും പിടിച്ചെടുക്കുമ്പോഴാണ്. ഇതിന്റെ അടയാളങ്ങൾ സവർക്കറൈറ്റ് ഹിന്ദുത്വത്തിനു കാലുകുത്താൻ പോലും പറ്റാത്ത ഇടങ്ങളിൽ പ്രത്യക്ഷമാകുന്നു എന്നതിലാണ് കൂടുതൽ ആകുലപ്പെടുത്തേണ്ടത്. അതുകൊണ്ടാണ് അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദമുണ്ടല്ലോ എന്ന പാതിരിയുടെ വംശീയ അധിക്ഷേപവും മുസ്‌ലിം വിദ്യാർഥിയെ കസബെന്ന് വിളിക്കുന്നത് തമാശയാണെന്നു കരുതുന്ന അധ്യാപകന്റെ വിദ്വേഷബോധവും വികസനത്തെ ചോദ്യം ചെയ്യുന്നത് തന്നെ രാജ്യദ്രോഹമാണെന്ന മന്ത്രിയുടെ വികലയുക്തിയും വിദ്വേഷ കാലുഷ്യത്തിന്റെ അപായ സൂചനകളായാണ് തിരിച്ചറിയേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  18 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  18 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  18 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  18 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  18 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  18 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago