അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം; ആര്യവൈദ്യശാല വര്‍ക്കേഴ്‌സ് യൂനിയന്‍
പാലക്കാട്: നായകള്‍ കുറുകെ ചാടി ബൈക്കപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരുവര്‍ഷം മുന്‍പ് ജീവന്‍ നഷ്ടപ്പെട്ട നാലു യുവാക്കള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി. പാലക്കാട് കഞ്ചിക്കോട് കൊയ്യാമരക്കാട് പെട്രോള്‍ പമ്പിനു സമീപം ദേശീയപാതയില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26 നായിരുന്നു സംഭവം.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഫാക്ടറി ജീവനക്കാരും മലപ്പുറം സ്വദേശികളുമായ കെ രമേഷ് (39), ശശിപ്രസാദ് (40), രാജേഷ് (35), കോയമ്പത്തൂര്‍ ഫാര്‍മസി ജീവനക്കാരന്‍ പാലക്കാട് സ്വദേശി പ്രഭാകരന്‍ (40) എന്നിവരാണ് മരിച്ചത്.
രാത്രി ഷിഫ്റ്റിനു ശേഷം ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന പാലക്കാട് പാറ പോക്കാന്‍തോട് എടുപ്പുകുളം സ്വദേശി പ്രഭാകരനും സുഹൃത്ത് രാജനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും റോഡില്‍ വീണു. ഇരുവരെയും രക്ഷിക്കുന്നതിന് ഓടിയെത്തിയവരുടെ മുകളിലൂടെ വാളയാര്‍ ഭാഗത്തേക്ക് അമിത വേഗതയില്‍ എത്തിയ മിനി ലോറി ഇടിച്ചുകയറിയായിരുന്നു അപകടം. നിസാരപരുക്കേറ്റ പ്രഭാകരന്റെ സുഹൃത്ത് രാജന്‍ രക്ഷപ്പെടുകയും ചെയ്തു.
പരുക്കേറ്റവരെ രക്ഷിക്കുന്നതിനുള്ള ശ്രമത്തില്‍ മരിച്ച മനുഷ്യസ്‌നേഹികള്‍ക്ക് ഒരുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.
എന്നാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചില്ലെന്നും നാലുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആര്യവൈദ്യ ശാല വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) പ്രസിഡന്റ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സുകുമാരന്‍ അധ്യക്ഷനായി. കെ രാമചന്ദ്രന്‍, എന്‍ മനോജ്, കെ.സി ജയപാലന്‍, ടി.വി വിജയന്‍, എന്‍.കെ ഉണ്ണികൃഷ്ണന്‍ മൂസദ്, കെ മധു, എസ്.ആര്‍ റെജിനോള്‍ഡ് സംസാരിച്ചു. ഇ ബാബുരാജ് സ്വാഗതവും നവീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."