കിറ്റ് കൊടുത്തെങ്കിലും കൂലി കിട്ടിയില്ലെന്ന്
തിരുവനന്തപുരം: കിറ്റ് വിതരണം പൂര്‍ണമാകുമ്പോഴും റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ ഇനിയും വിതരണം ചെയ്തില്ല. 11 മാസത്തെ കമ്മിഷനാണ് റേഷന്‍വ്യാപാരികള്‍ക്ക് കിട്ടാനുള്ളത്. കുടിശ്ശിക കിട്ടാനുള്ളത് 51 കോടി. 30,000 രൂപ മുതല്‍ മൂന്നര ലക്ഷം വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്.
സൂക്ഷിക്കാന്‍ അധികമുറിയും വിതരണത്തിന് അധിക ജീവനക്കാരെയും വച്ചാണ് റേഷന്‍ വ്യാപാരികള്‍ കിറ്റ് കൈകാര്യം ചെയ്തത്. കിറ്റിറക്കാന്‍ ചുമട്ടുകൂലിയും വ്യാപാരികളാണ് ചെലവഴിച്ചത്. കുടിശ്ശിക നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഭക്ഷ്യമന്ത്രി വ്യാപാരികളുടെ യോഗം വിളിച്ചു.
കുടിശ്ശികയുടെ കാര്യം പറഞ്ഞപ്പോള്‍ ഇതൊരു സേവനമായി പരിഗണിക്കണമെന്നായിരുന്നു ഭക്ഷ്യമന്ത്രി പറഞ്ഞത്. ഓഗസ്റ്റ് ഒമ്പതിന് ഭക്ഷ്യ പൊതുവിതരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മിഷന്‍ തടഞ്ഞ് ബാക്കി തുക സപ്ലൈകോക്ക് അനുവദിക്കണമെന്ന് എടുത്തുപറയുന്നുമുണ്ട്.
സര്‍ക്കാര്‍, അങ്കണവാടി ജീവനക്കാര്‍ക്കടക്കം ഓണത്തിന് ബോണസ് നല്‍കിയെങ്കിലും കൊവിഡ് പ്രതിസന്ധിയിലും മലയാളികള്‍ക്ക് അന്നം ഉറപ്പുവരുത്തിയ തങ്ങളോട് സര്‍ക്കാര്‍ അനീതി കാണിച്ചെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലിയും ട്രഷറര്‍ ഇ. അബൂബക്കര്‍ ഹാജിയും പറഞ്ഞു. കുടിശ്ശിക വിതരണം ചെയ്യുന്നതുവരെ റിലേ സമരം തുടരാനാണ് തീരുമാനം. സമരം പത്തുദിവസം പിന്നിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."