ജില്ലയില്‍ നാളികേര സംഭരണം നിലച്ചു
പാലക്കാട്: നാളികേര കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയ നാളികേര സംഭരണം നിലച്ചു. ജില്ലയിലെ 44 കൃഷിഭവനുകളില്‍ നിന്ന് സംഭരിച്ച നാളികേരം ഗോഡൗണുകളില്‍ കെട്ടികിടക്കുകയാണ്. കൃഷിഭവനിലൂടെ സംഭരിക്കുന്ന നാളികേരം വെയിലത്തിട്ട് ഉണക്കി കൊപ്രയാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരഫെഡിന്റെ സംസ്‌ക്കരണ ശാലകള്‍. ദിനംപ്രതി എട്ടു ടണ്‍ നാളികേരം മാത്രമാണ് രണ്ടു സംസ്‌കരണ ശാലകളിലെ ഡ്രയര്‍ സംവിധാനത്തിലൂടെ കൊപ്രയാക്കുന്നത്.
എരുത്തിയാമ്പതിയിലും മറ്റുമുള്ള സംസ്‌ക്കരണ ശാലകളില്‍ മഴകാരണം വെയിലത്ത് ഉണക്കുന്നില്ല. ഇപ്പോള്‍ ജില്ലയിലെ സംഭരണ ശാലകളിലും കൃഷിഭവനുകളിലുമായി 1600 ടണ്‍ പച്ചത്തേങ്ങയാണ് കെട്ടിക്കിടക്കുന്നത്. സംസ്‌കരണ ശാലകളിലോ കൃഷിഭവനിലോ സ്ഥലമില്ലാത്തതാണ് സംഭരണം തുടരാന്‍ കഴിയാത്തതെന്നാണ് അധികൃതകര്‍ പറയുന്നത്.
നാളികേരമെടുക്കുന്നത് കൃഷിഭവനുകള്‍ നിര്‍ത്തിവെച്ചിരിക്കയാണ്. കഴിഞ്ഞ ഒരുമാസത്തിലധികം ദിവസത്തെ സ്റ്റോക്ക് ഇപ്പോള്‍ തന്നെ കൃഷിഭവനിലും ഗോഡൗണിലുണ്ട്. ഇത് കൊപ്രയാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശേഷം സംഭരണം ആരംഭിക്കുമെന്ന് കേരഫെഡ് അധികൃതര്‍ പറഞ്ഞു.
നേരത്തെ നാളികേരത്തിന് ന്യായവില കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെയുള്ള നാളികേര സംഭരണം ആശ്വാസമായിരുന്നു. പൊതു വിപണിയില്‍ പതിനഞ്ചോ പതിനാറോ രൂപ മാത്രം ലഭിച്ചപ്പോള്‍ കൃഷിഭവന്‍ വഴിയുള്ള സംഭരണത്തിലൂടെ 25 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത്.
ഇപ്പോള്‍ വിപണിയില്‍ കിലോയ്ക്ക് 18 രൂപയാണ്. നാളികേര സംഭരണം നിലച്ചതോടെ ആശങ്കയിലായ കര്‍ഷകര്‍ വിപണി വില കുറവുകാരണം പൊതുവിപണിയിലും വിറ്റഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നാളികേരസംഭരണം ആരംഭിച്ചപ്പോള്‍ പൊതുവിപണിയിലും വില വര്‍ധിച്ചിരുന്നു. സംഭരണം നിലച്ചതോടെ പൊതു വിപണിയിലും വിലയിടിഞ്ഞു.
തെങ്ങില്‍ നിന്നും പറിച്ചിട്ട നാളികേരം മഴയത്ത് കൂട്ടിയിട്ടാല്‍ മുളച്ചുപോകും. ആ നഷ്ടം ഭയന്ന് പല കര്‍ഷകരും ഇപ്പോള്‍ നാളികേരം പൊതുവിപണിയില്‍ കൊടുക്കുന്നുണ്ട്.
ജൂണ്‍ ആദ്യവാരം വരെ സംഭരിച്ച നാളികേരത്തിന്റെ തുക മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. ആറരക്കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കാനുള്ളതായി കേരഫെഡ് അധികൃതര്‍ പറയുന്നു. വെയില്‍ എത്തുന്നതോടെ സംഭരണം പുനരാരംഭിക്കാന്‍ സാധിക്കുമെന്നും കേരഫെഡിന്റെ ജില്ലാ മാനേജര്‍ പറഞ്ഞു.
ജില്ലയിലെ 95 കൃഷിഭവനിലും നാളികേരസംഭരണം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് നാളികേര സംഭരണം നടന്നിരുന്നത്. ഓണത്തിന് മുന്‍പായി കര്‍ഷകരുടെ സംഭരിച്ച നാളികേരത്തിന്റെ വില ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."