'ഹിന്ദുത്വ ചിന്തകരെ വിട്ടുപോവാതെ സിലബസില്‍ ഉള്‍ക്കൊള്ളിച്ച ജാഗ്രതയാണ് സംഘ് വിധേയത്വം'; സിലബസ് വിവാദത്തില്‍ അശ്‌റഫ് വാളൂര്‍
കണ്ണൂര്‍: കണ്ണൂര്‍സര്‍വ്വകലാശാല പി.ജി. സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും ഉള്‍പെടുത്തിയ നടപടിയില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അശ്‌റഫ് വാളൂര്‍. സംഘ് വിധേയത്വമെന്നാണ് അദ്ദേഹം നടപടിയെ വിശേഷിപ്പിക്കുന്നത്. ആധുനിക ഇന്ത്യയുടെ വളര്‍ച്ചക്കും വികാസത്തിനും വില മതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ പലരേയും സിലബസില്‍ ഉള്‍പെടുത്താന്‍ വിട്ടുപോയെങ്കിലും വിദ്വേഷ ചിന്തകരെ ഒരാളെ പോലും മറന്ന് പോയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടി.ജി മോഹന്‍ദാസ് ഒഴികെയുള്ള എല്ലാ ഹിന്ദുത്വ ചിന്തകരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ജാഗ്രതയാണ് സംഘ് വിധേയത്വം എന്ന് ലളിത ഭാഷയില്‍ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് പഠിക്കുന്നവര്‍ സവര്‍ക്കര്‍ ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരുടെ രാഷ്ട്ര സങ്കല്‍പങ്ങള്‍ പഠിക്കേണ്ടതില്ലേ എന്ന ചോദ്യം ന്യായമാണ്. ഇവരുടെ ചിന്തകള്‍ മാത്രമല്ല, ഗാന്ധി, നെഹ്‌റു, അബുല്‍ കലാം ആസാദ്, സര്‍ സയ്യിദ് അഹ്മദ് ഖാന്‍ , മുഹമ്മദലി ജിന്ന, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ , എം.എന്‍ റോയ്, അംബേദ്കര്‍, ജ്യോതിബ ഫൂലെ, പെരിയോര്‍, മുഹമ്മദ് ഇക്ബാല്‍, രവീന്ദ്രനാഥ ടാഗോര്‍ ,സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ ചിന്തകരുടെ രാഷ്ട്ര സങ്കല്‍പങ്ങളും പഠിക്കണം. വിമര്‍ശനാത്മകമായി തന്നെ പഠിക്കണം. ഇവരെല്ലാം തന്നെ ആധുനിക ഇന്ത്യയുടെ വളര്‍ച്ചക്കും വികാസത്തിനും വില മതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയവരുമാണ്.
ഇനി കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസ് നോക്കൂ. ഇതില്‍ എത്ര പേര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പകരം വിദ്വേഷ ചിന്തകരെ ഒരാളെ പോലും മറന്ന് പോയിട്ടില്ല. ടി.ജി മോഹന്‍ദാസ് ഒഴികെയുള്ള എല്ലാ ഹിന്ദുത്വ ചിന്തകരെയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ ജാഗ്രതയാണ് സംഘ് വിധേയത്വം എന്ന് ലളിത ഭാഷയില്‍ പറയുന്നത്. ഹിന്ദുത്വ വംശീയ വിദ്വേഷ ചിന്തകള്‍ക്ക് നല്‍കിയ പ്രാധാന്യമാണ് വിഷയം.
ഇങ്ങനെ ഒരു സിലബസ് ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇഗ് നോ സര്‍വകലാ ശാല പോലും തയ്യാറായിട്ടില്ല. ( സിലബസ് താഴെ).
ബ്രണ്ണനില്‍ തന്നെ ഇത് തുടങ്ങിയതാണ് ഏറെ കൗതുകകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."