HOME
DETAILS

മലേഷ്യൻ രാഷ്ട്രീയം അൻവറിൻ്റെ മധുരപ്രതികാരം

  
backup
December 01 2022 | 21:12 PM

78465235463-2

സ്വിദ്ദീഖ് നദ്‌വി ചേരൂർ


മലേഷ്യയും ഇന്ത്യയും പല കാര്യങ്ങളിലും സമാനതകളുണ്ട്. വ്യത്യസ്ത മതങ്ങളും വംശീയതകളുംകൊണ്ട് വൈവിധ്യപൂർണമാണ് മലേഷ്യയിലെ സാമൂഹിക ജീവിതം. ഇന്ത്യയിൽ ഹിന്ദുമത വിശ്വാസികൾക്കാണ് പ്രാമുഖ്യമെങ്കിൽ മലേഷ്യയിൽ മുസ്‌ലിംകൾക്കാണ്. മൊത്തം ജനസംഖ്യയിൽ 60 ശതമാനത്തോളം മുസ്‌ലിംകളാണ്. രാഷ്ട്രീയരംഗത്തും മുസ‌്ലിം മേധാവിത്വമുള്ള യുനൈറ്റഡ് മലായ്‌സ് നാഷനൽ ഓർഗനൈസേഷൻ (യു.എം.എൻ.ഒ )എന്ന രാഷ്ട്രീയ പാർട്ടിക്കായിരുന്നു സ്വാധീനം. എന്നാൽ 2018ലെ തെരഞ്ഞെടുപ്പോടെ അതിന് മാറ്റം വന്നു.1957 മുതൽ അധികാരത്തിലുള്ള അവരുടെ ഭരണത്തുടർച്ചക്ക് 2018ൽ വിരാമം കുറിക്കപ്പെട്ടു. മലേഷ്യയിൽ നവംബർ 19ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് രൂപപ്പെട്ട അനിശ്ചിതാവസ്ഥയും ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനും വിരാമം കുറിച്ച് രാജാവ് സുൽത്താൻ അബ്ദുല്ല പുതിയ സർക്കാർ രൂപീകരിക്കാൻ അൻവർ ഇബ്‌റാഹീമിനെ ക്ഷണിച്ചതും വഴി മലേഷ്യ ലോക വാർത്താ മാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടിയിരിക്കയാണ്. അൻവർ ഇബ്‌റാഹീം എന്ന മലേഷ്യൻ രാഷ്ട്രീയത്തിലെ വേറിട്ട നേതാവ് നീണ്ട കാത്തിരിപ്പിനും അവഗണനയ്ക്കും പ്രതികാര നീക്കങ്ങൾക്കും ഒടുവിൽ പല തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നുവെന്നതാണ് വാർത്താ മൂല്യമുള്ള വിശേഷം.


ഏറെ വേട്ടയാടപ്പെട്ട നേതാവാണ് അൻവർ ഇബ്‌റാഹീം. ഒരു താരോദയം പോലെ ഉയർന്ന് വന്ന് പെടുന്നനെ ആ താരം കൊഴിഞ്ഞു വീണു അല്ലെങ്കിൽ തല്ലി വീഴ്ത്തപ്പെട്ട അവസ്ഥയ്ക്കാണ് 90 കളുടെ അന്ത്യത്തിൽ മലേഷ്യ സാക്ഷ്യം വഹിച്ചത്. 1947 ൽ ജനിച്ച അൻവർ ഇബ്‌റാഹീം, വിദ്യാർഥിയായിരിക്കുമ്പോൾ സംഘാടക മികവ് കൊണ്ട് ശ്രദ്ധേയനായിരുന്നു. മലേഷ്യൻ രാഷ്ട്രീയത്തിലെ പ്രബല കക്ഷിയായ യു.എം.എൻ.ഒ മുൻനിര നായകരിലൊരാളും 1981 മുതൽ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മഹാതീർ മുഹമ്മദിന്റെ ശ്രദ്ധ ഈ യുവാവിൽ പതിഞ്ഞു. അൻവർ ഇബ്‌റാഹീം യു.എം.എൻ.ഒ പാർട്ടിൽ ചേർന്നു രാഷ്ട്രീയത്തിൽ സജീവമായി. 1991ൽ ധനകാര്യ വകുപ്പും ഉപപ്രധാനമന്ത്രി സ്ഥാനം വരെ അദ്ദേഹം നേടിയെടുത്തു. 1997ൽ രണ്ടു മാസം ഡോ. മഹാതീർ അവധിയെടുത്തപ്പോൾ ആക്ടിങ് പ്രധാനമന്ത്രിയായും അദ്ദേഹം മികച്ച രീതിയിൽ ഭരണം നടത്തി.


അതിനിടയിൽ അൻവറിനും മഹാതീറിനും ഇടയിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയെ ധനമന്ത്രിയെന്ന നിലയിൽ അൻവർ നേരിട്ട രീതിയെച്ചൊല്ലി ഇരുവർക്കുമിടയിൽ ഭിന്നത രൂക്ഷമായി. 1998 സെപ്റ്റംബറിൽ അൻവറിനെ പദവികളിൽ നിന്ന് പിരിച്ചുവിടുന്നതിലേക്ക് വരെ കാര്യങ്ങൾ ചെന്നെത്തി. വൈകാതെ അഴിമതിയും പ്രകൃതിവിരുദ്ധ വേഴ്ചയും ചുമത്തപ്പെട്ട് ജയിലിലുമായി.
കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന അഗ്‌നിപരീക്ഷകളുടെ നാളുകളാണ് അൻവറിനെ കാത്തിരുന്നത്. ജയിലുകളിലും കോടതികളിലുമായി തള്ളിനീക്കേണ്ടിവന്ന നാളുകൾ. തന്റെ കേസ് ഒതുക്കിത്തീർക്കാൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന അഴിമതിക്കുറ്റത്തിന് ആറ് വർഷത്തെ തടവ് ജീവിതം വിധിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട അദ്ദേഹം, 2004ൽ മോചിതനായി. രണ്ട് മാസത്തിനിടയിൽ പ്രകൃതിവിരുദ്ധ പീഡന കേസിൽ ഒമ്പത് വർഷത്തെ തടവ് ശിക്ഷ കൂടി കോടതി വിധിച്ചു. അതിനെതിരേ സുപ്രിംകോടതിയിൽ അൻവർ ഫയൽ ചെയ്ത അപ്പീൽ സ്വീകരിച്ചു കേസ് കോടതി തള്ളി. തുടർന്ന് കോടതി നേരത്തേ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ വിലക്ക് അവസാനിച്ചതോടെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമായി. തുടർന്നു ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു പാർലമെൻ്റിലെത്തുകയും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.


1998ൽ പദവികളിൽ നിന്ന് പുറത്തായതോടെ അൻവർ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് ഡോ. മഹാതീർ മുഹമ്മദിന്റെ ഭരണകൂടത്തിനെതിരേ ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങി. അതിനിടയിലാണ് കേസുകൾ ചുമത്തപ്പെട്ടതും തടവിലാക്കപ്പെട്ടതും. 2004ൽ ജയിൽ മോചിതനായ ശേഷം അൻവർ അക്കാദമിക് രംഗങ്ങളിലും സാമൂഹിക സേവന രംഗത്തും കൂടി സജീവമായി. വൈകാതെ രാഷ്ട്രീയത്തിൽ വീണ്ടും ശ്രദ്ധ ചെലുത്തി തന്റെ പാർട്ടി സമാന ചിന്താഗതിക്കാരുമായി സംഖ്യമുണ്ടാക്കി ഭരണകക്ഷിക്കുമെതിരെ ആഞ്ഞടിച്ചു. രണ്ട് തവണ പ്രതിപക്ഷ നേതാവായ അൻവർ, വീണ്ടും പാർലമെൻ്റിലും പുറത്തും ശക്തമായ പോരാട്ടവുമായി ഭരണകൂടത്തിന് തലവേദനയായപ്പോൾ പുതിയൊരു സ്വവർഗരതി കേസുമായി ചിലർ രംഗത്തെത്തി. അതിനെ തുടർന്ന് വീണ്ടും ജയിലിലായ അൻവർ രാഷ്ട്രീയ വേട്ടയാടലിന്റെ ദുരന്ത പാത്രമായി മാറി. എന്നാൽ 2012ൽ കോടതി ഇടപെട്ട് കേസ് റദ്ദ് ചെയ്തു. പുറത്തിറങ്ങിയ അദ്ദേഹം ഒരു തളർച്ചയുമില്ലാതെ രാഷ്ട്രീയപ്പോരാട്ടം തുടർന്നു.
1998ൽ പുറത്താക്കപ്പെടുന്നത് വരെ അൻവർ ഇബ്‌റാഹീം ആയിരിക്കും മഹാതീറിന്റെ പിൻഗാമിയെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. എന്നാൽ പുറത്താക്കുകയും ജയിലിലടക്കുകയും ചെയ്തതോടെ അൻവറിന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞുവെന്ന് കണക്ക് കൂട്ടിയ മഹാതീർ 2003ൽ 22 വർഷം നീണ്ട പ്രധാനമന്ത്രി സ്ഥാനം സ്വയം ഉപേക്ഷിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി. പിൻഗാമിയായി വിശ്വസ്തൻ അഹ്മദ് അബ്ദുല്ല ബദവിയെ നിയമിച്ചാണ് അദ്ദേഹം പിൻവാങ്ങിയത്.
2015 ഓടെ പാർട്ടിയിലെ നീക്കങ്ങളിൽ മഹാതീർ അസംതൃപ്തി പ്രകടിപ്പിച്ചു. 2009 മുതൽ അദ്ദേഹത്തിന്റെ നോമിനിയായ ബദവി സ്ഥാനം ഒഴിഞ്ഞു നജീബ് റസാഖ് അധികാരത്തിൽ വന്നിരുന്നു. തുടർന്നാണ് മഹാതീറിന്റെ എതിർപ്പുകൾ രൂക്ഷമായത്. 2016ൽ അദ്ദേഹം പതിറ്റാണ്ടുകളോളം പ്രവർത്തിച്ചും നേതൃത്വം നൽകിയും നയിച്ച യു.എം.എൻ.ഒ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു സ്വന്തം പാർട്ടിയുണ്ടാക്കി. മാത്രമല്ല, അൻവർ ഇബ്‌റാഹിം നേതൃത്വം നൽകുന്ന ജസ്റ്റിസ് പാർട്ടിയടക്കമുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കി 2018ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ ധാരണയായി. പഴയതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാമെന്നും റസാഖിന്റെയും യു.എം.എൻ.ഒ പാർട്ടിയുടെയും അഴിമതി ഭരണം അവസാനിപ്പിക്കാൻ ഒന്നിച്ച് പോരാടാമെന്നും തീരുമാനിച്ചു. അൻവർ അപ്പോൾ ജയിലിലായിരുന്നു. ഭരണം നേടിയാൽ ആദ്യ നടപടിയായി അൻവറിനെ മോചിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു.


വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മഹാതീർ നേതൃത്വം നൽകിയ മുന്നണി അഞ്ച് പതിറ്റാണ്ടുകളോളം മലേഷ്യ ഭരിച്ച ഭരണമുന്നണിയെ തറപറ്റിച്ചു. ഭരണം നേടിയ മുന്നണിയിൽ മഹാതീറിന്റെ പാർട്ടിക്ക് ചില്ലറ സീറ്റേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും അദ്ദേഹത്തെ തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. അധികം വൈകാതെ അധികാരം അൻവർ ഇബ്‌റാഹീമിന് കൈമാറണമെന്നായിരുന്നു, ധാരണ. അങ്ങനെ 22 വർഷത്തെ ഭരണം സ്വയം ഇട്ടെറിഞ്ഞു പോയയാൾ 15 വർഷത്തിന് ശേഷം തൊണ്ണൂറ്റഞ്ചാം വയസ്സിൽ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തി. എന്നാൽ ഭരണത്തിലെത്തിയ ശേഷം ഓരോ ഘട്ടത്തിലും അധികാര കൈമാറ്റക്കാര്യം ഓർമിപ്പിക്കുമ്പോഴും സമയമായില്ലെന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ അൻവറിന് ഭരണം കൈമാറുന്നതിലുള്ള നീരസമാണ് കാരണമെന്ന് പലരും തിരിച്ചറിഞ്ഞു. ചിലർ പിന്തുണ പിൻവലിച്ചതോടെ ഭരണമുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് മഹാതീറിന് ഭരണം വിട്ടൊഴിയേണ്ടിവന്നു. മറ്റു കക്ഷികൾ ചേർന്ന് മുഹ്‌യിദ്ദീൻ യാസീന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നു. എന്നിട്ടും ആർത്തി തീരാതെ 2022 ലെ പൊതു തെരഞ്ഞെടുപ്പിലും അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ടു ഗോദയിലിറങ്ങി.
പക്ഷേ, ഇത്തവണ ജനം അദ്ദേഹത്തിന് നിർബന്ധവിശ്രമം വിധിച്ചു. പാർട്ടിക്ക് തിരിച്ചടി നേരിട്ടുവെന്ന് മാത്രമല്ല, മഹാതീർ മത്സരിച്ച മണ്ഡലത്തിൽ കെട്ടിവച്ച കാശ് പോലും നഷ്ടപ്പെടുംവിധം ദയനീയ തോൽവി ഏറ്റുവാങ്ങി. സ്വരം നല്ലപ്പോൾ പാട്ട് നിർത്തണമെന്ന തത്വം മറന്ന മഹാതീർ, ആർക്കും വേണ്ടാത്ത നിലവാരത്തിൽ രംഗം ഒഴിയേണ്ടിവന്നു. ഒരു കാലത്ത് വിശ്വസ്ത ശിഷ്യനും പിന്നീട് കണ്ണിലെ കരടുമായി മാറിയ അൻവർ കൺമുന്നിൽ ഏറ്റവും ഉന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. കാലത്തിന്റെ തിരിച്ചടിയെന്നല്ലാതെന്ത് പറയാൻ!


ഇനി മലേഷ്യയിൽ അൻവർ യുഗമാണ്. നിറയൗവന ഘട്ടത്തിൽ ഇസ്‌ലാമിക യുവജനപ്രസ്ഥാനങ്ങളുടെ നേതൃനിരയിലെ പ്രവർത്തനം, ധനകാര്യ മന്ത്രി പദവി അടക്കം കൈകാര്യം ചെയ്തുള്ള അനുഭവം, തുടർന്നു നീണ്ടകാലം പരീക്ഷണങ്ങളുടെ തീച്ചൂളകൾ- ഇവയെല്ലാം അൻവർ ഇബ്‌റാഹീമിന്റെ വ്യക്തിത്വത്തെ കാര്യമായി പാകപ്പെടുത്തിയിരിക്കുമെന്നുറപ്പാണ്. പരിണതപ്രജ്ഞനായി മാറിയ 75കാരനായ അൻവർ, മലേഷ്യയുടെയും ജനങ്ങളുടെയും പുരോഗതിക്കും ക്ഷേമത്തിനും ആ അനുഭവ പാഠങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നാണ് നാട്ടുകാരും പുറത്തുള്ളവരും ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago