കടലിരമ്പങ്ങളുടെ കവി
ചാള്‍സ് റെസ്നിക്കോഫ്
ഡോ. രോഷ്‌നി സ്വപ്‌ന
കാലം മനുഷ്യനില്‍ ഏൽപ്പിക്കുന്ന വലിയ ആഘാതങ്ങള്‍ റെസ്‌നിക്കോഫിന്റെ കവിതയിൽ പ്രകമ്പനങ്ങള്‍
തീര്‍ക്കുന്നു. ചിലപ്പോള്‍ തന്റെ വരികളെ താന്‍ തന്നെ വെട്ടിക്കളയുന്നു. കവിതകളില്‍ ഇടങ്ങളുടെ
ആഴങ്ങളെ അദ്ദേഹം റദ്ദ് ചെയ്യുന്നു
അടുത്തകാലത്താണ് ചാള്‍സ് റെസ്‌നിക്കോഫിന്റെ കവിതകള്‍ വായിച്ചത്. വ്യക്തവും കൃത്യവുമായ എഴുത്തുരീതി, നിഗൂഢാത്മകത, ചിലപ്പോള്‍ തീവ്രാനുഭവങ്ങളുടെയും വേദനകളുടെയും ചില സ്പര്‍ശങ്ങള്‍... ! ഹീബ്രു ഭാഷയുടെ പാരമ്പര്യം ചികഞ്ഞെടുക്കുന്ന ചില സ്പര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ചില കവിതകളിലുണ്ട്.
കവി എന്ന നിലയില്‍ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ തന്നെയാണ് ചാള്‍സിന്റെ കവിതകളില്‍ പ്രതിഫലിക്കുന്നത്. വായനയില്‍ കവിതയേക്കാള്‍ ശ്രദ്ധിച്ചത് കവിതയില്‍ പടര്‍ന്നുപിടിച്ച സംഘര്‍ഷാത്മക ജീവിതമായിരുന്നു. ജീവനും മരണവും നിലനില്‍പ്പും പ്രതിഫലിക്കുന്ന സംഘര്‍ഷാത്മക ത. ഏതു നിമിഷവും അറ്റുപോയേക്കാവുന്നത്രയ്ക്ക് അവ്യവസ്ഥിതമായ ജീവന്‍...! ഏകാന്തവും വിരഹാര്‍ത്തവുമായ വരികള്‍! അവയ്ക്കിടയില്‍ ഏതുനിമിഷവും അറ്റുപോയേക്കാവുന്നത്രയ്ക്ക് കനം കുറഞ്ഞ ജീവിതം. അതില്‍ ഹിംസയുടെ, അധികാരത്തിന്റെ, വിഹ്വലതകള്‍, ചീറ്റലുകള്‍ !
ചാള്‍സ് എഴുതുമ്പോള്‍ ചില മർമരങ്ങള്‍ കേള്‍ക്കാം. അത് സ്വന്തം ദേശത്തെയോ, സമൂഹത്തെയോ, നിലനില്‍പ്പിനെയോ സംബന്ധിക്കുന്ന മർമരങ്ങളാവാം.
ഇരുപതാം നൂറ്റാണ്ടിലെ ഏറെ പ്രധാനപ്പെട്ട ഒരു കൃതിയായി കണക്കാക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമായ 'ടെസ്റ്റിമോണി ' ഇതിന് കൃത്യമായ ഉദാഹരണമാണ്. മനുഷ്യനും ചെകുത്താനും തമ്മില്‍ കലഹിക്കുന്ന നിരവധി യുദ്ധങ്ങള്‍ റെസ്നിക്കോഫിന്റെ കവിതകളില്‍ കാണാം.
'തൂക്കിയിട്ടിരിക്കുന്നവ
പച്ചയാണ്.
പച്ച കൊണ്ടുതന്നെ
അലങ്കരിച്ച്...
ഒരൊറ്റ വാക്ക്
-അതും
ഹീബ്രുവില്‍
'ഹായ് '
'ജീവിതം 'എന്നർഥം.
നാം
മുന്നോട്ട് നീങ്ങുമ്പോള്‍
മുന്നോട്ടുതന്നെ
പോകുന്ന ആളുകള്‍.
ആ ചിത്രം ഉപേക്ഷിക്കുന്നു.
അതിനെ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന
ചില്ല് പൊട്ടിപ്പോകുന്നു.
ആ പൊട്ടല്‍
ലോകത്തോട്
'ഹായ് ' എന്നു പറയുന്നു.
ചില്ലില്‍ ആ പോറല്‍ അങ്ങനെയാണ്.
ജൂതന്‍ എന്ന നിലയിലെ അതിജീവനം അങ്ങനെത്തന്നെ ഒരു ചില്ലു ചിതറലായി കവിതയിലേക്ക് വരുന്നു. കാലം മനുഷ്യനില്‍ ഏല്‍പ്പിക്കുന്ന വലിയ ആഘാതങ്ങള്‍ കവിതയിലും പ്രകമ്പനങ്ങള്‍ തീര്‍ക്കുന്നു. ചിലപ്പോള്‍ തന്റെ വരികളെ താന്‍ തന്നെ വെട്ടിക്കളയുന്നു. കവിതകളില്‍ ഇടങ്ങളുടെ ആഴങ്ങളെ റെസ്‌നിക്കോഫ് റദ്ദ് ചെയ്യുന്നു. നിന്നുകൊണ്ടുള്ള മുഴുവനായുള്ള ആഖ്യാന മാതൃകകളെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
അസാധാരണം, അപ്രസക്തം, അപ്രധാനം എന്ന് തോന്നുന്നവയെ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിന്റെ കവിതകള്‍ ശ്രമിക്കുന്നു. അതില്‍ എലികളുടെ നിശബ്ദ കവാത്തുകളും ചിതറിയ നക്ഷത്രങ്ങളുടെ പാട്ടുകളും പൂവരശുകളുടെ നിഴലുകളും ഉണ്ടാകും. ഒരിക്കലും വീശാനിടപോലുമില്ലാത്ത കാറ്റിനായുള്ള കാത്തിരിപ്പുണ്ടായിരിക്കും. ലോകത്ത് പടരുന്ന അന്ധകാരത്തെ തിന്മയായാണ് കവി കാണുന്നത്.
വിശ്വസാഹിത്യത്തിന്റെ കാലത്ത് 'വെളുത്ത പൂവരശുകള്‍ക്കിടയില്‍ ഏകാന്തമായ ചതുപ്പിലൂടെ ഞാന്‍ ഒറ്റയ്ക്ക് നടക്കുന്നു' എന്നാണ് കവി പറയുന്നത്. മനുഷ്യാവസ്ഥയുടെ വ്യതിരിക്തതകളെക്കുറിച്ചുള്ള അന്തര്‍ജ്ഞാനമാണ് ഈ കവിതകളുടെ ആധാരബിന്ദു. ആത്മകഥയെ മറികടക്കാന്‍ അനുഭവ വിസ്മൃതിയിലേക്ക് ആഴത്തില്‍ ഇറങ്ങുകയാണ് കവി. ജീവിതത്തിന്റെ പിടച്ചിലുകളെ പലതരത്തില്‍ മായ്ച്ചു വരയ്ക്കുന്നു റെസ്‌നിക്കോഫിന്റെ കവിതകള്‍.
'തെരുവില്‍ ആരുമില്ല
പുതഞ്ഞുവരുന്ന
കാറ്റ് മാത്രമുണ്ട്.
എരിഞ്ഞ
അപ്പച്ചട്ടികള്‍ക്കു പിന്നില്‍
റാന്തലുകള്‍
മുനിഞ്ഞു കത്തുന്നു.
സൂര്യന്‍ ചിതറിയതു പോലെ
നക്ഷത്രങ്ങള്‍!
സ്വന്തം സ്വത്വം, ദേശം, ഭാഷ എന്നിവയോട് അദ്ദേഹം പ്രകടിപ്പിക്കുന്ന ശ്രദ്ധ സൂക്ഷ്മമാണ്. മനുഷ്യരാശിയുടെ മുഴുവന്‍ സമാധാനത്തിനു വേണ്ടിയും കവിത നിലകൊള്ളണം എന്ന് റെസ്‌നിക്കോഫ് കരുതുന്നു. കവിതയാണ് തന്റെ രാഷ്ട്രീയസ്വത്വമെന്നു സ്വയം തിരിച്ചറിഞ്ഞ റെസ്‌നിക്കോഫിന്റെ ജീവിതം തന്നെ ആ സ്വത്വത്തിലേക്ക് നടത്തിയ ആത്മഹത്യകളാണ്, ആത്മയുദ്ധങ്ങളാണ് എന്നു പറയാം. കവിത കൊണ്ട് തൊട്ടതെല്ലാം വിഷനീല പടര്‍ത്തിയ അപൂർവ ഉന്മാദമാണ് അദ്ദേഹത്തിന്റെ കവിതകള്‍ തരിക.
'ആദ്യം ജനിച്ചവന്‍ എന്ന
നിലയില്‍ ഞാന്‍ ദൈവത്തോട് ചേര്‍ന്നുനിന്നു.
എനിക്ക് മാത്രമായല്ല,
ഇംഗ്ലീഷില്‍
എന്റെ പേര് വേറിട്ടുനിന്നു.
ഞാന്‍ അവന്റെ ഗൃഹത്തില്‍
തന്നെയായിരുന്നു.
കാള്‍സ് എന്നോ ചാള്‍സ്
എന്നോ ചര്‍ള്‍ എന്നോ
അത് ഉച്ചരിക്കപ്പെട്ടു.
ഹീബ്രുവില്‍ എന്റെ പേര്
എസ്‌കി എന്നായിരുന്നു.
(ദൈവം ശക്തനാക്കിയവന്‍ എന്നർഥം )
അതുകൊണ്ടായിരിക്കാം ഞാന്‍ ശക്തനായത്.
ചാള്‍സ് റെസ്‌നിക്കോഫ് സ്വായത്തമാക്കിയ കവിതയുടെ വന്യതയും ആഴവും സ്വാതന്ത്ര്യവുമുണ്ട് ഇതിൽ.
കവിതകള്‍
1.
മരണപ്പെട്ടവര്‍
നിശബ്ദരായി
നടന്നുപോകുകയാണ്.
ഞാന്‍ അവരെ
ആറടിത്താഴ്ചയില്‍ ഭൂമിക്കടിയിലേക്ക്
ആഴ്ത്തിക്കിടത്തിയതാണ്.
മരണപ്പെട്ടവര്‍
നടന്നുപോകുന്നു
ഒച്ചയുണ്ടാക്കാതെ.
ഞാന്‍
തവിട്ടുനിറമുള്ള
ഒരു കുന്നിലേക്ക്
കയറി.
മരണപ്പെട്ടവര്‍
പതുക്കെ
നടന്നുപോകുന്നു
ഇപ്പോഴും
2.
അതുകൊണ്ടുതന്നെ
ഒരു പകലില്‍
ആകാശത്താല്‍
ക്ഷീണിതനായി
നക്ഷത്രവ്യൂഹത്താല്‍
ചുറ്റപ്പെട്ട്
ഞാന്‍ കൈയേറ്റം
ചെയ്യപ്പെടും,
നിഷ്പ്രഭനാക്കപ്പെടും.
3.
മീനുകളുടെ
കുളത്തിലേക്ക്
ഞാന്‍
കാലെടുത്തുവച്ചു.
തണുപ്പിലേക്ക്..
ഞാനും
രക്തം തണുത്തു
മൂകനായ് തീരും.
4.
മരിച്ച മനുഷ്യന്‍
ഇപ്പോഴും ആ
തെരുവിലുണ്ട്.
രക്തം വാര്‍ന്ന് പോകുന്ന
അവന്റെ ശിരസ്
അവരൊരു ചാക്കുകൊണ്ട്
മൂടുന്നു.
അത് തൂവുന്നുണ്ട്.
ഓടകളും നടവഴികളും
ഇരുണ്ടു കിടപ്പാണ്.
അവന്റെ ഭാര്യ
അത്താഴവും തയാറാക്കി
മേശയും ഒരുക്കി
ജനല്‍പ്പടിയില്‍
കാത്തിരിപ്പാണ്.
തണുപ്പിനെ കീറിമുറിച്ച്
അവന്‍ വരുന്നതും കാത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."