മുഖം കാണിച്ച് മുന്നോട്ടുപോകാം; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഡിജി യാത്രാ സംവിധാനം
ന്യൂഡല്‍ഹി: യാത്രക്കാരന്റെ മുഖം തിരിച്ചറിഞ്ഞ് വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനവും തുടര്‍നടപടികളും എളുപ്പമാക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (എഫ്.ആര്‍.ടി) ഇന്ത്യയില്‍ നടപ്പാക്കി തുടങ്ങി. യാത്രക്കാരനുമായി ഇടപഴകാതെയും തടസങ്ങളില്ലാതെയും വേഗത്തില്‍ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് 'ഡിജി യാത്ര' വിഭാവനം ചെയ്തിരിക്കുന്നത്.
ഐഡന്റിറ്റിയും ഫോട്ടോയും ബോര്‍ഡിങ് പാസുമായി ബന്ധിപ്പിക്കുക വഴി മുഖം സ്‌കാന്‍ ചെയ്ത് പേപര്‍ലെസ്, കോണ്‍ടാക്റ്റ്‌ലെസ് പ്രോസസ്സിംഗിലൂടെ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളിലെ വിവിധ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുപോകാമെന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യഘട്ടത്തില്‍ ഏഴ് വിമാനത്താവളങ്ങളിലെ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തും.
ന്യൂഡല്‍ഹി, ബെഗളൂരു, വാരണാസി എന്നീ വിമാനത്താവളങ്ങളില്‍ 'ഡിജി യാത്ര' സേവനമാരംഭിച്ചു. ഹൈദരാബാദ്, കൊല്‍ക്കത്ത, പൂനെ, വിജയവാഡ വിമാനത്താവളങ്ങളില്‍ 2023 മാര്‍ച്ചോടെ ആരംഭിക്കും. തുടര്‍ന്ന്, രാജ്യത്തുടനീളം നടപ്പാക്കും.
ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഡിജി യാത്ര ആപില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യണം. ആധാര്‍ കാര്‍ഡും മൊബൈലിലെ ഇമേജ് ക്യാപ്ചറും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഐഡിയും യാത്രാരേഖകളും യാത്രക്കാരന്റെ സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."