ഒരു കൊറിയന്‍ വീരഗാഥ
ദോഹ • നിര്‍ണായക മത്സരത്തില്‍ ക്രിസ്റ്റ്യാനോയേയും സംഘത്തെയും കീഴടക്കി ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍. ആക്രമണങ്ങളില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഹ്യൂങ് മിന് സണും സംഘവും ജയിച്ചു കയറിയത്. ഇന്‍ജുറി ടൈമില്‍ പകരക്കാരന് ഹ്വാങ് ഹീ ചാന് നേടിയ ഗോളിലായിരുന്നു കൊറിയന്‍ ജയം. ബ്രൂണോ ഫെര്‍ണാണ്ടസിനും ജാവോ ഫെലിക്സിനും റൂബന്‍ ഡയസിനും വിശ്രമം നല്‍കിയാണ് പോര്‍ച്ചുഗല്‍ മത്സരത്തിനിറങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് എച്ചിൽ കൊറിയക്കും ഉറുഗ്വേയ്ക്കും നാലു പോയിൻ്റായെങ്കിലും ഉറുഗ്വേയെക്കാൾ കുറവ് മഞ്ഞക്കാർഡ് വഴങ്ങിയതാണ് കൊറിയക്ക് പ്രീക്വാർട്ടർ സാധ്യമായത്.
അഞ്ചാം മിനുട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. ഡാലറ്റിന്റെ അസിസ്റ്റില്‍ നിന്ന് റിക്കാര്‍ഡോ ഹോര്‍ട്ടയാണ് ഗോള്‍ നേടിയത്. തിരിച്ചടിക്കാൻ ശ്രമിച്ച കൊറിയ 27ാം മിനുട്ടില്‍ സമനില കണ്ടെത്തി. ഹ്യൂങ് മിന് സണിന്റെ കോര്‍ണര്‍ കിക്ക് പോര്‍ച്ചുഗല്‍ ബോക്സില്‍ നിന്ന് ക്ലിയര്‍ ചെയ്യുന്നതില്‍ ക്രിസ്റ്റ്യാനോ പരാജയപ്പെട്ടതോടെ ലഭിച്ച പന്ത് കിം യങ് ഗ്വോണ്‍ അനായാസം വലയിലേക്ക് തട്ടിയിട്ടു. പിന്നീട് നിരന്തരം ആക്രമണങ്ങളുമായി ഇരുടീമും കളം നിറഞ്ഞു.
രണ്ടാം പകുതിയിലും ഇരു ഗോള്‍ മുഖത്തും ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നു. 65ാം മിനുട്ടില്‍ ക്രിസ്റ്റിയാനോയെ പിന്‍വലിച്ച് ആന്ദ്രെ സില്‍വയെ പരിശീലകന് കളത്തിലിറക്കി. 66ാം മിനുട്ടിലാണ് ഹ്വാങ് ഹീ ചാനെ കൊറിയന്‍ പരിശീലകന് കളത്തിലിറക്കിയത്. തുടര്‍ന്ന് ഹ്യൂങ് മിന് സണും ഹീ ചാനും നിരന്തരം പോര്‍ച്ചുഗീസ് ഗോള്‍ മുഖത്ത് ഇരച്ചെത്തിയെങ്കിലും പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
എന്നാല്‍ കൊറിയക്കാര്‍ കീഴടങ്ങാനൊരുക്കമായിരുന്നില്ല. ഇന്‍ജുറി ടൈമിന്റെ ആദ്യ മിനുട്ടില്‍ മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ച ഹ്യൂങ് മിന് സണ്‍ പോര്‍ചുഗല്‍ ബോക്സില്‍ ഹീ ചാന് നീട്ടി നല്കി. സമയം പാഴാക്കാതെ ഹീ ചാന് പോര്‍ചുഗല്‍ വല കുലുക്കി.
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ദക്ഷിണ കൊറിയന്‍ ആര്‍ത്തിരമ്പി. കൊറിയയുടെ ജയം ഉറുഗ്വേയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളും അസ്തമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."