സ്‌കോര്‍പീന്‍ രഹസ്യരേഖകള്‍ തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് കൈമാറിയേക്കും
മെല്‍ബണ്‍: ഇന്ത്യയുടേയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമായ സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ തിങ്കളാഴ്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് കൈമാറുമെന്ന് രേഖകള്‍ പുറത്തുവിട്ട പത്രം.
രേഖകള്‍ പുറത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ലെന്നും ഓസ്‌ട്രേലിയ ഫ്രാന്‍സുമായി ഉണ്ടാക്കുന്ന മുങ്ങിക്കപ്പല്‍ ഉടമ്പടിക്ക് ഈ ഗതി വരരുതെന്നുമാണ് രേഖകള്‍ ശേഖരിച്ചതുകൊണ്ട് ഉദ്ദേശിച്ചതെന്നും 'ദ ഓസ്‌ട്രേലിയന്‍' അഭിപ്രായപ്പെട്ടു.
രേഖകള്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന് അറിയുന്നയാളാണ്. എന്നാല്‍ ഫ്രാന്‍സിനോ ഇന്ത്യയ്‌ക്കോ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറിയില്ലായിരുന്നുവെന്നും പത്രം പറയുന്നു.
ഓസ്‌ട്രേലിയ ഫ്രാന്‍സുമായി നടത്തുന്ന 50 ബില്യണ്‍ ഡോളറിന്റെ മുങ്ങിക്കപ്പല്‍ ഇടപാടുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുകയായിരുന്നു വെളിപ്പെടുത്തലിന്റെ ലക്ഷ്യമെന്നും പത്രം പറയുന്നു.
ഇന്ത്യയുണ്ടാക്കിയ കരാറിന്റെ രഹസ്യം സൂക്ഷിക്കാന്‍ ഫ്രാന്‍സിന് കഴിഞ്ഞില്ലെന്നു സ്ഥാപിക്കലായിരുന്നു പത്രത്തിന്റെ ലക്ഷ്യം.
ഇന്നലെ വീണ്ടും പുതിയ രേഖകള്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്തര്‍വാഹിനിയുടെ സൗണ്ട് നാവിഗേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നത്.
അതേസമയം, ആദ്യ തവണത്തേതുപോലെ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
പുതിയ രേഖകളോടുള്ള നാവിക സേനയുടെ കൃത്യമായ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സംഭവിക്കില്ലെന്നാണ് നാവികസേന ആവര്‍ത്തിച്ചത്.
നിലവില്‍ ചോര്‍ച്ച സംബന്ധിച്ച അന്വേഷണം പദ്ധതിയുമായി ബന്ധപ്പെട്ട മുന്‍ ജീവനക്കാരിലും സബ് കോണ്‍ട്രാക്ടര്‍മാരിലുമാണ് ഡി.സി.എന്‍.എസ് കേന്ദ്രീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."