HOME
DETAILS
MAL
ഒടുവില്‍ മമതയ്‌ക്കെതിരേ ബി.ജെ.പി സ്ഥാനാര്‍ഥിയായി !
backup
September 11 2021 | 04:09 AM
കൊല്‍ക്കത്ത: ഈ മാസം 30ന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍നിന്നു മത്സരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്കെതിരേ ഒടുവില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.
ബംഗാള്‍ സംസ്ഥാന ബി.ജെ.പിയുടെ യൂത്ത് വിങ് വൈസ് പ്രസിഡന്റായ അഡ്വ. പ്രിയങ്ക തിബ്രെവാളാണ് മമതയ്‌ക്കെതിരേ മത്സരിക്കുക. ഇന്നലെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അതേസമയം, മമതാ ബാനര്‍ജി തെരഞ്ഞെടുപ്പിന് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഭവാനിപൂര്‍ അടക്കം മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ മൂന്നിനാണ്. നിലവില്‍ നിയമസഭാംഗമല്ലാത്ത മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂരില്‍നിന്നുള്ള വിജയം അനിവാര്യമാണ്. എന്നാല്‍, മമതയ്‌ക്കെതിരേ മത്സരിക്കാന്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ മടിച്ചുനിന്നതോടെ അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇവിടെ മമതയ്ക്കു പിന്തുണ നല്‍കുമെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.
ബംഗാളില്‍ വലിയ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നെങ്കിലും മമതാ ബാനര്‍ജി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഈ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്കു വിജയം അനിവാര്യമാണ്. എന്നാല്‍, മമതയ്ക്കു വെല്ലുവിളി ഉയര്‍ത്താന്‍പോലും ഇവിടെ ബി.ജെ.പിക്കു സാധിക്കുന്നില്ലെന്നാണ് വിവരം. ഇതിനു പുറമേ, ബി.ജെ.പിയുടെ ചില എം.എല്‍.എമാര്‍ ഈയിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി ബി.ജെ.പിയില്‍ അഭിപ്രായഭിന്നതയുമുണ്ട്.
അതേസമയം, ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും ഡല്‍ഹിയിലെത്തി അമിത്ഷായെ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."