കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ
ദോഹ • ലോകകപ്പിൽ വിജയക്കുതിപ്പിലേറി പാറിപ്പറന്നു നടക്കുന്ന ബ്രസീലിനും ഒടുവിൽ കാലിടറി. ഇന്നലെ ജി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കാമറൂണാണ് ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ഞെട്ടിച്ചത്. മത്സരത്തിലെ ഇൻജുറി സമയത്ത് വിൻസെന്റ് അബൂബക്കറുടെ വകയായിരുന്നു കാമറൂണിന്റെ വിജയഗോൾ.
പരാജയപ്പെട്ടെങ്കിലും ജി ഗ്രൂപ്പിൽ ആറു പോയിന്റുമായി ചാംപ്യൻമാരായാണ് ബ്രസീൽ പ്രീക്വാർട്ടറിൽ കടന്നത്. ദക്ഷിണ കൊറിയയാണ് പ്രീക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളി. മറ്റൊരു മത്സരത്തിൽ സെർബിയയെ 3-2ന് പരാജയപ്പെടുത്തിയ സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. സ്വിറ്റ്‌സർലൻഡിനും ബ്രസീലിനും ആറ് പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസമാണ് ബ്രസീലിനെ ഗ്രൂപ്പ് ചാംപ്യൻമാരാക്കിയത്. അടിമുടി മാറ്റവുമായാണ് കാനറിപ്പട ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറങ്ങിയത്. ജീസസ്, റോഡ്രിഗോ എന്നിവരെ മുന്നിൽ നിർത്തി 2-4-4 ഫോർമാറ്റിലാണ് ടിറ്റെ ബ്രസീലിനെ വിന്യസിച്ചത്. മധ്യനിരയിൽ ഫ്രഡ്, ആന്റണി, ഫാബീഞ്ഞോ, മാർട്ടിനെല്ലി എന്നിവർ സ്ഥാനം പിടിച്ചപ്പോൾ പ്രതിരോധത്തിൽ ഡാനി ആൽവ്‌സ്, മിലിറ്റാവോ, ബ്രെമർ, ടെല്ലെസ് എന്നിവരും അണിനിരന്നു. ഇത്തവണ എഡേഴ്‌സൻ ഗോൾവല കാത്തു.
തുടക്കം മുതൽ ബ്രസീൽ കാമറൂൺ ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂൺ പ്രതിരോധത്തിലും ഗോളി ഡേവിഡ് എപ്പസ്സിയുടെ വീരോചിത പ്രകടനത്തിനു മുന്നിലും നിഷ്പ്രഭമായി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കാനറികൾ മൈതാനത്ത് ചിറകുവിരിച്ച് പറന്നെങ്കിലും വിൻസെന്റ് അബൂബക്കറിന്റെ ഇൻജുറിഗോൾ അവർക്ക് വില്ലൻ വേശം കെട്ടി. ജെറോം എംബെക്കെല്ലി ബോക്‌സിലേക്ക് തൊടുത്ത മികച്ചൊരു ക്രോസിന് തലവച്ചാണ് അബൂബക്കർ മത്സരത്തിലെ നിർണായക ഗോൾ നേടിയത.
1-2ന് പിന്നിട്ടു നിന്ന ശേഷം പിന്നാലെ രണ്ട് ഗോളുകൾ എതിർവലയിലെത്തിച്ചാണ് സ്വിസ് പട സെർബിയയെ തകർത്തത്. സ്വിസ് പടയ്ക്കു വേണ്ടി ഷെർദൻ ഷാകിരി, ബ്രീൽ എംബോളോ,ഫ്രൂലർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മിട്രോവിച്ച്, വ്‌ളാഹോവിച്ച് എന്നിവരാണ് സെർബിയക്കായി ഗോൾ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."