HOME
DETAILS
MAL
ഭിന്നശേഷിക്കാരുടെ പേരിലും സാക്ഷരതാ മിഷനില്‍ തട്ടിപ്പ്
backup
September 11 2021 | 04:09 AM
ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: ഭിന്നശേഷിക്കാരെ സൗജന്യമായി പഠിപ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് അനുവദിച്ച തുക സാക്ഷരതാ മിഷന്‍ അധികൃതര്‍ തട്ടിയെടുത്തു.
2017 മുതല്‍ 40 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് പത്താംക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയ്ക്കുള്ള ധനസഹായം സാക്ഷരതാ മിഷന്‍ വഴി സാമൂഹ്യനീതി വകുപ്പ് നല്‍കിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ സാമൂഹ്യനീതി വകുപ്പില്‍നിന്ന് സാക്ഷരതാ മിഷന് കൃത്യമായി തുക ലഭിച്ചിരുന്നു. എന്നാല്‍ സൗജന്യ വിദ്യാഭ്യാസ പദ്ധതി മറച്ചുവച്ച് പഠിതാക്കളായ ഭിന്നശേഷിക്കാരില്‍നിന്ന് കോഴ്‌സിന്റെയും പരീക്ഷയുടെയും ഫീസ് നേരിട്ടു സമാഹരിച്ചാണ് പണം തട്ടിയെടുത്തത്.
പദ്ധതിപകാരം 2017 മുതല്‍ 20 വരെ ആകെ 4,11,950 രൂപയാണ് സാക്ഷരതാ മിഷനു നല്‍കിയത്. 2017- 18ല്‍ 1,18,300 രൂപയും 2018- 19ല്‍ 2,21,150, 2019- 20ല്‍ 72,500 രൂപയുമാണ് നല്‍കിയത്. എന്നാല്‍ എല്ലാ വര്‍ഷവും സാമൂഹ്യനീതി വകുപ്പില്‍നിന്ന് പണം വാങ്ങുകയും ഇതു മറച്ചുവച്ച് ഭിന്നശേഷിക്കാരില്‍നിന്ന് സാക്ഷരതാ മിഷന്‍ ഫീസ് വാങ്ങുകയുമായിരുന്നു.
ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായതെന്നു കാട്ടി സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് 'സുപ്രഭാത'ത്തിന് ലഭിച്ചു.
ഭിന്നശേഷിക്കാരില്‍നിന്ന് കോഴ്‌സ്, പരീക്ഷാ ഫീസുകള്‍ നേരിട്ട് വാങ്ങിയ ശേഷം ഫീസ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യനീതി വകുപ്പിന് 2020 ഓഗസ്റ്റ് 11ന് സാക്ഷരതാ മിഷന്‍ ഡയരക്ടര്‍ കത്ത് നല്‍കിയിരുന്നു. ഈ കത്തിനെ തുടര്‍ന്നാണ് സാമൂഹ്യനീതി വകുപ്പ് അന്വേഷണം നടത്തിയതും ക്രമക്കേട് കണ്ടെത്തിയതും.
ജില്ലാ സാമൂഹ്യനീതി വകുപ്പില്‍ ആവശ്യമായ രേഖകള്‍ സഹിതം ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ മാത്രം കോഴ്‌സ്, പരീക്ഷ ഫീസുകളുമായി ബന്ധപ്പെട്ട തുക മാത്രമേ ഇനി സാക്ഷരതാ മിഷന് നല്‍കുകയുള്ളൂവെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.
സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം കോഴ്‌സിന് ഫീസ് 18,50 രൂപയാണ്. പരീക്ഷാ ഫീസ് 750 രൂപയും. ഹയര്‍ സെക്കന്‍ഡറിക്ക് കോഴ്‌സ് ഫീസ് 2,500 രൂപയും പരീക്ഷാ ഫീസ് 750 രൂപയുമാണ്.
വിവിധ വകുപ്പുകളില്‍നിന്ന് വിവിധ പദ്ധതികളുടെ മറവില്‍ സാക്ഷരതാ മിഷന്‍ അധികൃതര്‍ 2016 മുതല്‍ സ്വരൂപിച്ച തുകയുടെ കണക്കുകള്‍ സൂക്ഷിക്കാത്തതും തനത് വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന തുല്യതാ ഫണ്ടിന്റെ വിവരങ്ങള്‍ സംസ്ഥാന ഓഫിസില്‍നിന്ന് അപ്രത്യക്ഷമായതും നേരത്തെ വിവാദമായിരുന്നു.
പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ ഉന്നമനത്തിന്റെ പേരില്‍ തട്ടിക്കൂട്ടിയ പദ്ധതികള്‍ക്ക് വിവിധ വകുപ്പുകളില്‍നിന്ന് സാക്ഷരതാ മിഷന്‍ സ്വരൂപിച്ച കോടിക്കണക്കിനു രൂപയുടെ വിനിയോഗത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."