ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്; രാഹുല്‍ ഗാന്ധിയടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനെത്തില്ല
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നു. നാളെ വൈകീട്ടോടെയാണ് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കുക. 18 മണ്ഡലങ്ങളിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക.
അതേസമയം, രാഹുല്‍ഗാന്ധിയും ജയ്‌റാം രമേശ് ഉള്‍പ്പെടെ മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുത്തേക്കില്ല. ഭാരത് ജോഡോ യാത്രയില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ ആഗ്രഹിക്കാത്തതിനാലാണ് ശീതകാല സമ്മേളനത്തില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച്ചയാണ് പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ശീതകാല സമ്മേളനം ആരംഭിക്കുന്നത്.
അതിനിടെ, കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് പാര്‍ലമെന്റംഗങ്ങളുടെ നയരൂപീകരണ യോഗം ഇന്ന് നടക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ മാസം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചിരുന്നു. ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം മുന്‍നിര്‍ത്തിയായിരുന്നു ഇത്.
ശീതകാല സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഖാര്‍ഗെയ്ക്ക് പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. ഏതാനും ആഴ്ച്ചകള്‍ മാത്രമുള്ള ശീതകാല സമ്മേളനത്തില്‍ ഖാര്‍ഗെ തന്നെ തുടരട്ടെ എന്ന ആലോചനയും നടക്കുന്നുണ്ട്. മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് ശ്രീമതി ഗാന്ധി ഇന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."