സോക്കറൂസിന്റെ വേഗവും ഉയരവും കീഴ്ടക്കാന്‍ അര്‍ജന്റീന ഇന്നിറങ്ങും
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഇന്ന് ആസ്‌ത്രേലിയയെ നേരിടും. ഗ്രൂപ്പിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ശേഷമാണ് അര്‍ജന്റീന ആയുസ് നീട്ടിയെടുത്തത്. ആദ്യ കളിയില്‍ സഊദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതോടെ പിന്നീടുള്ള മല്‍സരങ്ങളെല്ലാം ഫലത്തില്‍ മെസ്സിപ്പടയ്ക്ക് ഫൈനലായി. തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പാഠംപഠിച്ച അര്‍ജന്റീന പിന്നീടുള്ള രണ്ട് കളികളിലും നന്നായി കളിക്കുകയും ഒരു ഗോളും വഴങ്ങാതിരിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
അട്ടിമറികള്‍ തുടര്‍ക്കഥയായ ഖത്തര്‍ ലോകകപ്പില്‍ എന്തും എപ്പോഴും സംഭവിക്കാമെന്നതാണ് സ്ഥിതി. അര്‍ജന്റീനയുടെ വഴിയടയ്ക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ് ആസ്‌ത്രേലിയയെന്ന് അവരുടെ കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബോധ്യമാവും. അതീവ വേഗത്തിലുള്ള മുന്നേറ്റങ്ങളും നല്ല ഉയരമുള്ള താരങ്ങളുമാണ് ആസ്‌ത്രേലിയയുടെ കരുത്തെന്ന് അര്‍ജന്റീന താരം റോഡ്രിഗോ ഡി പോള്‍ പറയുന്നു. ഇരു വിങ്ങുകളിലൂടെ പറക്കുന്ന ക്രെയ്ഗ് ഗുഡ്‌വിന്‍, മാത്യു ലെക്കി എന്നിവര്‍ അപകടകാരികളാണെന്നും ഡി പോള്‍ അഭിപ്രായപ്പെട്ടു.
അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളാണ് സോക്കറൂസിനെ അപകടകാരികളാക്കുന്നതെന്നും ഉയരക്കൂടുതലുള്ള താരങ്ങളും പ്രത്യേകിച്ച് സെന്‍ട്രല്‍ ബാക്കുകളും അവരുടെ കരുത്താണെന്നും അദ്ദേഹം പറയുന്നു. ബോക്‌സിനു സമീപത്തു നിന്ന് ഫ്രീ കിക്കുകള്‍ വഴങ്ങുന്നത് പരമാവധി ഒഴിവാക്കാനും അതിവേഗത്തില്‍ കുതിക്കുന്ന വിംഗര്‍മാരെ തളയ്ക്കാനുമാണ് അര്‍ജന്റീന ഇന്ന് ശ്രമിക്കുകയെന്നും കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലും മുഴുവന്‍ സമയം കളിച്ച ഡി പോള്‍ വിശദീകരിച്ചു. കഴിഞ്ഞ കളിയില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയെങ്കിലും മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയില്‍ തന്നെയാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. 36 മല്‍സരങ്ങളില്‍ പരാജയം രുചിക്കാതെ മുന്നേറിയ അര്‍ജന്റീനയ്ക്ക് സഊദിയില്‍ നിന്നുണ്ടായ ഷോക്ക് ഒഴിച്ചുനിര്‍ത്തിയാല്‍ അവര്‍ ഉജ്വല ഫോമില്‍ തന്നെയാണ്.
ഫ്രാന്‍സിനെതിരേ ആദ്യ കളിയില്‍ ആസ്‌ത്രേലിയ ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം നാലു ഗോള്‍ വഴങ്ങുകയായിരുന്നു. തുണീഷ്യയേയും ഡെന്‍മാര്‍ക്കിനേയും 1-0 മാര്‍ജിനില്‍ തോല്‍പ്പിക്കാനായതോടെ ഫിഫ റാങ്കിങില്‍ 38ാം സ്ഥാനത്തുള്ള അവര്‍ക്ക് അവസാന 16ല്‍ ഇടംപിടിക്കാന്‍ കഴിഞ്ഞു.
ആസ്‌ത്രേലിയയുടെ പ്രകടനത്തില്‍ അദ്ഭുതപ്പെടാനില്ലെന്നാണ് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണിയുടെ അഭിപ്രായം. ലോകകപ്പില്‍ നിരവധി തവണ കളിച്ച ആസ്‌ത്രേലിയയെ ചെറുതായി കാണുന്നില്ലെന്നും ഫുട്‌ബോള്‍ 11 പേര്‍ വീതം അണിനിരക്കുന്ന പോരാട്ടമാണെന്നും അവിടെ എന്തും സംഭവിക്കാമെന്നും സ്‌കലോണി മല്‍സരത്തിനു മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ 80-90 ശതമാനം കാണികളും അര്‍ജന്റീനയെ പിന്തുണയ്ക്കുമെന്നും 974 സ്‌റ്റേഡിയത്തില്‍ പോളണ്ടിനെതിരായ മല്‍സരം പോലെ ആവേശകരമായി മാറുമെന്നും സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയുടെ വിഖ്യാതമായ ജഴ്‌സി ലോകമെമ്പാടുമുള്ള ജനങ്ങളെ ഉന്മാദരാക്കുന്നുവെന്നത് രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."