തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി, മോദിയുടെ സ്വന്തം തട്ടകത്തില്‍ വിജയ് രൂപാണിക്ക് ശേഷം ഇനിയാര്? ബി.ജെ.പിയില്‍ സജീവ ചര്‍ച്ച
ന്യൂഡല്‍ഹി:അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്രതീക്ഷിതമായി ഗൂജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജി ബി.ജെ.പിയെ വലയ്ക്കുന്നു. രാജിക്ക് പിന്നാലെ പകരം സ്ഥാനത്തേക്ക് ആരെന്ന ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.
ഗുജറാത്ത് മാധ്യമങ്ങളും ദേശീയമാധ്യമങ്ങളും നിരവധി നേതാക്കളുടെ പേരാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ബിജെപി ഇത് സംബന്ധിച്ച് സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പട്ടികയില്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കേശുഭായ് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് 2001ല്‍ ആണ് ആദ്യമായി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. പിന്നീട് 2002, 2007, 2012 വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് മോദി മൂന്ന് തവണ കൂടി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതോടെയാണ് 13 വര്‍ഷത്തിന് ശേഷം പുതിയൊരു മുഖ്യമന്ത്രി എത്തിയത്. ആനന്ദി ബെന്‍ പട്ടേലാണ് മോദിയുടെ പിന്‍ഗാമിയായി സ്ഥാനമേറ്റത്.
2017ല്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിജയ് രൂപാണിയെ ആനന്ദി ബെന്‍ പട്ടേലിന് പകരം മുഖ്യമന്ത്രിയാക്കിയിട്ടും ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസ് സഖ്യം നടത്തിയത്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയ സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിന് ശേഷം ആകെ 182 സീറ്റുകളില്‍ 99 എണ്ണം ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 77 സീറ്റുകള്‍ നേടി.
മോദി അമിത് ഷാ സഖ്യത്തിന്റെ തട്ടകത്തില്‍ ജനപിന്തുണയിലെ ഇടിവിന് കാരണം മോദിക്ക് ശേഷം നല്ലൊരു നേതാവില്ലാത്തതാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. പട്ടേല്‍ വിഭാഗത്തിന്റെ പ്രതിഷേധങ്ങളും സീറ്റ് കുറഞ്ഞതിന് കാരണമായി. ഗുജറാത്ത് മോഡല്‍ വികസനം കൊട്ടിഘോഷിച്ച് രാജ്യം മുഴുവന്‍ ബിജെപി തരംഗം സൃഷ്ടിക്കുമ്പോഴും മോദിയുടെ സ്വന്തം തട്ടകത്തില്‍ ഒരു നേതാവിനെ വളര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.
മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ കരുത്ത് ചോരാതിരിക്കാന്‍ ഒരു പുതിയ നേതാവിനെ പാര്‍ട്ടിക്ക് അത്യാവശ്യമാണ്. നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കണമെങ്കില്‍ മുഖം മിനുക്കല്‍ അനിവാര്യമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റേയും വിലയിരുത്തല്‍.
കൊവിഡിന്റെ രണ്ടാംതരംഗം നേരിടുന്നതിലെ പരാജയവും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക ഞെരുക്കവും പരിഹരിക്കാന്‍ സാധിക്കാത്തതും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."