വിഷംചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസ്സുകളും
എ സജീവന്‍
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനോട് വല്ലാത്ത ആദരവ് തോന്നുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഛത്തീസ്ഗഡ് കൈവരിച്ച വന്‍ വികസനം പരിഗണിച്ചല്ല ഈ ബഹുമാനം. തന്റെ നിയന്ത്രണത്തിലുള്ള പൊലിസ് തന്റെ കുടുംബത്തിന് ദോഷകരമാകുന്ന നിയമനടപടിയെടുക്കുമ്പോള്‍ വിലങ്ങുതടിയായില്ല എന്നതിനാലാണ്. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ബാഗേലിന്റെ പിതാവ് നന്ദകുമാര്‍ ബാഗേലിനെതിരേ ഈയിടെ പൊലിസ് കേസെടുത്തു. ബ്രാഹ്മണര്‍ വിദേശത്തുനിന്ന് വന്നവരാണെന്നും അവരെ ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ പ്രവേശിപ്പിക്കരുതെന്നുമാണ് നന്ദകുമാര്‍ ബാഗേല്‍ പ്രസംഗിച്ചത്.
സര്‍വ ബ്രാഹ്മണ സമാജം ഇതിനെതിരേ പരാതി നല്‍കി. സ്വാഭാവികമായും പൊലിസ് ധര്‍മസങ്കടത്തിലാകുമല്ലോ. സാമുദായിക വിരോധമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അത് ഗൗരവമുള്ളതാണ്. പ്രതി, നാടു ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പിതാവും ജനസ്വാധീനമുള്ള നേതാവുമായതിനാല്‍ നടപടിയെടുത്താലും കൈപൊള്ളും. ഈ ഘട്ടത്തിലാണ് ഭൂപേഷ് ബാഗേല്‍ നിലപാട് പ്രഖ്യാപിച്ചത്. ആരും നിയമത്തിന് അതീതരല്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടിക്കു വിധേയനാകണം. തന്റെ പിതാവ് 84 വയസുള്ളയാളാണെന്നും ഭരണസ്വാധീനമുപയോഗിച്ച് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അദ്ദേഹത്തിന് തോന്നിയില്ല. ഇതോടെ പൊലിസിന് ആശ്വാസമായി. അവര്‍ നന്ദകുമാര്‍ ബാഗേലിനെ അറസ്റ്റ് ചെയ്തു. കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു.
ബ്രാഹ്മണരെ ശത്രുക്കളായി കാണണമെന്നും അവരെ തങ്ങളുടെ ഗ്രാമത്തിലേയ്ക്ക് അടുപ്പിക്കരുതെന്നും പറഞ്ഞതൊഴിച്ചാല്‍ നന്ദകുമാര്‍ ബാഗേല്‍ പറഞ്ഞതില്‍ ചരിത്രവസ്തുതയുണ്ട്. ആര്യബ്രാഹ്മണന്മാര്‍ ഭാരതത്തിലെ ആദിമനിവാസികളല്ലെന്നും ഉത്തരധ്രുവപ്രദേശത്തുനിന്നു വന്നവരാണെന്നുമാണ് ബാലഗംഗാധര തിലകനെപ്പോലുള്ള പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുള്ളത്. ധര്‍മാനന്ദ കൊസാംബിയെപ്പോലുള്ളവരുടെ നിഗമനത്തില്‍ അവര്‍ ബാബിലോണില്‍ നിന്നു വന്നവരാണ്. ഏതായാലും ആദിമ ആര്യന്മാര്‍ ദേശാന്തരഗമനം നടത്തിക്കൊണ്ടിരുന്നവരാണെന്നതില്‍ ചരിത്രകാരന്മാരില്‍ നല്ലൊരു വിഭാഗവും യോജിക്കുന്നുണ്ട്. അതേസമയം, ആര്യന്മാര്‍ എങ്ങുനിന്നും വന്നവരല്ലെന്നും ഭാരതമാണ് അവരുടെ ഈറ്റില്ലമെന്നും സ്ഥാപിക്കാനുള്ള ശ്രമം മറ്റൊരു വിഭാഗം ചരിത്രകാരന്മാര്‍ നടത്തുന്നുമുണ്ട്.
അതിലെ വസ്തുതകളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്ത്യയിലുടനീളം ആദിവാസികളും ദലിതരുമടങ്ങുന്ന അവര്‍ണവിഭാഗക്കാര്‍ സവര്‍ണരില്‍ നിന്ന് അതിക്രൂരമായ അവഗണനയും പീഡനവും അനുഭവിച്ചിരുന്നുവെന്നത് വസ്തുതയാണല്ലോ. ഛത്തീസ്ഗഡ് ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ദലിത് പീഡനം ഇന്നും തുടര്‍ക്കഥയാണ്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്റെ പിതാവിനെപ്പോലെ ആദിവാസികളുടെ അവകാശസംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവുമാണ്. എന്നിട്ടും, ജാതിസ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവനയെ ന്യയീകരിക്കാന്‍ അദ്ദേഹം തയാറായില്ല.
ഇവിടെയാണ് പാലാ ബിഷപ്പ് നടത്തിയ അതിഭീകരമായ വര്‍ഗീയ വിഷംചീറ്റലിനെയും അതില്‍ ക്രിസ്ത്യന്‍ സമുദായ നേതാക്കന്മാര്‍ നടത്തിയ കുറ്റകരമായ മൗനത്തെയും ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത ഭരണകൂട ഉദാസീനതയെയും വിലയിരുത്തേണ്ടത്. ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ ശക്തമായി നിലനില്‍ക്കുന്നുവെന്നും അതിനാല്‍ വളരെ കരുതലോടെയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ക്രൈസ്തവവിശ്വാസികളെ ഓര്‍മിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ന്യായീകരിച്ചുകൊണ്ട് ചാനല്‍ചര്‍ച്ചകളില്‍ ചില ക്രൈസ്തവസംഘടനാ നേതാക്കളും പി.സി ജോര്‍ജും രംഗത്തുവന്നു.
പാലാ ബിഷപ്പ് ആവേശത്തില്‍ നടത്തിപ്പോയ പ്രസംഗമല്ല അത്. എഴുതിയ പ്രസംഗം മൈക്കിനു മുന്നില്‍ വായിക്കുകയായിരുന്നു. അപ്പോള്‍ ആ പ്രസംഗം ആലോചിച്ചു തയാറാക്കിയതാണെന്നും ക്രിസ്ത്യാനികളില്‍ മുസ്‌ലിംവിരോധം വളര്‍ത്തണമെന്ന കൃത്യമായ ലക്ഷ്യമുണ്ടായിരുന്നുവെന്നും വ്യക്തം. ആ വിദ്വേഷപ്രസംഗം നടത്തിയശേഷം ഇന്നു വരെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ അപലപിച്ചിട്ടില്ല. പല രാഷ്ട്രീയ നേതാക്കളും മിണ്ടിയിട്ടില്ല, അതിനര്‍ത്ഥം അവരുടെ മനസിലും ഈ അഭിപ്രായം തന്നെയാണ് ഉള്ളതെന്നാണല്ലോ.
ലൗ ജിഹാദിനെക്കുറിച്ച് നേരത്തേ തുടര്‍ച്ചയായി ആരോപണമുന്നയിച്ചത് സംഘ്പരിവാര്‍ നേതാക്കളായിരുന്നു. അമുസ്‌ലിം പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനത്തെയും ഗൂഢപദ്ധതിയുടെ ഭാഗമായി മുസ്‌ലിം ചെറുപ്പക്കാര്‍ പ്രേമത്തില്‍ കുടുക്കി വിവാഹം കഴിച്ചു മതം മാറ്റുകയാണെന്നാണ് അവരുടെ ആരോപണം. ഇതു സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കണ്ടെത്തിയത്. അത്തരം റിപ്പോര്‍ട്ടുകള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതുമാണ്.
രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ അധികമാരും മറന്നുകാണില്ല. മതംമാറ്റാന്‍ പ്രേമിച്ചു വിവാഹം കഴിക്കുന്ന ഒരൊറ്റ സംഭവം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ കുറേക്കാലത്തേയ്ക്ക് സംഘ്പരിവാര്‍ ലൗ ജിഹാദ് ആരോപണത്തില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. പിന്നീട് പൂര്‍വാധികം ശക്തിയോടെ പല സംസ്ഥാനങ്ങളിലും അവര്‍ രംഗത്തുവന്നു. ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കുകയും ചെയ്തു. അതില്‍ ഏറ്റവും തമാശയുള്ളത് മറ്റൊരു മതത്തില്‍ നിന്നു ഹിന്ദുമതത്തിലേയ്ക്കു മാറി വിവാഹം നടന്നാല്‍ അതു ഘര്‍വാപസിയായേ പരിഗണിക്കൂ എന്നതാണ്, വീട്ടിലേയ്ക്കുള്ള മടക്കം!
ലൗ ജിഹാദ് ആരോപണത്തിനും അപ്പുറമുള്ള ആരോപണമാണ് ഇപ്പോള്‍ പാലാ ബിഷപ്പ് നടത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി പതിയെപ്പതിയെ അവരെ മയക്കുമരുന്നിന് അടിമകളാക്കി ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നുവെന്നാണ് ബിഷപ്പിന്റെ ആരോപണം. ഇതിന് തങ്ങളുടെ കൈയില്‍ വേണ്ടത്ര തെളിവുകളുണ്ടെന്ന് പി.സി ജോര്‍ജിനെപ്പോലുള്ളവരും പറയുന്നു. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ ഗുരുതരമായ കുറ്റമാണ്. കര്‍ക്കശവും മാതൃകാപരവുമായ ശിക്ഷ അനിവാര്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് കൈയിലുള്ള തെളിവുകള്‍ എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറുകയാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും കേരളത്തില്‍ ഒരു പൊലിസ് സ്റ്റേഷനിലും സമര്‍പ്പിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രി പോലും ആ യാഥാര്‍ഥ്യം കഴിഞ്ഞദിവസം പറഞ്ഞല്ലോ. ഇത്തരത്തില്‍ ഒരു സംഭവം പോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം കൂടുതലായുണ്ട്. നിരവധി പേര്‍ അതില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ ചെയ്യുന്നത് സാമൂഹ്യവിരുദ്ധതയാണ്. അതിനെ മതവുമായി കൂട്ടിക്കെട്ടരുത്.
അപ്പോള്‍ പാലാ ബിഷപ്പിന്റെയും പി.സി ജോര്‍ജിന്റെയും ലക്ഷ്യമെന്താണ്. ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്‌ലിംകള്‍ക്കിടയിലും ശത്രുത വളര്‍ത്തുക. അങ്ങനെ കേരളത്തെ വീണ്ടുമൊരു വര്‍ഗീയ ഭ്രാന്താലയമാക്കുക. കര്‍ക്കശമായ നടപടി ആവശ്യമായ സംഭവമാണിത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിലപാടു തുറന്നുപറയേണ്ട സമയം. അതിന് എത്രപേര്‍ തയാറാകും. അറച്ചുനില്‍ക്കുന്നവര്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ കണ്ടുപഠിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."